ഞാനും നിങ്ങളും ‘പേരറിയാത്തവര്‍ തന്നെ’ : ഡോ.ബിജു തന്റെ സിനിമാ അനുഭവങ്ങളിലൂടെ…
സുരാജ് വെഞ്ഞാറമൂടിന് നാഷണല്‍ അവാര്‍ഡ് നേടികൊടുത്ത “പേരറിയാത്തവര്‍” എന്ന ചിത്രം ആഗസ്റ്റ് 19ന് തിയെറ്റരുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ‘സൈറയില്‍ തുടങ്ങി കാടുപൂക്കുന്ന നേരം’ വരെ എത്തി നില്ക്കുന്ന സിനിമാ ജീവിത വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന് ഡോ. ബിജു ഓണ്മലയാളത്തോടൊപ്പം…
“പേരറിയാത്തവര്‍” എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത് സുരാജിന് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിലൂടെതന്നെയാണ് , രണ്ടു നാഷണല്‍ അവാര്‍ഡുകളും ഒട്ടേറെ ഇന്റെര്‍ നാഷണല്‍ അവാര്‍ഡുകള്‍ നേടുകയും ലോക സിനിമയില്‍ ഇടം നേടുകയും ചെയ്തു എന്നത് എന്റെ ഈ സിനിമയുടെ ഭാഗ്യമായി കണക്കാക്കുന്നു. ഏകദേശം പതിനഞ്ചോളം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലുകളില്‍ ഈ സിനിമ ഇതുവരെ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. ‘പേരറിയാത്തവര്‍’ സത്യത്തില്‍ നമ്മുടെ പരിസ്ഥിതിയുമായി വല്ലാതെ അടുത്തുകിടക്കുന്ന സിനിമയാണ്. നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന യാദാര്‍ത്ഥ്യങ്ങള്‍ ഞാന്‍ സിനിമയെന്ന മാധ്യമത്തിലൂടെ സമൂഹമനസ്സുകള്ക്ക് കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചു എന്ന് മാത്രം. ഫെസ്റ്റിവെലുകളില്‍ മാത്രം ഒതുങ്ങാതെ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക എന്ന ആശയമാണ് വളരെ ചുരുങ്ങിയ തരത്തിലാണെങ്കിലും ഇപ്പോള്‍ തീയേറ്റര്‍ റിലീസിന് ഒരുങ്ങാന്‍ കാരണമായത്.
സൈറ എന്റെ ആദ്യ സിനിമയാണ് ഏറ്റവും ഒടുവില്‍ ചെയ്തിരിക്കുന്നത് കാട് പൂക്കുന്ന നേരം എന്ന ചിത്രവും. എന്റെ ചുറ്റുപാടുകളാണ് എന്റെ സിനിമ. എനിക്ക് പരിചയമുള്ള ജീവിത സാഹചര്യങ്ങള്‍ , പശ്ചാത്തലങ്ങള്‍, ആളുകള്‍ , യാദാര്‍ത്ഥ്യങ്ങള്‍ എന്നിങ്ങനെയുള്ളവയല്ലാതെ എനിക്കൊരിക്കലും ഒരു കച്ചവട സിനിമയെന്ന് പറയപെടുന്ന വിഭാഗത്തിലേക്ക് കടക്കാന്‍ സാധിക്കില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലൂടെയാണ് ഞാന്‍ സിനിമ ഗൌരവമായി കാണാന്‍ തുടങ്ങുന്നത്. അതുവരെ കണ്ടിട്ടുള്ളത് ചിരിയും, രസവും,ദേഷ്യവും, മസാലകളെല്ലാം നിറഞ്ഞ സിനിമകള്‍ മാത്രമായിരുന്നു. പക്ഷെ ഫെസ്റ്റിവെല്‍ സിനിമകളാണു ലോകമെമ്പാടുമുള്ള സിനിമ വൈവിധ്യങ്ങള്‍ എന്നിലേക്ക് എത്തിച്ചത്. തികച്ചും സാധാരണ ജീവിത കാഴ്ചകള്‍ കാട്ടിത്തരുന്ന സിനിമകള്‍ കുറച്ചുകൂടി നല്ലതായി തോന്നി എന്നുവേണം പറയാന്‍. ഇത്തരം സിനിമകള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നതും ചര്‍ച്ചാവിഷയങ്ങളായി മാറുന്നതും വലിയൊരു കാര്യംതന്നെയാണ്. കലാമൂല്യങ്ങളുള്ള , ആശയമൂല്യങ്ങലുള്ള സിനിമകള്‍ ഒരിക്കലും പ്രാദേശികതയില്‍ തളച്ചിടാന്‍ സാധിക്കില്ല എന്നതും മറ്റൊരു യാഥാര്ത്യമാണ്. അതുകൊണ്ടെല്ലാം തന്നെയാണ് ഇത്തരം സിനിമകള്‍ കാണാനും പ്രേക്ഷകരിലേക്ക് എത്തിക്കാനും ശ്രമിക്കുന്നത്.
ഇതുവരെ ചെയ്ത സിനിമകളില്‍ ‘ വലിയ ചിറകുള്ള പക്ഷികളാ”ണു കുറച്ചു വെല്ലുവിളികള്‍ നേരിടേണ്ടിവന്ന ചിത്രം. മറ്റൊന്നുംകൊണ്ടല്ല, മലയാളത്തില്‍ അത്തരം ഒരു ഡോക്യുഫിക്ഷന് ആദ്യമായി പരീക്ഷിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ജീവിതം പകര്‍ത്തുക എന്നത് ചെറിയൊരു കാര്യമായിരുന്നില്ല. ചിത്രത്തെ പറ്റി ചിന്തിച്ചുതുടങ്ങിയപ്പോള്‍ തന്നെ പ്രതിബന്ധങ്ങള്‍ എത്രത്തോളം ഉണ്ടാകുമെന്നത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയില്‍ കാണിച്ചിരിക്കുന്നതെല്ലാം രോഗം ബാധിച്ചവരെ തന്നെയാണ്. ചിത്രീകരണത്തിനിടെ പലപ്പോഴും മാനസികമായ വിഷമങ്ങള്‍ നേരിടേണ്ടി വന്ന ഒരു ചിത്രം കൂടിയാണ് വലിയ ചിറകുള്ള പക്ഷികള്‍. ഒരു വര്‍ഷമെടുത്ത് ചിത്രീകരിച്ച സിനിമ കൂടിയാണത്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രത ആ ഒരു വര്‍ഷകാലം മുഴുവന്‍ അനുഭവിക്കേണ്ടിവന്നു എന്നുതന്നെ പറയാം. ചാക്കോച്ചന് ( കുഞ്ചാക്കോ ബോബന്) പലപ്പോഴും വല്ലാതെ മാനസികമായി തളര്‍ന്ന അവസ്ഥയില്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരെ വന്നിട്ടുണ്ട്. പിന്നെ മറ്റൊരുകാര്യം ഇന്നും ഞങ്ങള്‍ ആ സിനിമയിലൂടെ അത്തരം രോഗികള്‍ക്ക് ആവശ്യമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നുണ്ട്, ചാക്കോച്ചന്റെ നല്ല രീതിയിലുള്ള ഇടപെടലുകള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.
കാട് പൂക്കുന്ന നേരം എന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിനെ ഭയപ്പെട്ടിരുന്ന കാരണം ചിത്രം കൈകാര്യം ചെയ്യുന്നത് അത്തരം ഒരു വിഷയമാണ്. പക്ഷെ വിചാരിച്ചപോലെ ഒന്നും സംഭവിച്ചില്ല. “രാമന് ” എന്ന ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ ഒരുപാടുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സിനിമാജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല എന്നുതന്നെ പറയാം, അതിനു കാരണം ഞാന്‍ ഈ മേഖലയില്‍ സജീവമല്ല എന്നതുതന്നെയാണ്. എന്റെ സിനിമകള്‍ ചെയ്യുന്നു അതിനുശേഷം എന്റെതായ തിരക്കുകളിലേക്ക് പോകുന്നു എന്നല്ലാതെ സിനിമ മേഖലയില്‍ ഞാന്‍ ഇതുവരെ ഞാന്‍ ഒരു സജീവ സാന്നിദ്ധ്യം അറിയിച്ചിട്ടില്ല എന്നുതന്നെ പറയാം, അതുകൊണ്ടുതന്നെ നേരിടേണ്ടിവന്ന പ്രശ്നങ്ങളും കുറവാണ്. സിനിമ ഒരിക്കലും എന്റെ വ്യക്തി ജീവിതത്തെയോ ജോലിയെയോ ബാധിച്ചിട്ടില്ല . സിനിമ ചെയ്യുമ്പോള്‍ ഡോക്ടര്‍ എന്ന പദവിക്ക് ഒഴിവ് കൊടുക്കാറാണു പതിവ്. പക്ഷെ ഇനി അങ്ങോട്ട് കാര്യങ്ങള്‍ അത്ര സുഖമമാകാന്‍ സാധ്യത കുറവാണു. കാരണം മറ്റൊന്നുമല്ല , ഞാന്‍ തിരഞ്ഞെടുത്ത മെഡിക്കല്‍ മേഖലയില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട ഒരു സാഹചര്യത്തില്‍ എത്തിയിട്ടുണ്ട് എന്നതുതന്നെ.
സിനിമയെ വളരെ ലാഘവത്തോടെ കാണുന്ന ഒരു അവസ്ഥ ഇന്ന് കൂടുതലാണ്. ആനുകാലിക പ്രസക്തിയും, യാതാസ്ഥികതയും , പച്ചയായ ജീവിത കാഴ്ച്ചകളുമൊന്നും ഇന്ന് സിനിമയാകുന്നില്ല എന്നതാണ് പരമാര്‍ത്ഥം. ലോക സിനിമകളില്‍ പുത്തന്‍ തരംഗങ്ങള്‍ ഉണ്ടാകാറുണ്ട് പക്ഷെ നമ്മുടെ മലയാള സിനിമാസംസ്കാരത്തിന്റെ ഭാഗമായി ഇന്ന് പറയപ്പെടുന്ന ന്യൂജെനറേഷന് സിനിമകള്‍ പലപ്പോഴും നിരാശപ്പെടുത്തുന്നതായി തോന്നാറുണ്ട്. തട്ടികൂട്ടു സിനിമകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്. മലയാളികള്‍ ലോക സിനിമകളെപറ്റി ചര്‍ച്ചകള്‍ നടത്തുന്നു, അത്തരം സിനിമകള്‍ കാണുന്നു എല്ലാം ശരിയാണ്, തികച്ചും നല്ല കാര്യം തന്നെ. പക്ഷെ എന്തുകൊണ്ട് മലയാള സിനിമകള്‍ ലോക നിലവാരത്തില്‍ ചര്ച്ചാവിഷയങ്ങളാകുന്നില്ല എന്നത് ആരും ചിന്തിക്കാതെ പോകുന്നു. മലയാള സിനിമ ഇനിയും മെച്ചപ്പെടെണ്ടിയിരിക്കുന്നു എന്നത് നമ്മള് സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു യാദാര്‍ത്ഥ്യമാണ്.
മലയാളത്തില്‍ കലാമൂല്യങ്ങളുള്ള സിനിമ ചെയ്യുക എന്നത് ആത്മഹത്യാപരമായി കണക്കാക്കുന്നു എന്നുതന്നെ പറയാം. അത്തരം സിനിമകള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇവിടെ, പ്രേക്ഷകരയാലും ഭരണകൂടങ്ങളായാലും സിനിമ പ്രവര്‍ത്തകരായാലും കലാമൂല്യങ്ങളുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സ് കാണിക്കണം എന്നാണ് ഒരു സിനിമ പ്രവര്‍ത്തകനെന്ന നിലയിലും ,സിനിമാസ്നേഹി എന്ന നിലയിലും എന്നിക്കെല്ലാവരോടുമായി പറയാനുള്ളത്.
(ഡോ : ബിജു ഓണ്മലയാളത്തിനായി അനുവദിച്ച അഭിമുഖം , പരാമര്‍ശങ്ങള്‍ വ്യക്തിപരം )