ആ മതില്കെട്ടിനുള്ളില് ഞങ്ങള്‍ സുരക്ഷിതരായിരുന്നു..
‘കരിങ്കുന്നം 6s’ ഒരു സിനിമ മാത്രമല്ല , മറിച്ച് ലോകമറിയുന്ന മഹാനായ വോളിബോള്‍ താരം ജിമ്മി ജോര്‍ജ്ജിനോടുള്ള സ്നേഹവും ആരാധനയും കൂടിയാണ് .’കരിങ്കുന്നം 6s’ എന്ന ചിത്രത്തില്‍ വാസുദേവനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സന്തോഷ് കീഴാറ്റൂര്‍ ചിത്ത്രത്തിന്റെ വിശേഷങ്ങളുമായി ഓണ്‍ മലയാളത്തോടൊപ്പം...
‘കരിങ്കുന്നം 6s’ എന്ന സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല , ലോകശ്രദ്ധ പിടിച്ചുപറ്റിയ മഹാനായ വോളിബോള്‍ താരം ജിമ്മി ജോര്‍ജ്ജിനോടുള്ള സ്നേഹമാണ് ഈ സിനിമ. വോളിബോള്‍ കളിച്ചിട്ടുണ്ട് പക്ഷെ ഒരു വോളിബോള്‍ ആരാധകന് മാത്രമായിരുന്നു ഈ സിനിമ തുടങ്ങുംവരെ ഞാന്‍. ദീപു ചേട്ടന് ( സംവിധായകന് – ദീപു കരുണാകരന് ) ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ പോകുന്നു, സന്തോഷ് ഉണ്ടാകുമെന്ന് പറഞ്ഞു വിളിച്ചപ്പോള്‍ വോളിബോള്‍ എന്ന കളിയെ ഇത്രത്തോളം ഉയര്‍ത്തികാട്ടുന്ന ഒരു ചിത്രമായിരിക്കുമെന്ന് വിചാരിച്ചിരുന്നില്ല . സത്യത്തില്‍ ചിത്രീകരണ സമയത്ത് ഞങ്ങള്‍ അഭിനയിക്കുകയായിരുന്നില്ല മുഴുവന്‍ ഊര്‍ജ്ജവും സംഭരിച്ച് ശെരിക്കും കളിക്കുകയായിരുന്നു. ഈ സിനിമയുടെ കഥ എന്നോട് ദീപു ചേട്ടന് പറയുന്നതുപോലും കുറെ വൈകിയാണ് . പക്ഷെ അതുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും ഒരു സ്മാഷിലൂടെ പൊളിച്ചടുക്കികൊണ്ടാണ് ദീപു ചേട്ടന് കഥ പറഞ്ഞത് .
പലപ്പോഴും നമ്മള് പറയാറുണ്ട് ഗ്യാലറിയില്‍ ഇരുന്ന് കളികാണും പോലെ അല്ല ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നതെന്ന് , സത്യത്തില്‍ മലയാളത്തില്‍ ഇങ്ങനെ ഒരു സിനിമ എന്റെ ഓര്‍മയില്‍ ഇതാദ്യമാണ്. ഒരു കായിക ഇനം സിനിമയില്‍ മുഴുനീളം പ്രേക്ഷകരുടെ കൈയ്യടികള്‍ നേടുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടായിട്ടില്ല . ‘കരിങ്കുന്നം 6s’ കുറെ കഥാപാത്രങ്ങള്‍ അരങ്ങുകൊഴിപ്പിക്കാന് ശ്രമിച്ച ഒരു ചിത്രമല്ല , ഒരുപാട് സ്വപ്നങ്ങളും ആവേശവും ആകാംഷയും പകരുന്ന ജീവനുള്ള ഒരു സിനിമയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ ചിത്രം വലിയൊരു അനുഗ്രഹമാണ് . ദീപു ചേട്ടന് സംവിധാനം ചെയ്യുന്ന ചിത്രം , അനൂപ് മേനോന് , മഞ്ജുവാര്യര്‍ ,കരമന സുധീര്‍ , ബൈജു , സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി തുടങ്ങി ഒരുപാട് അനുഗ്രഹീത ആര്‍ട്ടിസ്റ്റുകളുടെ (എല്ലാരുടെയും പേരെടുത്ത് പറയുന്നില്ല) കൂടെ നല്ല ഒരു വേഷം ചെയ്യാന്‍ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹം തന്നെയാണ്.
‘കരിങ്കുന്നം 6s’ന്റെ കഥ ഒരിക്കലും പ്രവചിക്കാന്‍ പറ്റാത്ത തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്, ഓരോ സന്ദര്‍ഭത്തിലും ഇനിയെന്ത് എന്ന ആകാംഷ മുഴുനീളം ഒളിഞ്ഞിരിക്കുന്നുണ്ട്. വോളിബോളെന്ന കായിക ഇനം എന്റെ ഓര്‍മയില്‍ ഗ്രാമപ്രദേശങ്ങളില്‍ ചെറുപ്പക്കാരുടെ കൂട്ടായിമകളുടെ കളിയാണ് . പകൽ മുഴുവന്‍ ജോലി ചെയ്ത് എത്തുന്ന ആളുകള്‍ വൈകുന്നേരങ്ങളില്‍ മൈതാനത്ത് ഒത്തുകൂടി വളരെ ആവേശത്തോടെ കളിച്ചിരുന്ന ഒരുകളിയുടെ യഥാര്‍ത്ഥ രൂപം ആകര്‍ഷകമായ തരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്പിലെത്തിക്കാന് സാധിച്ചു എന്നത് സിനിമയുടെ വിജയം തന്നെയാണ്. സത്യന് അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ ചെറിയൊരു റോളില്‍ ഉണ്ടായിരുന്നെങ്കിലും മഞ്ജു വാര്യരുടെ കൂടെ ഇത്രയധികം കോമ്പിനേഷന്‍ സീനുകള്‍ ചെയ്യാന്‍ ലഭിച്ച അവസരംകൂടിയാണ് എനിക്ക് ഈ സിനിമ. അതുപോലെത്തന്നെ അനൂപ് മേനോന്, വിക്രമാദിത്യന് എന്ന ചിത്രത്തില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ മനോഹരമായ കഥാപാത്രം പ്രേക്ഷകരെയും കാത്ത് തീയെറ്ററുകളില് നില്‍ക്കുന്നുണ്ട് എന്നത് ഈ സിനിമയുടെ ഒരു സസ്പെന്‍സ് ആയിത്തന്നെ ഇരിക്കട്ടെ.
പൂജപ്പുര സെന്‍ട്രല്‍ ജെയില്‍ പലപ്പോഴായി സിനിമകളില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ജെയിലിനുള്ളിലെ കാഴ്ച്ചകള്‍ എനിക്കൊരു സ്വപ്നം മാത്രമായിരുന്നു. പക്ഷെ ‘കരിങ്കുന്നം 6s’ ന്റെ മര്‍മ്മ പ്രധാന ചിത്രീകരണങ്ങള്‍ നടന്നത് പൂജപ്പുര സെന്‍ട്രല്‍ ജെയിലിനുള്ളിലായിരുന്നു. ചിത്രീകരണ സമയങ്ങളില്‍ എനിക്ക് വലിയ അതിശയമാണ് ഉണ്ടായത്. കാരണം , ഞങ്ങളുടെ യൂണിറ്റില്‍ മഞ്ജു വാര്യരല്ലാതെ സ്ത്രീകളാരും ഉണ്ടായിരുന്നില്ല. കേട്ടറിഞ്ഞ കാര്യങ്ങള്‍ വെച്ച് ജെയിലിനുള്ളില്‍ എന്ത് അന്തരീക്ഷമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഭയന്നിരുന്നെങ്കിലും അവിടുത്തെ അന്തേവാസികള്‍ അത്ഭുതങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. മോശമായൊരു കമന്റടിയൊ , തെറ്റായ തരത്തിലൊരു പെരുമാറ്റമോ ഞങ്ങളില്‍ ആര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നില്ല..
ഒരുതരത്തില്‍ ജയിലിലെ അന്തയവാസികള്‍ പുറത്ത് മാന്യതയുടെ മുഖം മൂടി ധരിച്ചുനടക്കുന്നവരേക്കാള് പതിന്മടങ്ങ് മനസ്സില്‍ നന്മ സൂക്ഷിക്കുന്നവരാണ്. സാഹചര്യംകൊണ്ട് മാത്രം അവിടെ എത്തിപ്പെടാന്‍ വിധിക്കപെട്ടരാണ് അവിടെയുള്ളവരില്‍ ഭൂരിപക്ഷവും. ഒരുപാട് സ്വപ്നങ്ങളും , ആഗ്രഹങ്ങും മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരുപറ്റം നന്മ നിറഞ്ഞ മനസ്സുകളെ എനിക്ക് ജയിലില്‍ കാണാന്‍ സാധിച്ചു. ഒരുതരത്തില്‍ ആ വലിയ മതില്കെട്ടിനുള്ളില് ഞങ്ങള്‍ പുറത്തുള്ളതിനേക്കാള്‍ സുരക്ഷിതരായിരുന്നു എന്നുതന്നെ പറയാം.
ഞാന്‍ വാസുദേവനെന്ന ജയില്‍ പുള്ളിയായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഒരു കച്ചവട സിനിമ എന്നതിലുപരി ഈ സിനിമ ജിമ്മി ജോര്‍ജ്ജെന്ന പ്രതിഭാശാലിക്കായുള്ള ഒരു സമര്‍പ്പണം കൂടിയാണ്. എന്നും നന്മയും പുതുമയും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുന്ന മലയാളി, ‘കരിങ്കുന്നം 6s’ മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടുന്ന തരത്തിലേക്ക് പിടിച്ചുയര്ത്തുമെന്ന് വിശ്വസിക്കുന്നു .