ലൈംഗികതയല്ല എന്റെ സിനിമ : സംവിധായകന് ” ജയന് ചെറിയാന് “
“ഉട്ത്താപഞാബ്, കഥകളി, കമ്മട്ടിപ്പാടം”എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ ഉണ്ടാവുകയും, തുടര്‍ന്ന് റദ്ദാക്കുകയും ചെയ്ത ‘കാ ബോഡി സ്കേപ്സ്’ എന്ന ചിത്രത്തിന്റെ ഉള്ളടക്കവും യാഥാസ്ഥികതയും തുറന്നു പറഞ്ഞുകൊണ്ട് സംവിധായകന് ജയന് ചെറിയാന് ഓണ്മലയാളത്തിലൂടെ സമൂഹത്തോട് സംസാരിക്കുന്നു…
2016 ഏപ്രിലില്‍ സ്ക്രീനിങ്ങിന് വെച്ച ‘ കാ ബോഡി സ്കേപ്സ് ‘ എന്ന എന്റെ സിനിമ രണ്ടുമാസത്തിനു ശേഷം ജൂലൈ ല്‍ സ്ക്രീനിങ്ങിന് പരിഗണിച്ചത്തിന്റെ പിന്നില്‍തന്നെ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. കമ്മിറ്റിക്ക് പലതവണ കത്തയച്ചതിന്റെയും, നിരന്തരം ബന്ധപെട്ടതിന്റെയും ഫലമായിട്ടാണ് സര്ട്ടിഫിക്കേഷന് ബോര്‍ഡ് ജൂലൈ15 ന് ചിത്രം സ്ക്രീനിങ്ങിന് പരിഗണിച്ചത്. പക്ഷെ കമ്മിറ്റിക്ക് മുന്നില്‍ എത്തുന്ന സിനിമകള്‍ കണ്ടതിനുശേഷം സര്‍ട്ടിഫൈ ചെയ്യാന്‍ മാത്രം അധികാരമുള്ള സര്ട്ടിഫിക്കേഷന് ബോര്‍ഡ് – കമ്മിറ്റി എന്റെ സിനിമ റദ്ദു ചെയ്യുകയാണുണ്ടായത്. മുന്നിലെത്തുന്ന സിനിമകള്‍ കണ്ട്, അവ ഏതു തരം പ്രേക്ഷകര്‍ക്ക് കാണാന്‍ അനുയോജ്യമാണെന്ന് വിലയിരുത്തി, സര്‍ട്ടിഫൈ ചെയ്യാന്‍ മാത്രം ചുമതലയുള്ള ബോര്‍ഡിന്റെ ഈ തീരുമാനം എന്നെ അത്ഭുതപ്പെടുതുകയാണ്. എന്തിനും ഏതിനും ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന മുറവിളി കൂട്ടുന്ന നമ്മുടെ സമൂഹത്തില്‍ സിനിമകള്‍ക്ക് മാത്രം ഇത്തരം അതിര് വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരാണ് ? ഒന്ന് വിരലമര്‍ത്തിയാല്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്തും മുന്നില്‍ തെളിയുന്ന കാലത്തും ഇത്തരം പ്രാകൃത ന്യായങ്ങളും നിയമങ്ങളും പറഞ്ഞ്, വളരെ ബുദ്ധിമുട്ടി പലതരം യാതനകള്‍ സഹിച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ തഴയുന്നത് തീര്‍ത്തും അപലപനീയമാണ്.
ഒരു ചിത്രകാരന്റെ കഥ പറയുന്ന ഈ സിനിമ ഒരിക്കലും സമൂഹത്തിന് ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതോ, പൂര്‍ണ്ണമായും കെട്ടിച്ചമച്ചതോ ആയ ഒരു ആശയമല്ല പറയാന്‍ ശ്രമിക്കുന്നത്. നമുക്ക് ചുറ്റും നടക്കുന്നതും, നമ്മള് കാണുന്നതുമായ ചില കാഴ്ച്ചകള്‍ ഞാന്‍ കോര്‍ത്തിണക്കി എന്നുമാത്രം. കോഴിക്കോട് പശ്ചാത്തലമാക്കി ചിത്രീകരിച്ച ചിത്രം, എല്‍.ജി.ബി.ടി. ആക്ടിവിസ്റ്റും ചിത്രകാരനുമായ ഒരു വ്യക്തി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ ഊന്നികൊണ്ടാണ് പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ചിത്രകാരന് ഒരു സ്വവര്‍ഗ്ഗ പ്രണയിയാണ്, അയാളുടെ പങ്കാളി നാട്ടിന്‍പുറത്തെ ഒരു കബഡി കളിക്കാരനായ ചെറുപ്പക്കാരനും. സ്വവര്‍ഗ്ഗ പ്രണയത്തിനെ എതിര്‍ത്തുകൊണ്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കെതിരെ ചിത്രപ്രദര്‍ശനം നടത്തുന്ന ചിത്രകാരന്റെ മാനസിക ചിന്താ വ്യതിയാനങ്ങല്ക്കനുസരിച്ച്, അയാള്‍ തന്റെ പങ്കാളി നഗ്നനായി നിയമപുസ്തകങ്ങള്‍ ചുമന്നുകൊണ്ടുപോകുന്ന ഒരു ചിത്രം വരയ്ക്കുന്നു, ഈ ചിത്രമാണ് സര്ട്ടിഫിക്കേഷന് ബോര്‍ഡ് ഹിന്ദു പുരാണത്തിലെ കഥാപാത്രമായ ഹനുമാനെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് വാദിച്ചിരിക്കുന്നത്. സത്യത്തില്‍ സിനിമയില്‍ കാണിച്ചിട്ടുള്ള പടം പ്രശസ്ത്ത ചിത്രകാരന് എം.എം. മന്ജ്ജേഷ് വരച്ചതാണ്. ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമെന്നല്ലാതെ അല്ലെങ്കില്‍ ഒരു ചിത്രകാരന്റെ ആശയാവതരണം എന്നല്ലാതെ ഹിന്ദു മതത്തെ അവഹേളിക്കുന്ന തരത്തിലോ..ഹനുമാനെ അവഹേളിക്കുന്ന തരത്തിലോ ഒന്നും തന്നെ ഇല്ല എന്നാണു ഞാനുള്‍പ്പെടെ ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒന്നടങ്കം പറയാനുള്ളത്. ഇനി ഈ ചിത്രം പ്രദര്ശനത്തിനെത്തണമെങ്കില് നമ്മുടെ നിയമ വ്യവസ്ത്തയെ സമീപിക്കുകയല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല എന്നതും വാസ്തവമാണ്.
കാ ബോഡി സ്കെപ്സ് എന്ന സിനിമയില്‍ എവിടെയാണ് ലൈംഗികതയുടെ അതിപ്രസരമെന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. എന്താണ് ലൈഗികതയെന്ന് മനസ്സിലാക്കാത്തവരാണ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതെന്നുവേണം മനസ്സിലാകാന്‍. ഈ സിനിമയില്‍ ശാരീരിക ബന്ധമോ , ചെവിപൊത്തും തരത്തിലുള്ള സംഭാഷണങ്ങളോ എന്തിന് ഒരു ചുംബനം പോലും കാണിക്കുന്നില്ല. നമ്മുടെ സമൂഹത്തില്‍ നടന്ന ഫെമിനിസ്റ്റ് സമരങ്ങള്‍ , അത്തരം സമരങ്ങളുടെ ഉദ്ദേശ ശുദ്ധിയും തീവ്രതയും ചോര്‍ന്നുപോകാതെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് ഒരു സംവിധായകനും തിരകഥാകൃത്തും എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ സ്ത്രീകളെ വിവസ്ത്രരാക്കി , അവര്‍ക്ക് ആര്‍ത്തവ കാലമാണോ എന്ന് പരിശോധിച്ചില്ലേ? എന്തുണ്ടായി??? സമാനമായ ഒരു സാഹചര്യം ഞാന്‍ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. ആര്ത്തവമതിയാണോ എന്നറിയാന്‍ ദേഹപരിശോധന നടത്തിയതിന് എതിരെ ഒരു പെണ്‍കുട്ടി സമരം ചെയ്യുന്നു, ആ സമരത്തില്‍ അവളോടൊപ്പം കുറച്ച് ആക്റ്റിവിസ്റ്റുകള്‍ പങ്കെടുക്കുന്നു. സമരത്തില്‍ ഉപയോഗിച്ചിരിക്കുന്ന ബോര്‍ഡുകളും , വാക്യങ്ങളും ” ഞങ്ങളുടെ ശരീരം ഞങ്ങള്‍ക്ക് മാത്രം അവകാശപെട്ടതാനെന്നു ” സൂചിപിക്കുന്നതുമാണ്. അതുപോലെതന്നെ സിനിമയിലെ ചിത്രകാരന് വരക്കുന്നത് പൂര്‍ണമായും പുരുഷ സ്വഭാവമുള്ള അല്ലെങ്കില്‍ പുരുഷന്മാരുമായി ബന്ധമുള്ള ചിത്രങ്ങളാണ്. എനിക്ക് തോന്നുന്നത് ഇതുകൊണ്ടൊക്കെയാകം ലൈംഗികതയുടെ അതിപ്രസരം എന്നൊക്കെ പറയുന്നതെന്ന്.
സെന്‍സര്‍ ബോര്‍ഡിന് വ്യക്ത്തമായൊരു രാഷ്ട്രീയമുണ്ട്, അതനുസരിച്ച്മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഫ്യൂഡല്‍വ്യവസ്ഥയുടെ അതിപ്രസരം ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഉടനീളം കാണാം. സമൂഹം സിനിമയെന്ന മാധ്യമത്തിലൂടെ എന്ത് കാണണമെന്ന് തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് / സര്ട്ടിഫിക്കേഷന് ബോര്‍ഡിന്റെ പരിധിയിലുള്ള കാര്യമല്ല. പ്രദര്‍ശനത്തിനെത്തുന്ന സിനിമകള്‍ ഏതു തരത്തില്‍ പെടുന്നവയാണെന്ന് പ്രേക്ഷകരെ സര്ട്ടിഫിക്കെഷനിലൂടെ അറിയിക്കുക എന്നുള്ളതാണ് ബോര്‍ഡിന്റെ ധര്‍മ്മം. നഗ്നത അല്ലെങ്കില്‍ ലൈംഗികത ആസ്വദിക്കണമെങ്കില്‍ ഇന്ന് വളരെ എളുപ്പമാണ്. യഥാര്‍ത്ഥത്തില്‍ സിനിമ കണ്ടതുകൊണ്ട് വഴിതെറ്റി പോകുമെന്ന സമൂഹത്തിന്റെ മിഥ്യ ധാരണ മാറ്റിയെടുക്കെണ്ടുന്ന ഒന്നാണ്. കലാമൂല്യങ്ങളുള്ള സിനിമകള്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മേഖലയാണ്. മലയാള സിനിമയുടെ അവസ്ഥാന്തരം എന്താണെന്ന് വെച്ചാല്‍, ഒരു കൂട്ടം ആളുകളാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതും, ആ തീരുമാനങ്ങല്ക്കനുസരിച്ചാണ് കാര്യങ്ങള്‍ നടന്നുപോകുന്നതും..ഇത്തരം ഉള്രാഷ്ട്രീയങ്ങള് ചോദ്യം ചെയ്യാനും എതിര്‍ക്കാനും ഇനിയും ആരും മുതിരുന്നില്ല. ഒരു ചിത്രകാരന്റെ സൃഷ്ടിയെ വളച്ചൊടിച്ച് ഹിന്ദുമതമായും ഹനുമാനായും താരതമ്യം ചെയ്ത് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത്, ഹൈന്ദവ ആചാര പ്രകാരം പരമശിവനെ ആരാധിക്കുന്നത് ലിംഗരൂപത്തിലാണ് . സമൂഹത്തിന് അതുകൊണ്ട് യാതൊരു പ്രശ്നങ്ങള്‍ ഉള്ളതായും എന്റെ അറിവില്‍ ഇല്ല. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ ” യക്ഷി ” എന്ന ശില്‍പ്പം സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതായി എനിക്കറിവില്ല.. പിന്നെന്തിന് സിനിമയെന്ന മാധ്യമത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതിനെ ഇത്രത്തോളം ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുന്നു? തീര്‍ത്തും ജനാധിപത്യ വിരുദ്ധം തന്നെയാണ് ഇത്തരം പ്രവണതകള്‍.
നമ്മുടെ സമൂഹം ഇന്നും ഒരു ഫ്യൂഡല്‍ മനോഭാവത്തിന്റെ ചുഴിയില്‍ പെട്ടുകിടക്കുകയാണ്. ബ്രിട്ടിഷുകാര്‍ ഇവിടം വിട്ടു പോയിട്ടും , അവരുപേക്ഷിച്ച്പോയ പല വ്യവസ്ഥകളും ഇന്നും നമ്മളില്‍നിന്ന് ഒരുപരിധിവരെ വിട്ടകന്നിട്ടില്ല എന്നുതന്നെ പറയാം. ഹൈന്ദവനെയും ക്രൈസ്തവനെയും മുസല്മാനെയും വേര്‍തിരിക്കാനും അവഹേളിക്കാനും സിനിമയെന്ന മാധ്യമം ഒരിക്കലും ആരും ഉപയോഗിക്കില്ല, പക്ഷെ വ്യക്തമായ രാഷ്ട്രീയ ഉന്നംവെച്ച് സമൂഹത്തിന് എതിരെ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യങ്ങളെ തുറന്നുകാട്ടാനും വിളിച്ചുപറയാനും സിനിമാ മേഖല ഉപയോഗിക്കാം എന്നാണ് ഒരു പ്രേക്ഷകന് എന്ന നിലയിലും , സിനിമ പ്രവര്‍ത്തകനെന്ന നിലയിലും എന്റെ കാഴ്ച്ചപ്പാട്. ലോക സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുകയും പ്രദര്‍ശനത്തിന് എത്തിക്കുകയും ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യന്‍ സിനിമകളില്‍ മലയാള സിനിമ ഇന്ടസ്റ്രിക്ക് വലിയ സ്ഥാനമാനുള്ളതും. ഏറ്റവും കൂടുതല്‍ ആശയപരമായ,കലാമൂല്യങ്ങലുള്ള സിനിമകള്‍ നിര്മ്മിക്കപെടുന്ന മലയാള സിനിമ ഇന്ടസ്ട്രിയിലാണ് മനോഹരമായി സിനിമകള്‍ ചെയ്യുന്ന സംവിധായകരും എഴുത്തുകാരുമൊക്കെ ഉള്ളതും. പക്ഷെ യുവ പ്രതിഭകള്‍ക്കും , വളരെ താഴെക്കിടയില്‍നിന്നും ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നവര്‍ക്കും സി.ബി.എഫ്.സി. പോലുള്ള മേഖലകളില്‍ നിന്നും നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ഇനിയെങ്കിലും പരിഹരിക്കാന്‍ ബന്ധപെട്ടവര്‍ വേണ്ടും വിധം പ്രവര്‍ത്തിക്കണമെന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധികുന്നുള്ളു.