ചുറ്റിലും പരുക്കമായ പെരുമാറ്റങ്ങള്‍ നേരിട്ട കാലമുണ്ടായിരുന്നു : ഇപ്പോള്‍ ഞങ്ങള്‍ക്ക് കൃത്യമായ ഇടം ലഭിച്ചുതുടങ്ങി
മലയാളസിനിമയില്‍ വ്യക്തമായ മാറ്റം കണ്ടുതുടങ്ങിയെന്ന് ഹണി റോസ്. കുറച്ച് കാലം മുന്‍പ് വരെ ടെക്നീഷ്യന്മാരുടെ ഭാഗത്ത് നിന്നുപോലും പരുക്കമായ സമീപനമാണ് സ്ത്രീകള്‍ അനുഭവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറുന്നു. കത്യമായ ഒരു ഇടം സിനിമാ മേഖലയില്‍ ഇന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. സ്ത്രീകള്‍ മെല്ലെ തങ്ങളുടെ ഇടങ്ങളിലൂടെ സിനിമയില്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ കാസ്റ്റിംഗ്കൗച്ച് ഇപ്പോഴും ഉണ്ട്. പലതരം സ്വഭാവത്തിലുള്ള മനുഷ്യര്‍ ഒരുമിച്ച് ജോലിചെയ്യുന്ന മേഖലയാണ് സിനിമ. ലൈംഗീക ചുവയോടെയുള്ള സംസാരങ്ങള്‍ ഞാനും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ഓരോ ആളുകളുടെയും ഇടപെടല്‍ രീതി വ്യത്യസ്തമാണ്. എന്റെ തുടക്കകാലത്ത് മാതാപിതാക്കള്‍ എപ്പോഴും കൂടെയുണ്ടാവുമായിരുന്നു. അതുകൊണ്ട് തന്നെ കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിട്ടുണ്ടായിട്ടില്ല. പുതുമുഖങ്ങളായി വരുന്നവര്‍ക്ക് നേരെയാണ് ദുരുപയോഗം കൂടുതലായി ഉണ്ടാകുന്നതെന്ന് കരുതുന്നു. അവിടെ ഒരു തീരുമാനം എടുക്കാന്‍ സാധിച്ചാല്‍ പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അങ്ങനെ സിനിമകള്‍ ചെയ്യുന്നില്ലെന്ന തീരുമാനം മാത്രം മതി പിന്നെ ആരും സമീപിക്കാതിരിക്കാന്‍. ശക്തമായ തീരുമാനങ്ങളുണ്ടെങ്കില്‍ പിന്നെ ഒരു പ്രശ്നവും ഈ മേഖലയില്‍ ഇല്ല. എന്നെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം ഈ മേഖലയിലുണ്ട്. പരിചയസമ്പന്നയായ അഭിനേതാവെന്ന നിലയില്‍ ഞാന്‍ ഇത്തരം സംഭവങ്ങളൊന്നും അഭിമുഖീകരിക്കാതെ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നും ഹണി റോസ് പറഞ്ഞു.
നടിയെ അക്രമിച്ച ശേഷം മലയാളസിനിമാ മേഖലയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ അവര്‍ തന്നെ മുന്‍കയ്യെടുത്ത് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതും സര്‍ക്കാര്‍ ഇടപെട്ട് ഹേമ കമ്മീഷനെ നിയമിച്ചതും 2017 മുതല്‍ സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
അമ്മ അംഗം എന്നതിനപ്പുറം 15 വര്‍ഷത്തെ അഭിനയപരിചയം വെച്ചാണ് മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഹണി റോസ് ടൈം ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിച്ചത്.