പച്ചക്കുളവും ചുവന്ന ചാമ്പങ്ങയും.. ജിലുവിന്റെ ലോക്ക് ഡൗണ്‍ അടിപൊളിയാണ്..
ലോക്ക്ഡൗണ്‍ എല്ലാവര്ക്കും പലവിധത്തിലുള്ള അനുഭവങ്ങളാണ്. പ്രതീക്ഷിക്കാതെ ലഭിച്ച സമയവും എന്ത് ചെയ്യണമെന്നറിയാത്ത ദിവസങ്ങളുമാണ് ലോക്ക്ഡൗണ്‍ സമ്മാനിക്കുന്നത്. നടി ജിലു ജോസഫിന്റെ ലോക്ക്ഡൗണ്‍ കാലം ഏവരെയും കൊതിപ്പിക്കുന്നതാണ്. ശരിക്കും അതൊരു തിരിച്ചുപിടിത്തമാണ്.
ദുബായില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലേക്ക് ഓടിയെത്തുന്ന പതിവുണ്ട് ജിലുവിന്. സിനിമയിലാരിക്കുമ്പോഴും തിരക്ക് കഴിഞ്ഞാല്‍ നേരെ വീട്ടിലേക്കാണ്. കുമളിയിലെ വീടുമായി ഭയങ്കര അടുപ്പത്തിലാണ് താനെന്ന് നടി പറയുന്നു.

“കൊറോണ വാര്‍ത്തകള്‍ വന്ന് തുടങ്ങുമ്പോള്‍ എറണാകുളത്തായിരുന്നു. രണ്ട് ചേച്ചിമാരോടൊത്ത് നേരെ കുമളിയിലെ വീട്ടിലേക്ക് വന്നു. അങ്ങനെ ലോക്ക്ഡൗണിന് രണ്ട് ദിവസം മുന്‍പ് തന്നെ ചേച്ചിമാരോടൊത്ത് വീട്ടിലെത്തി. അതില്‍ ഇപ്പോള്‍ അതിയായി സന്തോഷിക്കുന്നു. കാരണം, വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആണെന്നൊന്നും എനിക്ക് തോന്നുന്നേയില്ല. എപ്പോഴും വീട്ടിലിരുന്ന് ചെയ്യുന്നതൊക്കെയാണ് ഇപ്പോഴും ചെയ്യുന്നത്.”
സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ് ജിലു ജോസഫ്. ഇന്‍സ്റ്റഗ്രാമിലാണ് കൂടുതല്‍ സമയവും. ക്രിയേറ്റീവ് ആയവ കാണുക, സിനിമ കാണുക, പുസ്തകം വായിക്കുക എന്നിവയാണ് സ്ഥിരം ഹോബി. അത് ഇപ്പോഴും തുടരുന്നതായി നടി പറഞ്ഞു.
“എന്റെ വീടിന്റെ പിറകില്‍ നൂറേക്കറോളം സ്ഥലം ഉണ്ട്. നമ്മുടേത് അല്ലെങ്കിലും ചെറുപ്പം മുതലേ അവിടെയാണ് ഞാന്‍ ചിലവഴിക്കാറുള്ളത്. ഒരു ചെറിയ കുളമുണ്ട് അവിടെ. വെള്ളം പച്ചക്കളറില്‍ മാടിവിളിക്കും അവിടേക്ക്. അതിന് കരയിലായി നാല് ചാമ്പങ്ങാമരം ഉണ്ട്. ഏപ്രില്‍, മെയ് മാസം ചാമ്പങ്ങ പഴുക്കുന്ന സമയം ആണല്ലോ. നല്ല പച്ചക്കുളത്തിലോട്ട് ചുവപ്പ് ചാമ്പങ്ങ ഇങ്ങനെ വീണ് കിടക്കും. അവിടെ പോയി എത്ര നേരം വേണമെങ്കിലും എനിക്ക് ഇരിക്കാം. ഒരു ബോറഡിയോ ഒന്നും ഇല്ല. പറമ്പിലിറങ്ങി നടക്കുക എന്നത് തന്നെ വലിയ കാര്യമായിട്ടാണ് തോന്നുന്നത്. കൊച്ചിയിലെ സുഹൃത്തുക്കളൊക്കെ ഫ്ളാറ്റില്‍ കഴിയുമ്പോഴാണ് എനിക്ക് ഇങ്ങനെ പറമ്പിലൊക്കെ നടക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് ഇതൊരു ലോക്ക്ഡൗണായി എന്നെ ബാധിച്ചിട്ടില്ല.”

ഏവരെയും കൊതിപ്പിക്കുന്ന കുളത്തിന്‍കരയിലെ ചാമ്പങ്ങകളുടെ ഫോട്ടോ ജിലു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു. അത് കണ്ടാല്‍ അവിടെ വരെ ഒന്ന് പോയി വരാന്‍ ആരും ആഗ്രഹിക്കും. ഏറെ സമയവും നടി ചിലവഴിക്കുന്നത് ഇവിടെയാണ്. ഒരുപക്ഷെ മറ്റ് അഭിനേതാക്കള്‍ക്കൊന്നും ലഭിക്കാത്ത ഒരു ഭാഗ്യം എന്ന് തന്നെ പറയാം.
സാരി ആരാധികയായ ജിലു മമ്മിയുടെ മന്ത്രകോടിയില്‍ തുടങ്ങി ഓരോ സാരികളും എടുത്ത് ഉടുത്ത് നോക്കുകയാണ് ഇപ്പോള്‍. ഇനിയുള്ള ദിവസങ്ങളില്‍ പാചകത്തിലേക്ക് കൂടി കടന്നുനോക്കാമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
ജിലു ജോസഫിന്റെ അനുഭവങ്ങള്‍ അവരെ സംബന്ധിച്ച് സാധാരണമാണ്. സ്ഥിരം കാണുന്ന വീടും കുളവും ചാമ്പങ്ങാ മരവും. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് ഒരു എത്തിനോട്ടമാണ്. നാട്ടിലേക്കും, ഗ്രാമീണ ഭംഗിയിലേക്കും, ചുറ്റുപാടുകളിലേക്കുമുള്ള എത്തിനോട്ടം.