‘ഡിവോഴ്സ്’ ആണ് എന്റെ സിനിമ.. ആറ് സ്ത്രീകളുടെ കഥയാണ് ഇത്..
വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ ധനസഹായം നല്കുന്ന പദ്ധതിക്ക് വനിതാ ദിനത്തില്‍ തുടക്കമായി. ഒരു സിനിമയ്ക്ക് ഒന്നര കോടിയാണ് ധനസഹായം നല്‍കുക. താരാ രാമാനുജം, മിനി ഐ ജി എന്നീ രണ്ട് സംവിധായികമാരുടെ തിരക്കഥകളാണ് പദ്ധതിയില്‍ തെരഞ്ഞെടുത്തത്.
പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ഒന്നര കോടി ഉപയോഗിച്ച് ഡിവോഴ്സ് എന്ന തിരക്കഥയാണ് ഐ ജി മിനി സിനിമയാക്കുന്നത്. മിനി ഓണ്മലയാളത്തോട് സംസാരിക്കുന്നു..

“സിനിമയില്‍ ലാല്‍ജോസിന്റെയും പി ബാലചന്ദ്രന്റെയും അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നെ ഒരു സ്പാനിഷ് സിനിമയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. മൂന്ന് തിരക്കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയ ശേഷം നാല് വര്‍ഷത്തോളം നിര്‍മ്മാതാക്കളുടെയും അഭിനേതാക്കളുടെയും പിറകെ നടന്നു. ഒരുപാട് ശ്രമിച്ചു. ഒന്നും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല.
സുഹൃത്തുക്കളിലൂടെ സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ച് അറിയാന്‍ സാധിച്ചു. എല്ലാവരും പറഞ്ഞപ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതിയാണ് തിരക്കഥ സമര്‍പ്പിച്ചത്. നല്ലൊരു സംരംഭമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ തിരക്കഥ സമര്‍പ്പിക്കാന്‍ താല്പര്യം തോന്നുകയും അയച്ചുകൊടുക്കുകയും ചെയ്തു.
തിരക്കഥ തെരഞ്ഞെടുക്കുന്നതിന് ഒരുപാട് ഘട്ടങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഒരു സമിതിയാണ് തിരക്കഥ തിരഞ്ഞെടുപ്പ് നടത്തിയത്. പല ഘട്ടങ്ങള്‍ക്കും ശേഷം ഇങ്ങനെയൊരു അവസരം എനിക്ക് ലഭിച്ചു.
‘ഡിവോഴ്സ്’ എന്നാണ് എന്റെ സിനിമയുടെ ടൈറ്റില്‍. വിവാഹ മോചനത്തിലൂടെ കടന്നുപോകുന്ന ആറ് സ്ത്രീകളുടെ കഥയാണ് ഇത്. അവരുടെ മക്കള്‍ കുടുംബക്കാര് ചുറ്റുമുള്ള ആളുകള്‍ എന്നിവരുടെ വിവിധ അവസ്ഥയാണ് സിനിമയില്‍ കാണിക്കുന്നത്. ‘ഡിവോഴ്സ്’ എന്നാല്‍ അത് ഒരു സ്ത്രീയുടെ അവസാനം എന്ന രീതിയിലാണ് ഇപ്പോഴും പലരും കാണുന്നത്. പൊതുസമൂഹത്തിന് തന്നെ അങ്ങനെയൊരു ചിന്തയുണ്ടെന്ന് തോന്നുന്നു. ഡിവോഴ്സ് എന്നാല്‍ ഇറ്റ്സ് നോട്ട് ആന്‍ എന്‍ഡ്.. അത് ഒന്നിന്റെയും അവസാനമല്ല.. ബട്ട് അതൊരു ഡിവിയേഷന്‍ ആണ്. ആ നിലയ്ക്ക് പോസിറ്റീവായി തന്നെ എല്ലാ സാഹചര്യങ്ങളെയും നോക്കി കാണാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.” മിനി പറഞ്ഞു.

ഗീതു മോഹന്‍ദാസിന്റെ മൂത്തോന് ഉള്‍പ്പെടെ ആറ് സിനിമകളില്‍ മിനി അഭിനയിച്ചിട്ടുണ്ട്. എഴുത്തും നാടകവുമാണ് പ്രധാന തട്ടകം. കിംഗ് ലിയര്‍, സ്ലീപ്പിങ്ങ് ബ്യൂട്ടീസ്, ലൈഫ് ഫെസ്റ്റിവല്‍ ആന്‍ഡ് ഡെത്ത്, ദ റൂം, പഞ്ചഭൂതം, സെവന്ത് സീല്‍, സിന്ദാലാഷ്, അരുണ വീ ആര് സോറി, അന്‍ഡോറ, ജഡ ഗര്‍ഭം, വേ ഔട്ട്, ഭഗവതി, ഡെല്യൂസ് ആന്‍ഡ് ദെ റീ ദ ഇന്‍ ഒണ്‍ പൗണ്ട് ഷോപ്പ് എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു. ഇതിന് പുറമെ ഇരുപത്തഞ്ചോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. പഞ്ചഭൂതം, മുറി, എ ചാറ്റ് വിത്ത് അമ്മ, സിന്ദാലാഷ്, റോട്ടി മേക്കര്‍ എന്നിവയാണ് മിനിയുടെ നാടകകൃതികള്‍. 2000 ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം കോഴിക്കോട് ബാലുശ്ശേരി കേന്ദ്രമാക്കി ഹോസ്റ്റോ തിയറ്റര്‍ എന്ന നാടക സംഘം രൂപീകരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാടക കളരികള്‍ സംഘടിപ്പിച്ചു.

1976 ആഗസ്റ്റ് 23 ന് തിരുവനന്തപുരം ജില്ലയിലാണ് മിനിയുടെ ജനനം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, ന്യൂഡല്‍ഹിയില്‍ നിന്നും ഡിസൈനിങ്ങ് ആന്‍ഡ് ഡയറക്ഷനില് ബിരുദാനന്തര ബിരുദം. ലണ്ടനിലെ സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സില്‍ നിന്നും പെര്‍ഫോര്‍മന്‍സ് ഡിസൈന്‍ ആന്‍ഡ് പ്രാക്ടീസില്‍ ബിരുദാനന്തര ബിരുദം. പെര്‍ഫോര്‍മന്‍സ് സ്പേസ് ആന്‍ഡ് ഐടി മോഡലിങ്ങ് എന്ന വിഷയത്തില്‍ 2002 ലെ കേന്ദ്ര ഗവണ്മെന്റ് ഫെലോഷിപ്പ്, തെയ്യവും തിറയെക്കുറിച്ചുമുള്ള പഠനത്തിന് 2003 ലെ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. 2010 ല്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ ചാള്‍സ് വാലസ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കൈരളി ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയും മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വനിതാ ദിനത്തില്‍ രാവിലെ 10 മണിക്ക് തിരുവനന്തപുരം മ്യൂസിയം ഹാളില്‍ വെച്ച് ഡിവോഴ്സ് സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. സാംസ്കാരിക മന്ത്രി എ കെ ബാലന് പങ്കെടുത്തു.