ലളിതമാണ് എന്‍റെ തൊട്ടപ്പന്‍ : ഷാനവാസ് കെ ബാവക്കുട്ടി സംസാരിക്കുന്നു

കിസ്മത്ത് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനംകവര്‍ന്ന സംവിധായകനായി മാറുകയായിരുന്നു ഷാനവാസ് കെ ബാവക്കുട്ടി. സ്വന്തം ജീവിതത്തിലുണ്ടായ ഒരു അനുഭവത്തെ അഭ്രപാളിയിലെത്തിച്ച് മലയാളികള്‍ക്ക് പൊള്ളുന്ന ദൃശ്യാനുഭവം നല്‍കിയ കിസ്മത്ത് സംഭവിച്ചത് 2016 ല്‍ ആയിരുന്നെങ്കില്‍ മലയാളക്കരയൊന്നടങ്കം കയ്യടിച്ച ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പനുമായാണ് 2019 ല്‍ ഷാനവാസ് എത്തുന്നത്. ജൂണ്‍ അഞ്ചിന് കേരളമെമ്പാടും കാത്തിരിക്കുന്ന തൊട്ടപ്പനെ കുറിച്ച് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി ഓണ്‍മലയാളത്തോട് സംസാരിക്കുന്നു.

1. ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പനെ അപേക്ഷിച്ച് ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പനില്‍ നിന്നും പ്രേക്ഷകന്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്.?

തൊട്ടപ്പന്‍ എന്ന ചെറുകഥയെ അതേപടി സിനിമയാക്കുകയല്ല ചെയ്തത്. ചെറുകഥയിലെ കഥാപാത്രങ്ങളും അവരുടെ ഇമോഷന്‍സും സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. കഥ വായിച്ച ആളുകളെ സംബന്ധിച്ചിടത്തോളം കഥയ്ക്കുള്ളില്‍ നിന്നും ലഭിച്ച ഫീല്‍ സിനിമയില്‍ നിന്നും കിട്ടിയേക്കാം. തൊട്ടപ്പനെന്ന കഥ വായിക്കാത്തവരെ സംബന്ധിച്ചിടത്തോളം പുതിയൊരു ഫീല്‍ കിട്ടും. അങ്ങനെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സിനിമയെ കുറിച്ച് ഭയങ്കര അവകാശവാദങ്ങളൊന്നും ഇല്ല. വളരെ ലളിതമായ, എല്ലാവര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന സിനിമയായിരിക്കും തൊട്ടപ്പന്‍.

2. മലയാളികള്‍ക്കിടയില്‍ വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു ചെറുകഥയിലെ കഥാപാത്രങ്ങളെ വെച്ച് സിനിമ ചെയ്യുക എന്നത് വെല്ലുവിളിയായിരുന്നില്ലേ.?

ഇതില്‍ വെല്ലുവിളിയുടെ പ്രശ്നമൊന്നുമില്ല. ഓരോ ആളുകളും ഓരോ രീതിയിലാണ് കഥകള്‍ വായിക്കുന്നതും മനസിലാക്കുന്നതും. ആ കഥ വായിച്ചപ്പോള്‍ അതില്‍ ഞാന്‍ കണ്ടൊരു സിനിമയുണ്ട്. അതാണ് എന്‍റെ തൊട്ടപ്പന്‍. മറ്റൊരാള്‍ വായിക്കുമ്പോള്‍ തൊട്ടപ്പനില്‍ നിന്നും ചിലപ്പോള്‍ മറ്റൊരു സിനിമയായിരിക്കും ലഭിക്കുക. എനിക്ക് കഥയില്‍ നിന്നും കിട്ടിയ സിനിമയാണ് ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. തൊട്ടപ്പന്‍ വായിക്കുന്ന സമയത്ത് തന്നെ ഇതില്‍ ഒരു സിനിമയുണ്ടെന്നും അത് മലയാളത്തില്‍ വന്നാല്‍ വിനായകന്‍ നായകനാകണമെന്നും തോന്നിയിരുന്നു. അങ്ങനെയാണ് തൊട്ടപ്പനെന്ന സിനിമ സംഭവിക്കുന്നത്.

3. തൊട്ടപ്പനെന്ന കഥ വ്യത്യസ്തമായ ശൈലികൊണ്ട് തന്നെ ഏറെ പ്രശംസനേടിയിട്ടുണ്ട്. അതുപോലൊരു വ്യത്യസ്തമായ ഒരു ശൈലി സിനിമയില്‍ നിന്നും പ്രതീക്ഷിക്കമാ.

ഭയങ്കരശൈലിയാണ്, മലയാളത്തില്‍ പുതിയതാണ് എന്നൊക്കെ പറയുന്നത് വിടുവായത്തം ആയിപ്പോകും. അഞ്ചാം തീയ്യതി ഇറങ്ങാന്‍ പോകുന്ന സിനിമയാണ്. പ്രേക്ഷകന്‍ തീരുമാനിക്കട്ടെ. ഞങ്ങള്‍ക്ക് പറ്റാവുന്ന രീതിയില്‍ കഴിവിന്‍റെ പരമാവധി ചെയിതിട്ടുണ്ട്. പ്രേക്ഷകന്‍ എങ്ങനെ എടുക്കും എന്നൊ, എന്താണ് പുതുമ എന്നോ പറയാന്‍ എനിക്കറിയില്ല. ഞാനും എന്‍റെ ടീമും സന്തോഷത്തോടെ ആഹ്ലാദത്തോടെ പൂര്‍ത്തിയാക്കിയ സിനിമയാണ്. ഞങ്ങളെന്താണ് പറഞ്ഞതെന്ന് ആളുകള്‍ക്ക് മനസിലാകും. അതുമാത്രമേ എനിക്ക് പറയാൻ പറ്റു.

4. വ്യക്തമായ രാഷ്ട്രീയം തുറന്നുപറയാറുണ്ട് ഷാനവാസ്. അതുപോലെ വിനായകനും നിലപാടുകള്‍ തുറന്നുപറയുന്ന നടനാണ്. തൊട്ടപ്പന്‍റെ ഭാഗമായി ഒരു അഭിമുഖ സംഭാഷണത്തില്‍ കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് വിനായകന്‍ പറഞ്ഞത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എന്താണ് ഈ സംഭവത്തെ കുറിച്ച് പറയാനുള്ളത്. ?

വിനായകന്‍ എന്ന് പറയുന്ന നടന്‍ കൃത്യമായ നിലപാടും വ്യക്തമായ രാഷ്ട്രീയവുമുള്ള മനുഷ്യനാണ്. പക്ഷെ, ഇവിടെ വിനായകനെന്നോ ഷാനവാസെന്നോ ഒന്നും അല്ല. ലോകത്ത് എല്ലാ മനുഷ്യനും എല്ലാ ജീവജാലങ്ങള്‍ക്കും നിലപാടും വ്യക്തമായ രാഷ്ട്രീയവും ഉണ്ട്. എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്. അത് അവരുടെ പേഴ്സണാലിറ്റിയാണ്. ആ പേഴ്സണാലിറ്റിയെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. അയാളുടെ അവകാശമാണത്. തൊട്ടപ്പനെന്ന സിനിമ തന്നെ ചര്‍ച്ച ചെയ്യുന്നത് സ്നേഹത്തെപ്പറ്റിയാണ്. സ്നേഹം വേണം. സ്നേഹം ഉണ്ടാകണം. വിനായകന് തന്‍റെ നിലപാട് പറയാനുള്ള അവകാശമുണ്ട്. അതിനോട് വിയോജിക്കാന്‍ മറ്റൊരാള്‍ക്കും അവകാശമുണ്ട്. പക്ഷെ, അതിനൊക്കെ അതിര്‍വരമ്പുകളും മാന്യതയുമുണ്ട്. അതില്‍ സ്നേഹം ഇല്ലാതാകുമ്പോഴാണ് അസഹിഷ്ണുത വരുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരുന്നത് അപ്പോഴാണ്. സ്നേഹമുണ്ടാകേണ്ടതിന്‍റെ കഥയാണ് തൊട്ടപ്പനും പറയുന്നത്.

5. ആദ്യത്തെ സിനിമ കിസ്മത്ത് ഒരു വലിയ സാമൂഹ്യ വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. തൊട്ടപ്പനെന്ന കഥയിലും ഒരുപാട് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാണിക്കുന്നുണ്ട്. സ്നേഹത്തെ കുറിച്ച് പറയുന്നു എന്നതിനപ്പുറത്തേക്ക് സിനിമയില്‍ ഇത്തരം സാമൂഹ്യവിഷയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടോ.?

കിസ്മത്തിലെ സാമൂഹ്യവിഷയം ബോധപൂര്‍വ്വം കൊണ്ടുവന്ന ഒന്നല്ല. അത് യാഥാര്‍ത്ഥ്യമായിരുന്നു. പ്രേക്ഷകരോട് ഇതൊക്കെ ഇവിടെയുണ്ടെന്ന് പറയാനാണ് ശ്രമിച്ചത്. ഒരു കലാകാരനെന്ന നിലയില്‍ ഇത്തരം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങലെ പ്രേക്ഷകന് മുന്നില്‍ കൊണ്ടുവാരാനാണ് ഇഷ്ടം. ഇത് തൊട്ടപ്പനിലും തുടര്‍ന്നിട്ടുണ്ട്. നമ്മുടെ ചുറ്റുപാടിന്‍റെ കഥ പറയുമ്പോള്‍ ഇതെല്ലാം നമ്മളറിയാതെ തന്നെ വന്നുപോകും.

Leave a Reply

Your email address will not be published. Required fields are marked *