സ്പ്രിംക്ലര്‍ വിവാദം, പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യാജം?

സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യാജമോ? അഡ്വ. ശ്യാം ദേവരാജാണ് ഇത് സംബന്ധിച്ച് എഴുതിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതായി രണ്ട് ഹര്‍ജികളാണ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന് ടി അസഫലി ഹൈക്കോടതിയില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചത്. രണ്ട് ഹര്‍ജികളിലായി രണ്ട് സത്യവാങ്മൂലമുണ്ട്. ഇതില്‍ ഒന്ന് അഡ്വ. ടി. അസഫലിയും രണ്ടാമത്തേത് തിരുവനന്തപുരത്തെ അഭിഭാഷകനായ പി. റഹിമുമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
അഡ്വ. ടി. അസഫലി നല്കിയ ഹര്‍ജിക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പ്രതിപക്ഷ നേതാവ് ഒപ്പിട്ടത് ഏപ്രില്‍ 21ന്. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയെ തനിക്ക് നേരിട്ടറിയാമെന്നും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോണ്മെന്റ് ഹൗസില്‍ തന്റെ മുന്നില്‍ വച്ചാണ് രമേശ് ചെന്നിത്തല സത്യവാങ്മൂലത്തില്‍ ഒപ്പിട്ടതെന്ന് അഡ്വ. ടി. അസഫലി സാക്ഷ്യപ്പെടുത്തുന്നു.

അഡ്വ. പി റഹിം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം രമേശ് ചെന്നിത്തല ഒപ്പിട്ടത് ഏപ്രില്‍ 22ന്. രമേശ് ചെന്നിത്തലയെ തനിക്ക് നേരിട്ടറിയാമെന്നും തിരുവനന്തപുരത്ത് തന്റെ മുന്നില്‍ വച്ചാണ് പ്രതിപക്ഷ നേതാവ് സത്യവാങ്മൂലത്തില്‍ ഒപ്പിട്ടതെന്നും അഡ്വ. പി. റഹിമും സാക്ഷ്യപ്പെടുത്തുന്നു.ഹര്‍ജിയിലെ മേല്‍വിലാസമനുസരിച്ച് തിരുവനന്തപുരത്തെ അഭിഭാഷകനായ അഡ്വ. പി. റഹിം പ്രതിക്ഷ നേതാവിനെ നേരിട്ടുകണ്ട് സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുവാങ്ങിയത് വിശ്വസനീയം.
എറണാകുളത്ത് താമസമാക്കിയ അഡ്വ. ടി. അസഫലി നല്കിയ സത്യവാങ്മൂലത്തിലെ പ്രതിപക്ഷ നേതാവിന്റെ ഒപ്പ് എങ്ങനെ സാധ്യമായി. അതും ഈ ലോക് ഡൗണ്‍ കാലത്ത്. എറണാകുളത്തുനിന്ന് ജില്ലകള്‍ കടന്ന് തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണോ അഡ്വ. ടി. അസഫലി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുവാങ്ങിയത്.

പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ നല്കിയ രണ്ട് സത്യവാങ്മൂലത്തിലെ ഒരു ഒപ്പ് വ്യാജം എന്ന് കരുതേണ്ടേ.? ഒന്നുകില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒപ്പ് വ്യാജം. അല്ലെങ്കില്‍ അഡ്വ. ടി. അസഫലിയുടെ അറ്റസ്റ്റേഷന് വ്യാജം.രണ്ട് സത്യവാങ്മൂലത്തിന്റെയും പകര്‍പ്പ് പരിശോധിച്ചാൽ സ്വാഭാവികമായും തോന്നുന്ന സംശയം.