ഇന്ന് ലോക കേൾവിദിനം : ശ്രദ്ധിക്കാത്തവർ വിലകൊടുക്കേണ്ടിവരും
ലോക കേൾവിദിനമായ ഇന്ന് ഡോക്ടർമാർക്കെല്ലാം പറയാനുള്ളത് ഒരേ കാര്യം. പുതിയ തലമുറ സൂക്ഷിക്കണം. നിങ്ങളുടെ കേൾവിശക്തിക്ക് ആയുസ്സ് കുറവാണ്. കേൾക്കാതെ പോകാനാണ് ഭാവമെങ്കിൽ അത് ജീവിതശൈലിയുടെ ഭാഗമാണെന്ന് കൂടി അറിഞ്ഞുകൊൾക.
കേൾവിക്കുറവുമായി വരുന്ന യൗവ്വനക്കാരുടെ എണ്ണം വർധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് ലോക കേൾവിദിനം ആചരിക്കുമ്പോൾ ഇയർഫോൺ അധികനേരം ചെവിയിൽ തിരുകരുതെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. ഹെഡ്ഫോണും ഇയർഫോണും സദാ ചെവിയിൽ തിരുകി പാട്ടുംകേട്ട് നടക്കുന്നവരിൽ കേൾവി തകരാർ കൂടുന്നതായാണ് പഠനം.
15 മുതൽ 30 വരെ പ്രായമുള്ള 20 ശതമാനത്തിലേറെ പേരിൽ കേൾവി പ്രശ്നം വർധിച്ചു. ഇയർഫോൺ, ഹെഡ്ഫോൺ ഉപയോഗമാണ് ഭൂരിഭാഗം കാരണവും. വാഹനമോടിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ചെറുപ്പക്കാരിൽ 40 ശതമാനം ഇയർഫോണോ ഹെഡ്ഫോണോ ഉപയോഗിക്കുന്നതായാണ് നിരീക്ഷണം. ചെവിയിലെ കോക്ലിയയിലുള്ള ഔട്ടർ ഹെയർസെല്ലിനെയാണ് ഇവയുടെ തുടർച്ചയായ ഉപയോഗം ബാധിക്കുന്നത്. മുതിർന്ന പൗരന്മാരിലുള്ള കേൾവിക്കുറവിന്റെ തോതിലേക്കാണ് യുവജനങ്ങളുടെ പോക്ക്. ട്രാഫിക് പൊലീസ്, ഡ്രൈവർമാർ, തുടങ്ങി നിരന്തര ശബ്ദ ബഹളങ്ങളിൽ ഇടപെടുന്നവരുടേതിലും കൂടുതലാണിതെന്നും പഠനങ്ങൾ പറയുന്നു.
85 ഡെസിബെല്ലിലധികം ശബ്ദം എട്ടുമണിക്കൂറിലധികം തുടർച്ചയായി ശ്രവിച്ചാൽ ചെവിക്ക് തകരാറ് സംഭവിക്കും. ഹെഡ്ഫോണുകളിൽ 50 ഡെസിബെല്ലിൽ കൂടുതലാകുമ്പോൾ മുന്നറിയിപ്പുണ്ടെങ്കിലും പലരും അത് കാര്യമാക്കാതെ ശബ്ദം കൂട്ടിവെക്കാറാണ് പതിവ്. നൂറ് ശതമാനം ഡെസിബെല്ലിലാക്കിയാണ് പലരും ചെവിയിൽ തിരുകുന്നത്. ഐടി മേഖല, ദൃശ്യമാധ്യമങ്ങളിലെ ജോലിക്കാർ, സൗണ്ട് റെക്കോഡിങ് സ്റ്റുഡിയോകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ ഇതിന്റെ ഇരകളാണ്. സാധാരണ നിലയിൽ 25 ഡെസിബെൽ ശബ്ദം കേൾക്കുന്നില്ലെങ്കിൽ തകരാറുണ്ടെന്ന് സംശയിക്കണം. എന്നാൽ ഉയർന്ന ശബ്ദത്തിന് അടിമകളായതിനാൽ ഇക്കാര്യം ആരും ശ്രദ്ധിക്കില്ല.
ലോക കേൾവിദിനമായ ഇന്ന് മുതലെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ശബ്ദനിയന്ത്രണ നിയമങ്ങൾ ശ്രദ്ധിക്കാത്തവർ വിലകൊടുക്കേണ്ടിവരും. വലിയ വില.