ഇനി ഇരുട്ടിനെ പേടിക്കേണ്ട : വാട്ട്സാപ്പ് ഡാർക്ക് മോഡ് എത്തി
ഉറക്കത്തിൽ ഒരു മെസ്സേജ് വന്നാൽ പെട്ടെന്ന് ഫോണെടുത്ത് നോക്കുകയാണ് നമ്മുടെ പതിവ്. ആ സമയം ഫോണിൽ നിന്നും അടിക്കുന്ന ശക്തമായ വെള്ള ലൈറ്റ് നമ്മുടെ കണ്ണുകളെ വരിഞ്ഞുമറുക്കാറുണ്ട്. രാത്രികാലങ്ങളിൽ കിടക്കുന്നതിന് മുൻപും ഇടയ്ക്ക് ഉറക്കം അറിഞ്ഞാലും വാട്ട്സാപ്പ് മെസ്സേജുകൾ എടുത്ത് നോക്കുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത്തരത്തിൽ ഇരുട്ടിൽ വെള്ള വെളിച്ചം അടിക്കുന്നത് കണ്ണുകളെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ വന്നു.
എന്നാൽ ഇപ്പോൾ പ്രശ്നത്തിന് പരിഹാരമാർഗവുമായി എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസേജിംഗ് സർവീസായ വാട്ട്സാപ്പ് ‘ഡാർക്ക് മോഡ്’ അവതരിപ്പിച്ചാണ് പുതിയ അപ്ഡേഷൻ ഒരുക്കുന്നത്.
അടുത്തകാലത്തിറങ്ങിയ സ്മാർട്ട് ഫോണുകളിലെല്ലാം ചുറ്റുപാടുള്ള ലൈറ്റിന് അനുസരിച്ച് മാറുന്ന ഓട്ടോമാറ്റിക് സ്ക്രീൻ ലൈറ്റ് കൺട്രോൾ സിസ്റ്റം മൊബൈൽ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഇതിന് അനുസരിച്ച് വാട്ട്സാപ്പും മാറിയിരിക്കുകയാണ്. രാത്രിയിൽ വാട്ട്സാപ്പ് ഉപയോഗിക്കുമ്പോൾ മുഖത്തേക്കടിക്കുന്ന ശക്തമായ വെളിച്ചം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിന് പ്രതിവിധിയാണ് പുതിയ ഫീച്ചർ.
ആൻഡ്രോയിഡ് 10, ഐഒഎസ് 13 എന്നീ ഉപഭോക്താക്കൾക്ക് ഡാർക്ക് മോഡ് ഫീച്ചർ ലഭിക്കും. സിസ്റ്റം സെറ്റിംഗ്സിൽ പോയി ‘ഡാർക്ക് തീം’ എനേബിൾ ചെയ്താൽ ഡാർക്ക് മോഡിൽ ഉപയോഗിക്കാം. പശ്ചാത്തലത്തിൽ കടുത്ത ഗ്രേ നിറമാണ്. അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം വ്യക്തമായി കാണാനും, ഗ്ലെയർ കുറയ്ക്കാനുമായി ഓഫ് വൈറ്റ് നിറമാണ് മറ്റ് എലമെന്റ്സിന് ഡാർക്ക് മോഡ് നൽകിയിരിക്കുന്നത്.