കപട പരിസ്ഥിതിവാദികളെ പൊളിച്ചടുക്കി നിയമസഭയില്‍ ടി വി രാജേഷിന്‍റെ പ്രസംഗം

വെബ്‌ ഡസ്ക് 

”….തലശ്ശേരി മാഹി ബൈപാസിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഇന്നത്തെ തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ ജനിച്ചിട്ടുപോലും ഇല്ല സര്‍.., ഇന്ന് ഷംസീറിന് 40 വയസാകുന്നു. പക്ഷെ, തലശ്ശേരി ബൈപാസ് ഇന്നും പൂര്‍ത്തിയായിട്ടില്ല…”

കേരളത്തിന്‍റെ വികസനരംഗത്തെ മനസിലാക്കാന്‍ ഇന്ന് ടി വി രാജേഷ് എംഎല്‍എ നിയമസഭയില്‍ പ്രസംഗിച്ച ഈ വാക്കുകള്‍ മാത്രം മതിയാകും. നാടിന്‍റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട റോഡുകളുടെ സ്ഥിതി രാജേഷ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്‍റെ ഭൂപ്രകൃതി അനുസരിച്ച് വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനെ സാധിക്കു എന്നും ഏതെങ്കിലും ഒന്നിന് വേണ്ടി മറ്റൊന്നിനെ വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ നടക്കുന്ന സമരവും അതിന് യുഡിഎഫ് നല്‍കുന്ന പിന്തുണയും ചൂണ്ടിക്കാണിച്ചാണ് രാജേഷ് ഇത് പറഞ്ഞത്. നിയമസഭയൊന്നാകെ കൈയ്യടിച്ച പ്രസംഗത്തില്‍ എന്താണ് കപട പരിസ്ഥിതിവാദമെന്നും എന്താണ് കപട രാഷ്ട്രീയമെന്നും രാജേഷ് ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.

പ്രസംഗത്തിലെ പ്രസക്തമായ വാക്കുകളിലൂടെ..

അഞ്ച് വര്‍ഷം കൊണ്ട് അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ അമ്പതിനായിരം കോടി നിക്ഷേപം നടത്തുന്നതിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് നാടിന്‍റെ വികസനമാണ്. പ്രകൃതിസമ്പത്തും വികസിക്കണം, മനുഷ്യന്‍റെ അടിസ്ഥാന സൗകര്യങ്ങളും വികസിക്കണം. അതാണ് ഈ സര്‍ക്കാരിന്‍റെ നയം. അതിനിടയില്‍ പരിസ്ഥിതിവാദമുയര്‍ത്തുന്നവര്‍ക്ക് പിന്നാലെ പോയി അവര്‍ പറയുന്ന കള്ളങ്ങള്‍ക്ക് ചൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ ആയുധം കണ്ടെത്തുന്നവര്‍ വികസനം അട്ടിമറിക്കുന്നതിന് ഒത്താശ ചെയ്യുകയാണ്. വികസന നയത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ യുഡിഎഫ് ഇതില്‍ നിന്നും പിന്മാറണം. 13 വര്‍ഷമായി നാഷണല്‍ ഹൈവെ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനം നടക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിക്കാത്തത് ഈ സര്‍ക്കാര്‍ വെറും രണ്ട് വര്‍ഷം കൊണ്ട് ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അങ്ങനെ ഹൈവെ വികസിക്കണ്ട എന്ന സങ്കുചിത വികസന ചിന്തയാണ് യുഡിഎഫിനുള്ളത്. വാഹനപ്പെരുപ്പവും റോഡ് അപകടങ്ങളും ദിവസേന വര്‍ദ്ധിക്കുകയാണ്. മനുഷ്യജീവനുകള്‍ റോഡില്‍ പിടഞ്ഞുവീഴുന്നു. ഇത് മുന്നില്‍ കണ്ടാണ് ഈ സര്‍ക്കാര്‍ സംസ്ഥാനത്താകെ പരിഗണനയില്‍ ഇരിക്കുന്നതും പ്രവൃത്തി തുടങ്ങിയതുമായ ബൈപാസുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുന്നത്. ഇവിടെയിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലും ഈ ബൈപാസുകളുണ്ട്. കീഴാറ്റൂരില്‍ വേണ്ടാത്ത ബൈപാസ് നിങ്ങളുടെ മണ്ഡലത്തിലും വേണ്ടെന്ന് വെക്കാന്‍ സാധിക്കുമോ.? മണ്ണെടുക്കാതെ, മരം വെട്ടാതെ കേരളത്തില്‍ ഒരു റോഡ് പോലും സാധ്യമല്ലല്ലോ. പരിസ്ഥിതിവാദികള്‍ കേരളത്തിലെ എല്ലാ ബൈപാസും വേണ്ടെന്ന് പറയട്ടെ. കീഴാറ്റൂരില്‍ സമരത്തിന് പോയ പി സി ജോര്‍ജ്ജ്, താങ്കളുടെ മണ്ഡലത്തിലൂടെ പോകുന്ന ബൈപാസ് റോഡ് വേണ്ടെന്ന് വെക്കാന്‍ തയ്യാറുണ്ടോ.?  ടി വി രാജേഷ് ചോദിച്ചു.

വികസനത്തെ മുന്‍നിര്‍ത്തിയുള്ള എംഎല്‍എയുടെ പ്രസംഗത്തിന് വലിയ അംഗീകാരമാണ് സോഷ്യല്‍മീഡിയകളില്‍ ലഭിക്കുന്നത്. മുഴുവന്‍ പ്രസംഗം കേള്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *