“യുവതുര്‍ക്കി” ലോകത്തോട് പറയുന്നത്
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ വിപ്ലവമായിരുന്നു ജാസ്മിന് റവല്ല്യൂഷന്.ഭരണകൂടത്തിനെതിരെ ടുണീഷ്യക്കാര് തെരുവിലിറങ്ങിയത് നവ മാധ്യമങ്ങളുടെ ഇടപെടലിലൂടെയായിരുന്നു.ലോകമാകെ ഇളക്കിമറിച്ച ഈ വിപ്ലവം ടുണേഷ്യയില്‍ നിന്നും ഈജിപ്തിലേക്കും പിന്നീട് ലിബിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമെല്ലാം ആഞ്ഞടിച്ചു.
അതിനിടെ പതിറ്റാണ്ടുകളോളം ഏകാധിപത്യ ഭരണം നടത്തിയിരുന്ന ഭരണാധികാരികളില്‍ പലരും നിലം പതിച്ചെന്നത് മാത്രമായിരുന്നില്ല ഈ വിപ്ലവത്തിന്റെ അനന്തര ഫലം.
ടെക്നോളജി യുഗത്തിന്റെ സാധ്യതകള്‍ അനന്തമായ കാലഘട്ടത്തില്‍ പുതിയ തരം ആശയ പോരാട്ടള്ക്കും തീക്ഷണമായ ചര്ച്ചകള്ക്കുംകൂടി വഴിവെക്കുമെന്നും, ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഗതിവിധികള്‍ വരെ നിയന്ത്രിക്കപ്പെടാന്‍ കഴിയുന്ന രീതിയിലേക്ക് സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്നതും പുതിയൊരു ചിന്തകള്‍ക്ക് കൂടിയാണ് തുടക്കം കുറിച്ചത്.ഒരു രാത്രി കൊണ്ട് തുര്‍ക്കിയുടെ രാഷ്ട്രീയ ഗതിവിധി മാറ്റിയേക്കാവുന്ന സാഹചര്യത്തെ മാറ്റി മറിച്ചതും ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയയുടെ സാന്നിധ്യമായിരുന്നു എന്നത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഗവണ്മെന്റ് മാധ്യമത്തെ പിടിച്ചടക്കിയ തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ ഇടപെടലുകള്‍ക്കും,ഭരണകൂത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കും മുന്പില് പകച്ച് നില്ക്കാന് തുര്‍ക്കിയുടെ പ്രസിഡണ്ട് റജബ് ത്വയ്യബ് ഉര്ദ്ദുഗാന് തയ്യാറായില്ല.ആപ്പിള്‍ എെ ഫോണിന്റെ വീഡിയോ ചാറ്റിംഗ് വഴി തന്റെ ആഹ്വാനം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞതുതന്നെയാണ് ഉര്‍ദ്ദുഗാന്റെ വിജയത്തിലേക്ക് നയിച്ചത്.തുര്‍ക്കിക്കാരുടെ ഹൃദയത്തിലേക്കുള്ള ശരമായി ഉര്‍ദ്ദുഗാന്റെ വാക്കുകള്‍ മാറി.ബിബിസി പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും തുര്‍ക്കിയിലെ ജനങ്ങളും ആ ആഹ്വാനത്തെ ശിരസ്സാ വഹിക്കുകയും ജനങ്ങള്‍ തെരുവിലേക്കിറങ്ങുകയും ചെയ്തു.
കാട്ടുതീ പോലെ ഉര്‍ദ്ദുഗാന്റെ ആഹ്വാനം പരന്നൊഴുകുകയായിരുന്നു. പട്ടാളത്തിന്റെ അകമ്പടിയില്ലാതെ ഞാനിതാ വരുന്നെന്നും ജനങ്ങള്‍ തെരുവിലും വിമാനത്താവളങ്ങളിലും ചത്വരങ്ങളിലും അണിനിരന്ന് രാജ്യത്തിന്റെ കൂടെ നില്‍ക്കണമെന്നുമുള്ള പ്രസിഡണ്ടിന്റെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കുകയും പട്ടാളത്തിന്റെ അട്ടിമറിയെ പരാജയപ്പെടുത്തുകയും ചെയ്തു.ഇതിന് മുന്‍പേ മൂന്ന് തവണ അട്ടിമറിയിലൂടെ പട്ടാള ഭരണം അനുഭവിച്ചവരാണ് തുര്‍ക്കിക്കാര്‍.
ആജ്ഞാ ശക്തിയും നേതൃപാഠവവും ഭരണ പാഠവവുമുള്ള ജനകീയ നേതാവാണ് ഉര്ദ്ദുഗാന് എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ആധുനിക തുര്‍ക്കിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഉര്‍ദ്ദുഗാന്റെ പങ്ക് വളരെ വലുതാണ്.മൂന്ന് തവണ തുര്‍ക്കി പ്രധാനമന്ത്രിയായ ഉര്ദ്ദുഗാന് പക്ഷെ,നാലാമതൊരിക്കല്‍ കൂടി പ്രധാനമന്ത്രിയാവാന്‍ തുര്‍ക്കിയിലെ ഭരണ ഘടന അനുവദിക്കുന്നില്ല.
2015-ലെ പൊതു തിരഞ്ഞെടുപ്പിനിടെ തങ്ങളുടെ എകെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഭരണഘടനാ പരിശ്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരികയും ചെയ്തു. തന്റെ വിശ്വസ്തനായ അഹമ്മദ് ദാവൂലിനെ പ്രധാനമന്ത്രിയാക്കുകയും ഉര്ദ്ദുഗാന് തുര്‍ക്കി പ്രസിഡണ്ടായി അവരോധിക്കപ്പെടുകയും ചെയ്തു.പ്രസിഡണ്ടിലേക്ക് അധികാരം വികേന്ദ്രീകരിക്കാനാണ് ഭരണ പരിഷ്കാരം നടത്തുന്നതെന്നുള്ള ആക്ഷേപം ഉര്‍ദ്ദുഗാനെതിരെ ഖുര്‍ദ്ദുകളും മറ്റ് വിഘടനവാദികളും ഉയര്‍ത്തി.
ഇതിനിടെ തുര്‍ക്കിയില്‍ ട്വിറ്ററും യൂടൂബും മറ്റ് സാമൂഹ്യ വെബ് സൈറ്റുകളും നിരോധിച്ച ഭരണാധികാരി കൂടിയായിരുന്നു ഹജബ് ത്വയ്യബ് ഉര്ദ്ദുഗാന്.തന്റെ ഭരണത്തെയും രീതികളെയും വിമര്‍ശിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു എന്നതായിരുന്നു ഉര്ദ്ദുഗാന് ഉന്നയിച്ച കാരണം.”എന്നാല്‍ ഒരട്ടിമറിയിലൂടെ തന്റെ ഭരണകൂടത്തെ താഴെയിറക്കുമായിരുന്നൊരു ഘട്ടത്തില്‍ ഉര്ദ്ദുഗാന് രക്ഷാകവചമായി ജനങ്ങളെ അണിനിരത്താന്‍ കഴിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നെത് ചരിത്രത്തിന്റെ വിരോധാഭാസമെന്ന് അനുമാനിക്കാം.
ഒപ്പം പ്രതിപക്ഷ പാര്‍ട്ടികളെയും മറ്റും കക്ഷികളെയും കൂടെ നിര്‍ത്താനും അത് വഴി തന്റെ വിശ്വാസ്യത ജനങ്ങളില്‍ ഊട്ടി ഉറപ്പിക്കാനും ഉര്ദ്ദുഗാന് കഴിഞ്ഞു.ഒപ്പം ഈ അട്ടിമറി കേവലം നടകമായിരുന്നെന്നും തന്റെ സ്വാധീനം ഊട്ടിയുറപ്പിക്കാനാണ് ഉര്ദ്ദുഗാന് ഈ നാടകം അരങ്ങിലെത്തിച്ചതെന്നും വാദിക്കുന്നവരുണ്ട് .
രാജ്യമൊരു പ്രതിസന്ധിയുടെ മുഖത്ത് നിന്നപ്പോള്‍ എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യം തുര്‍ക്കിയുടെ രാഷ്ട്രീയത്തിന് പുതിയ മാനമാണ് നല്‍കുന്നത്.
All the best to writer….