റാന്തല്‍ വിളക്ക്, മുള/ചിരട്ട പുട്ടുകുറ്റി : ആദിവാസി ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍
വെബ് ഡസ്ക്
ലോകം തന്നെ ക്യൂ നില്ക്കാറുള്ള കേരളത്തിന്റെ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ ഇനി ആമസോണിലും ലഭ്യമാകും. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയിലൂടെയാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ സംരംഭകരുടെ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ലോകത്തെവിടെ നിന്നും കേരളത്തിന്റെ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട പാരമ്പര്യ ഉല്‍പ്പന്നങ്ങളാണ് ആമസോണിലുള്ളത്.

ആമസോണില്‍ കയറി ഗദ്ദിക എന്ന് ടൈപ്പ് ടെയ്ത് സെര്‍ച്ച് കൊടുത്താല്‍ കേരളത്തിലെ ആദിവാസി ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് വരും. മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍ ലൈറ്റ്, ചിരട്ട പുട്ട് മേക്കര്‍, മുളയില്‍തീര്‍ത്ത ജഗ്ഗും മഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുളകൊണ്ടുള്ള വിശറി, തേങ്ങകൊണ്ടുണ്ടാക്കിയ കൂജ, സ്ത്രീകളുടെ പേഴ്സ്, ബാഗ്, പാളത്തൊപ്പി അങ്ങനെ പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ വലിയ നിരതന്നെ ലഭ്യമാണ്. മിതമായ വിലയില്‍ വീടിനെ മോഡിപിടിപ്പിക്കുന്ന പ്രകൃതി വിഭവങ്ങളാണ് കൂടുതലും. പാരമ്പര്യ രീതിയില്‍ ഭക്ഷണം തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. വിവിധ തരം ആകര്‍ഷണീയമായ ലൈറ്റുകളും ഉണ്ട്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് എല്ലാം.
നിലവില്‍ 50 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് ആമസോണിലുള്ളത്. ആദിവാസി സംരംഭകരുടെ പ്രതിഭ അടയാളപ്പെടുത്തുന്നവയാണ് ഓരോന്നും. ഇനിയും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. ലോകപ്രശസ്തമായ വയനാടന്‍ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയും ഭക്ഷ്യസുരക്ഷ ലൈസന്‍സ് ലഭിച്ചാലുടന്‍ ആമസോണിലെത്തും.

സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഗദ്ദിക സാംസ്കാരികോത്സവത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഉല്‍പ്പന്ന വിപണന മേളയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പത്ത് ദിവസത്തോളമുള്ള മേളയില്‍ പലപ്പോഴും സാധനങ്ങള്‍ മതിയാകാതെ വരുന്ന സ്ഥിതിയായിരുന്നു. കോടിക്കണക്കിന് രൂപയുടെ വരുമാനം ഇതുവഴി ആദിവാസി സംരംഭകര്‍ക്കും ലഭിച്ചുകൊണ്ടിരുന്നു. ആദിവാസി ഉല്‍പ്പന്നങ്ങളില്‍ ജനങ്ങളുടെ വര്‍ദ്ധിച്ച ആവശ്യം മനസിലാക്കിയും ആദിവാസി സംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചത്.
ലോകം മുഴുവന്‍ ഒറ്റ ക്ലിക്കില്‍ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത സംസ്ഥാനത്തെ ആദിവാസി സംരംഭകര്‍ക്ക് പുത്തനുണര്‍വ്വായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.


