ഇത് നമ്മുടെ നാട്ടിലോ..? മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് കണ്ട മലയാളികൾ ഞെട്ടി

വെബ് ഡസ്ക്
ആരോഗ്യ രംഗത്ത് കേരളം എന്നും ലോകത്തിന് മാതൃകയായിരുന്നു. നിപ്പയെ തുരത്തിയോടിച്ച് ലോകത്തെ ഞെട്ടിച്ച ശേഷം ഇപ്പോൾ  ആശുപത്രികളുടെ ആധുനികവൽക്കരണം അതിവേഗം പുരോഗമക്കുകയാണ്. പിണറായി സർക്കാർ തുടങ്ങിവെച്ച നാല് മിഷനുകളിലെ ആർദ്രം പദ്ധതി കേരളത്തിലെ പ്രാഥമിക ആരോഗ്യം കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളുടെ മുഖം മാറ്റുകയാണ്. കെ കെ ശൈലജ ടീച്ചറുടെ നേതൃപാടവത്തിൽ കേരളം ആരോഗ്യ രംഗത്ത് എങ്ങനെ മാറുന്നു എന്ന് അറിയണമെങ്കിൽ അടുത്ത ദിവസം ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഒന്ന് പോയി കണ്ടാൽ മതി.
വിവിധ സ്‌പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും ഏഴ് നിലകളുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് മള്‍ട്ടി  സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍ സംവിധാനമുള്ള 102 ഐ.സി.യു. കിടക്കകളും 44 ഹൈകെയര്‍ കിടക്കകളും ഉള്‍പ്പെടെ 146 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിപുലീകരിച്ച ആധുനിക മോര്‍ച്ചറി, വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, സര്‍ജറി-ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ പോളിട്രോമ വിഭാഗം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായുള്ള കാര്‍ഡിയാക് ഐ.സി.യു., ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്റര്‍-ഐ.സി.യു, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഏരിയ, ഇലക്ട്രിക്കല്‍ സ്റ്റേഷന്‍, പമ്പിംഗ് റൂം, മെയിന്റനന്‍സ് റൂം, ഓക്‌സിജന്‍ പ്ലാന്റ്, കൂട്ടിരുപ്പുകാര്‍ക്കുള്ള ഡൈനിംഗ് റൂം. ഇത്രയും വിപുലമാണ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്.
48 മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം, ഒരേ സമയം 3 പോസ്റ്റുമോര്‍ട്ടങ്ങള്‍ ചെയ്യാനുള്ള സംവിധാനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള ഇന്‍ക്വസ്റ്റ് റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുനുള്ള ക്ലാസ് റൂം എന്നിവയുൾപ്പെടുന്ന ആധുനിക രീതിയിലുള്ള മോര്‍ച്ചറി സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികള്‍ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി റീജിയണല്‍ ജെറിയാട്രിക്‌സ് സെന്റര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സജ്ജമാക്കി. 60 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാര്‍ക്കായി 16 ഹൈ ടെക് കിടക്കകള്‍ വീതമുള്ള 2 വാര്‍ഡുകളാണുള്ളത്. ജെറിയാട്രിക് വിഭാഗത്തില്‍ പി.ജി. കോഴ്‌സും ആരംഭിക്കും. വയോജനങ്ങളുടെ ചികിത്സയും പരിചരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി വയോജന പരിചരണത്തിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രം കൂടിയാണിത്.
അപകടങ്ങളിലൂടെ വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാം നിലയിൽ പോളിട്രോമ വിഭാഗം സജ്ജമാക്കിയിട്ടുള്ളത്. സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പ്രോളിട്രോമ വിഭാഗം ഏകോപിപ്പിച്ചിരിക്കുന്നത്. തലയ്ക്ക് ക്ഷതം ഏറ്റവരെ ചികിത്സിക്കാനുള്ള ന്യൂറോ ഐ.സി.യു.വില്‍ 18 കിടക്കകളും സര്‍ജറി ഐ.സി.യുവില്‍ 18 കിടക്കകളുമാണ് ലോകോത്തര നിലവാരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
വിവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കുമായി പ്രത്യേകം സജ്ജമാക്കിയതാണ് രണ്ടാം നിലയിലെ അനസ്തീഷ്യ വിഭാഗത്തിന്റെ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. പഞ്ചനക്ഷത്ര ആശുപത്രികളില്‍ പോലും ലഭ്യമല്ലാത്ത സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അപകടങ്ങള്‍, മാരകമായ അസുഖങ്ങള്‍, പകര്‍ച്ചപ്പനി, വലിയ ഓപ്പറേഷനുകള്‍ എന്നീ പലതരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കാനുദ്ദേശിച്ചു കൊണ്ടുള്ളതാണിത്.  24 കിടക്കകളുള്ളതാണ് ഈ ഐ.സി.യു.
ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായാണ് കാര്‍ഡിയോളജി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, 18 കിടക്കകളുള്ള ഐ.സി.യു എന്നിവയാണ് ഇവിടെയുള്ളത്. 51,000 ലധികം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി എന്നിവ ചെയ്ത് ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചതാണ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം. വിപുലമായ സംവിധാനങ്ങള്‍ സജ്ജമാകുന്നതോടെ കാര്‍ഡിയോളജി വിഭാഗത്തിലും രോഗികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭിക്കും.
ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍ നാലാം നിലയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലായിപ്പോഴും അണുവിമുക്തമായിരിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയാണ് മോഡ്യുലാര്‍ ഓപറേഷന്‍ തീയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ലൈറ്റുകള്‍ ആവശ്യാനുസരണം ഏത് രീതിയിലും തിരിക്കാന്‍ കഴിയുന്ന ഹാങ്ങിംഗ് പെന്റന്റ് മറ്റൊരു പ്രത്യേകതയാണ്. 18 കിടക്കകളുള്ള പ്രത്യേക തീവ്ര പരിചരണ വിഭാഗവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് (എം.എസ്.ബി.)  ആണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായത്.  ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇത്ര വിപുലമായി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടേക്ക് മാറിയ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല.  വന്‍കിട സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മികച്ച സേവനം ഈ ബ്ലോക്കില്‍ ലഭിക്കുമെന്ന്  മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ ബ്ലോക്കിന് ആവശ്യമായ ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരെ പുതുതായി നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലുമാണ്. ലോകോത്തര നിലവാരത്തിലുള്ള ഉന്നത ചികിത്സാ സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം  29-ാം തീയതി വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *