രഥയാത്രയ്ക്ക് മുന്‍പ് ഈ ദേവസ്ഥാനങ്ങളില്‍ ഒന്ന് തൊഴുത് പോകൂ…

Sharing is caring!

സനക് മോഹന്‍ 

ശബരിമല വിഷയത്തില്‍ ബിജെപിയുടെ രഥയാത്ര തുടങ്ങാന്‍ പോവുകയാണ്. കാസര്‍ഗോഡ് മധൂര്‍ ക്ഷേത്രത്തില്‍ നിന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി ശ്രീധരന്‍പിള്ള നയിക്കുന്ന ജാഥ ആരംഭിക്കുന്നത്. ബാബറിമസ്ജിദിന്‍റെ പേരില്‍ അദ്വാനി നടത്തിയ രഥയാത്ര പോലെ ശ്രീധരന്‍പിള്ള നടത്തുന്ന യാത്രയെയും ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് കാണുന്നത്.

ശബരിമല വിഷയത്തെ ഉപയോഗിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ അദ്വാനി മോഡല്‍ രഥയാത്ര നടത്താനാണ് സംഘപരിവാറിന്‍റെ ഉദ്ദേശമെന്ന് ഇതിനകം തന്നെ കേരളത്തിന് ബോധ്യമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് ശബരിമലയില്‍ നിന്നും അഹിന്ദുക്കളെയാകെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് ഈ അവസരത്തിര്‍ ഓര്‍മ്മിക്കേണ്ടതാണ്. വാവര് സ്വാമിയെ ശബരിമലയില്‍ നിന്നും ആട്ടിയോടിക്കലാണ് സംഘപരിവാര്‍ ലക്ഷ്യമെന്നാണ് ഈ സംഭവങ്ങലെല്ലാം വ്യക്തമാക്കുന്നത്. മലബാര്‍ കലാപം വര്‍ഗ്ഗീയ കലാപമെന്ന് പറഞ്ഞ് വരുന്നതും ഇതേ വര്‍ഗ്ഗീയധ്രുവീകരണത്തിന്‍റെ ഭാഗമാണ്. ഈ അവസരത്തില്‍ കേരളം സംഘപരിവാറിന് ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കേണ്ടതുണ്ട്.

ബിജെപിയുടെ രഥ യാത്ര തുടങ്ങുന്നത് കാസര്‍ഗോഡ് നിന്നുമാണ്. മലബാറില്‍ ഇപ്പോള്‍ തെയ്യാട്ടക്കാലവും. രഥയാത്ര തുടങ്ങും മുന്‍പ് സംഘപരിവാറുകാര്‍ ചിറ്റാരിക്കാല് വരെ ഒന്ന് പോയിവരണം. അല്ലെങ്കില്‍ കാസര്‍ഗോഡ് ജില്ലയിലെ തന്നെ കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്, തൃക്കരിപ്പൂര്‍ പേക്കടം, മൗവ്വേനി, മടിക്കൈ, കോവിലകങ്ങള്‍, മാലോം, കൂലോം, കുമ്പള-ആരിക്കാടി, പെരളം ചാമുണ്ഡേശ്വരിക്കാവ് എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരിടത്ത് ഒന്ന് പോയി നോക്കേണ്ടതാണ്. അവിടെ കെട്ടിയാടുന്ന ഒരു തെയ്യമുണ്ട്. മാപ്പിളതെയ്യം എന്നാണ് പേര്. ഞെട്ടണ്ട, അജണ്ടകള്‍ തയ്യാറാക്കും മുന്‍പ് കേരളം എന്താണെന്ന് അറിയാന്‍ ഇതൊക്കെ ഒന്ന് പഠിച്ചിരിക്കുന്നത് നല്ലതാണ്. നാട്ടടക്കം, വീരന്‍, പാലക്കല്‍ ചാമുണ്ഡി തെയ്യക്കോലങ്ങളുടെ കൂടെയാണ് മാപ്പിള തെയ്യവും ഉറഞ്ഞാടുന്നത്. ആയിരക്കണക്കിന് ഭക്തരാണ് മാപ്പിളതെയ്യത്തെ വണങ്ങുന്നത്. ചതിയില്‍ അകപ്പെട്ട് കൊല്ലപ്പെട്ട മുസ്ലീം യുവാവ് തെയ്യമായി മാറിയെന്ന പുരാവൃത്തത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ മാപ്പിള തെയ്യം കെട്ടിയാടുന്നത്. ദിവസം അഞ്ച് നേരം നിസ്കരിച്ചും ബാങ്ക് വിളിച്ചുമാണ് മാപ്പിള തെയ്യം കെട്ടുന്നത്.

രഥ യാത്ര തുടങ്ങും മുന്‍പ് മാപ്പിള തെയ്യത്തെ ഒന്ന് വണങ്ങണം എന്നാണ് കേരളത്തിന് പറയാനുള്ളത്.

ഇനി ഇവിടെയൊന്നും പോകാന്‍ സാധിച്ചില്ലെങ്കില്‍ കാസര്‍ഗോഡ് തന്നെ മഞ്ചേശ്വരത്തിനടുത്തുള്ള സത്തിനാപുരം ബബ്ബിരിയന്‍കാവിനെ കുറിച്ച് അന്വേഷിച്ചാലും മതിയാകും. പള്ളിയറപോലെ പ്രത്യേകം നിര്‍മ്മിച്ച ഈ തെയ്യക്കാവില്‍ കെട്ടിയാടുന്ന ബബ്ബിരിയന്‍ തെയ്യം ഐതിഹ്യപ്രകാരം കപ്പലോട്ടക്കാരനായ ഒരു മുസ്ലീം വ്യാപാരിയാണ്. ഹിന്ദുക്കളെപ്പോലെ മാപ്പിളമാരും ഇവിടെ കാണിക്കവെച്ച് പ്രാര്‍ത്ഥിക്കും. കുറച്ചകലെ മഞ്ചേശ്വരത്തിനടുത്ത് തന്നെയായി ഉദ്യാവര്‍ ജുമാഅത്ത് പള്ളിയും മാടക്ഷേത്രവും ഉണ്ട്. ആയിരത്തോളം വര്‍ഷങ്ങളുടെ സൗഹൃദമാണ് ഇവ രണ്ടും വെച്ചുപുലര്‍ത്തുന്നത്. മാടക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ മുഖ്യസ്ഥാനം മുസ്ലീംങ്ങള്‍ക്കാണ്. (സംശയിക്കേണ്ട, ഇത് മലയാളിയുടെ തുളുനാട്ടില്‍ തന്നെ). മടിയന്‍കൂലോത്തെ പാട്ടുത്സവത്തിന് ക്ഷേത്രപാലകന് നിവേദിക്കാന്‍ പഞ്ചസാര കാണിക്ക വെക്കുന്നത് മുസ്ലീം തറവാട്ടുകാരാണ്. ഇതേസൗഹൃദം പുലര്‍ത്തുന്നവരാണ് കമ്മാടംപള്ളിയും നേരോത്ത് ക്ഷേത്രവും. ഏണിയാടിപ്പള്ളിക്കും പാറപ്പള്ളിക്കും ഇതുതന്നെയാണ് പറയാനുള്ളത്.

രഥയാത്രയ്ക്ക് മുന്‍പ് സമയം കിട്ടുമെങ്കില്‍ പുളിങ്ങോംപള്ളി വരെയും പോയിനോക്കേണ്ടതാണ്. പാടാര്‍കുളങ്ങര ഭദഗവതി ക്ഷേത്രത്തില്‍ നിന്നും വിഷ്ണുമൂര്‍ത്തിതെയ്യം തൊട്ടടുത്ത ജുമാഅത്ത് പള്ളിയിലേക്ക് പോകുന്നതും അവിടെ ഖത്തീബും സംഘവും അരിചൊരിഞ്ഞ് സ്വീകരിക്കുന്നതും കാണാം. തെയ്യത്തെ ‘അല്ലാഹു അക്ബര്‍’ എന്ന് മന്ത്രിച്ച് സ്വീകരിക്കുന്ന ഈ കാഴ്ച കേരളത്തെ വലിച്ച് താഴെയിടാന്‍ നില്‍ക്കുന്ന അമിത്ഷായ്ക്ക് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. കൂട്ടത്തില്‍ ഹിന്ദിയില്‍ ആലിച്ചാമുണ്ഡി, പോക്കറ് തെയ്യം, മുക്രിപ്പോക്കറ്, കോയിക്കല്‍ മമ്മദ്, കലന്തറ് മുക്രി, ഉമ്മച്ചി തെയ്യം എന്നീ പേരുകള്‍ കൂടി തര്‍ജ്ജിമചെയ്ത് കൊടുക്കണം. പേടിക്കണ്ട, ഇതെല്ലാം തെയ്യങ്ങള്‍ തന്നെ.

ഇനി കാസര്‍ഗോഡ് നിന്നും ജാഥ പുറപ്പെട്ട് കണ്ണൂരിലെത്തുമ്പോള്‍ (മുകളില്‍ പറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടാണെങ്കില്‍ ജാഥ നടത്താതിരിക്കുന്നതാണ് ഉചിതം) അവിടെയും ചില ക്ഷേത്രങ്ങളും കാവുകളും സംഘപരിവാര്‍ സന്ദര്‍ശിക്കേണ്ടതുണ്ട്.

പ്രശസ്തമായ പയ്യന്നൂര്‍ സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രം. കേളോത്ത് നാട്ടിലെ മുസ്ലീം തറവാട്ടില്‍ നിന്നും പഞ്ചസാരക്കലം കൊണ്ടുവന്നാണ് സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങള്‍ ആരംഭിക്കുന്നത്. ഇത് കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ടും ചെറുകുന്ന് അമ്പലത്തിലും ഒക്കെയുള്ള ആചാരം കൂടിയാണ്.

വിഷുവിളക്ക് ഉത്സവം നടക്കുമ്പോള്‍ ക്ഷേത്രത്തങ്ങളിലേക്കുള്ള കാഴ്ചവരവിന് പള്ളിക്കമ്മിറ്റിക്കാര്‍ ചേര്‍ന്ന് കുടിവെള്ളം നല്‍കുന്ന മാതൃകയും ഇനിയുള്ള നാളുകളില്‍ മലബാറില്‍ എല്ലായിടത്തും കാണാനാകും.

ഈ മതമൈത്രി കേരളത്തിന്‍റെ സ്വന്തമാണ്. മലബാറില്‍ നിന്നും ജാഥ തുടങ്ങുന്നത് കൊണ്ടാണ് ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓര്‍മ്മപ്പെടുത്തിയത്. കേരളത്തിലെമ്പാടും ഇത്തരം മതസാഹോദര്യം കാണാനാകും. കേരളത്തിന്‍റെ വിശ്വാസത്തിന്‍റെയും ആചാരങ്ങളുടെയും ചരിത്രം തന്നെ സംഘപരിവാര്‍ ആശയങ്ങള്‍ക്ക് എതിരാണ് എന്ന് മനസിലായ സ്ഥിതിക്ക് ഈ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തി ദൈവാനുഗ്രഹം തേടേണ്ടതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com