മലയാളികളുടെ ജീര്‍ണിച്ച സംസ്കാരത്തിന് ഇരയാവുകയാണ് ഹനാന് ഇപ്പോള്‍
സ്മിത ശൈലേഷ്
ഹനന്‍ എന്ന വിദ്യാര്‍ഥിയുടെ തമ്മനം മാര്‍ക്കറ്റിലെ മീന്‍കച്ചവടം ഒരു സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള അഭിനയമായിരുന്നുവെന്ന ആരോപണം ഇപ്പോള്‍ വ്യാപകമാണ്. ദേശീയ കായിക താരങ്ങളുടെ ജാതി തിരയുന്ന, ഹനാന് വാര്‍ത്തകളില്‍ നിറയുമ്പോള്‍ അതിനടിയില്‍ ‘ഇവള്‍ക്കെന്താ തട്ടം ഇട്ടൂടെ’ എന്ന് ചോദിക്കുന്ന ജീര്‍ണിച്ച മലയാളി സംസ്കാരത്തിന് ഇരയാവുകയാണ് ഇപ്പോള്‍ ഹനാന്. അവളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച് അതില്‍ കണ്ട ഫോട്ടോകള്‍ നോക്കി ”ഹേയ്, ഇവള്‍ക്ക് ദാരിദ്ര്യം ഒന്നുല്ല”, ”മീന്‍ വില്ക്കുന്നവര് ഇങ്ങനെയാണോ”, ”ഇത് തട്ടിപ്പ് ആണ്” എന്ന് ചിന്തിക്കുകയും ഒരു ഉളുപ്പും ഇല്ലാതെ അത് ഫേസ്ബുക്കില്‍ എഴുതി വിടുകയും ചെയ്യുന്ന മലയാളികളെ കാണുമ്പോള്‍ അറപ്പ് തോന്നുന്നു.
ഹെനന്‍ നടത്തിയത് ഒരു അഭിനയമാണെങ്കില്‍ അത് കണ്ടെത്താനും പൊളിക്കാനും എന്താണിത്ര ബുദ്ധിമുട്ട്. ഹെനന്‍ പഠിക്കുന്ന കോളജ്, പഠിച്ച സ്കൂള്‍, മാതാപിതാക്കള്‍, സഹോദരന്, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവര്‍ ഇവിടെ ജീവിചിരിപ്പുണ്ടല്ലോ. പറഞ്ഞ കാര്യങ്ങള്‍ കള്ളമാണോ വാസ്തവമാണോ എന്നറിയാന്‍ നിഷ്പ്രയാസം സാധിക്കും. ഹനാന്റെ കൂടെ പഠിക്കുന്ന സഹപാഠികളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അവളെ കുറിച്ച് പോസ്റ്റ് ഇടും മുന്‍പ് ഇതൊക്കെ കാണണം.
നമുക്ക് ചില മുന്‍ധാരണകള്‍ ഉണ്ട്. പണിയെടുത്താൽ ഭക്ഷണത്തിനുള്ള പൈസ മാത്രം ഉണ്ടാക്കണം, ദാരിദ്ര്യം ഉള്ളവര്‍ നന്നായി വസ്ത്രം ധരിക്കരുത്, മീൻ വിൽക്കുമ്പോ കയ്യിൽ ഗ്ളൗസ് ഇടരുത്, മധ്യവർഗ്ഗ ജീവിതം നയിച്ചൂടാ, പ്രശസ്തി വന്നാൽ വിനയത്തോടെ ഒതുങ്ങി പ്രതികരിക്കണം. ഇതൊക്കെ ഒത്ത്, കാഴ്ചക്കാരൻറെ ആനന്ദം മൂർച്ഛിച്ചാൽ പിന്തുണ വരും. എന്നാല്‍ ദൃശ്യങ്ങളിൽ സ്മാർട്ടായൊരു പെൺകുട്ടിയെ കണ്ടാല്‍ കുരു പൊട്ടും. മീന്‍ വില്‍ക്കുന്ന, ദാരിദ്ര്യം പറയുന്ന പെണ്‍കുട്ടി എങ്ങനെ സ്മാര്‍ട്ട് ആകും.
മാതൃഭൂമിയിൽ വാർത്ത കണ്ട് ആദ്യം സംസാരിച്ചത് മീൻപെട്ടി വെക്കുന്ന തമ്മനത്തെ വീട്ടിലെ അമ്മയോടാണ്. ആ അമ്മ അവള്‍ക്കുള്ള ഭക്ഷണം കൂടി നല്‍കിയിരുന്നു. ”രണ്ട് ദിവസമായിട്ടുണ്ടായിരുന്നൊള്ളൂ ആ കുട്ടി വരാൻ തുടങ്ങിയിട്ട്. അവളുടെ അവസ്ഥ കേട്ടറിഞ്ഞത് കൊണ്ട് തന്നെ, വൈകീട്ട് കൊടുക്കാനുള്ള ഭക്ഷണമൊക്കെ എടുത്ത് വെക്കാറുണ്ട്” എന്നാണ് അവര്‍ പറയുന്നത്. ഈ അമ്മയുടെ വീട്ടിലെ ഫ്രിഡ്ജിലാണ് ബാക്കി വരുന്ന മീൻ സൂക്ഷിക്കുന്നത്. അവരൊന്നും കാണാത്ത പറ്റിക്കലാണ് പിന്തുണക്കാർക്ക് അനുഭവപ്പെടുന്നത്. മാത്രമല്ല, തമ്മനത്ത് എത്തും മുന്‍പ് വേറെ രണ്ടുപേരോടൊപ്പം മീന്‍ വിറ്റിരുന്നു ഹനാന്. അതില്‍ സഹോദരനെ പോലെ കണ്ടിരുന്ന ആളുടെ പ്രവൃത്തി വേദനിപ്പിച്ചപ്പോള്‍ ഒറ്റയ്ക് ഇറങ്ങിയതാണ് അവള്. വാര്‍ത്തയില്‍ പറയുന്ന ഈ കാര്യം അന്വേഷിക്കാതെ ഇത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് തീരുമാനിക്കുന്ന മലയാളി അത്ഭുതം തന്നെ.
പ്രതീക്ഷിച്ച് ചെന്ന കദനകഥ പറഞ്ഞില്ല, ഷൂട്ട് ചെയ്യാൻ പാകത്തിലുള്ള ശരീരഭാഷയും വർത്തമാനവും പ്രകടിപ്പിച്ചില്ല എന്നതൊക്കെ കൊണ്ടാണല്ലോ ഇപ്പോൾ ഹനാൻ മീങ്കാരിപ്പെണ്ണും തേപ്പുകാരിയുമൊക്കെ ആകുന്നത്. വളരെയധികം പോരാടി ജീവിക്കുന്ന കുട്ടിയാണ്. സിനിമ മോഹിയാണ്. മുത്തുമാല വിൽപന, പാട്ട് പാടൽ, ഭക്ഷണം ഉണ്ടാക്കി വിൽക്കൽ, ആങ്കറിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. ഭേതപ്പെട്ട പൈസ ഉണ്ടാക്കാൻ വേണ്ടിത്തന്നെ മീനും വിൽക്കുന്നു. അവള് ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. അവളുടെ ഫേസ്ബുക്കില്‍ ദാരിദ്ര്യം പറയുന്ന കഷ്ടപ്പാട് കാണിക്കുന്ന ഒരു ഫോട്ടോ പോലും കാണാന്‍ പറ്റില്ല. അതുകൊണ്ട് ഇതൊന്നും വിശ്വസിക്കാന്‍ മലയാളി തയ്യാറുമല്ല.
അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാൻ മാത്രമല്ല, നല്ല നിലക്ക് ജീവിക്കാൻ കൂടിയാണ് അവൾ ജോലി ചെയ്യുന്നത്. അതിനകത്ത് പലതരം ആനന്ദങ്ങളുണ്ടാകും. സിനിമ കിട്ടിയാൽ അഭിനയിക്കാൻ പോകുമായിരിക്കും. മീൻ വിൽക്കുകയോ സഹായം സ്വീകരിക്കുകയോ ചെയ്യുമായിരിക്കും. ആർക്കാണ് കുഴപ്പം?
ദാരിദ്ര്യം കണ്ട് കണ്ണീരൊഴുക്കാൻ അവസരം കിട്ടാത്ത ചൊരുക്ക്, തൊട്ട് മുമ്പ് ആഘോഷിച്ച അതിജീവനത്തെ അട്ടിമറിക്കാൻ പാകത്തിൽ വയലൻറ് ആകുന്നുണ്ട്. ഇന്നലത്തെ ബഹളം കഴിഞ്ഞ് സർജറി കഴിഞ്ഞ ചെവിക്ക് അണുബാധയായി ആശുപത്രിയിലാണ് ഹനാൻ. കേരളം മുഴുവൻ കള്ളി എന്ന് വിളിക്കുമ്പോ അത് തെറ്റാണെന്ന് തെളിയിക്കാനെങ്കിലും ഇന്നും മീൻപെട്ടി എടുത്ത് വരേണ്ടി വരും അവൾക്ക്.
പിന്തുണയും, ഹോ അതിജീവനം എന്ന വാ പൊളിക്കലും, അയ്യോ ഞങ്ങളെ പറ്റിക്കാനാകില്ല കണ്ടു പിടിച്ച് നശിപ്പിച്ച് കളയും ലൈനിലായതോടെ, തൻറേതായ രീതിയിൽ പൊരുതി ജീവിച്ച ഒരു പെൺകുട്ടി ആവശ്യത്തിലധികം സമ്മർദ്ദത്തിലായിട്ടുണ്ട്. വല്ലാത്തൊരു ആൾക്കൂട്ടം തന്നെ..