ശബരിമല നമുക്കൊരു സുവര്‍ണാവസരമാണ് : ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ പുറത്ത്

വെബ്‌ ഡസ്ക് 

ശബരിമലയെ തകര്‍ക്കാനും കേരളത്തില്‍ വര്‍ഗ്ഗീയകലാപം ഉണ്ടാക്കുനുമുള്ള ബിജെപി അജണ്ട മറനീക്കി പുറത്തുവരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ച വാക്കുകളാണ് വോയിംസ് ക്ലിപ്പായി പുറത്തുവന്നിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്നിധാനത്തിനടുത്ത് വരെ യുവതി എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് ശ്രീധരന്‍പിള്ളയെ വിളിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തലിലൂടെ കേരളം കാണുന്ന പുതിയ വാര്‍ത്ത. നട അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയത് ശ്രീധരന്‍പിള്ളയാണ്. അത് കോടതി അലക്ഷ്യമാകില്ലെയെന്ന് തന്ത്രി ചോദിച്ചപ്പോള്‍ പതിനായിരങ്ങള്‍ കൂടെയുണ്ടാകും എന്നാണ് ശ്രീധരന്‍പിള്ള നല്‍കിയ മറുപടി. നട അടച്ചാല്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്താന്‍ ബിജെപി അദ്ധ്യക്ഷന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് വ്യക്തമാകുന്നതാണ് പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്ത.

ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പുനല്‍കിയെന്നും ശ്രീധരന്‍പിള്ളയുടെ വാക്കുകളിലുണ്ട്. ശബരിമല നമുക്കൊരു സുവര്‍ണാവസരമാണ്, നമ്മള്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു എന്നും ബിജെപി അദ്ധ്യക്ഷന്‍ പറയുന്നു. യുവമോര്‍ച്ച യോഗത്തിലെ ഈ വാക്കുകള്‍ ശബരിമലയെ ഉപയോഗിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള ബിജെപി നീക്കമാണെന്ന് ഇതോടെ തെളിയുകയാണ്.

കോടതി വിധിയെ ജനങ്ങളെ അണിനിരത്തി അട്ടിമറിക്കാനുള്ള ബിജെപി അധ്യക്ഷന്‍റെ  നീക്കം രാജ്യത്തെ ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനോടകം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *