ഇപ്പോള്‍ നടക്കുന്നത് സംഘപരിവാറിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രം

Sharing is caring!

വെബ്‌ ഡസ്ക് 

2019 ലെ തിരഞ്ഞെടുപ്പിന് സജ്ജമാവുകയാണ് അവര്‍. ജനങ്ങളില്‍ എപ്പോഴും തങ്ങളുടെ ആശയം ചര്‍ച്ചയാക്കുക, മറ്റ് മതക്കാര്‍ പോലും തങ്ങളെക്കുറിച്ച് സംസാരിക്കുക, മതവും വിശ്വാസങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. രാമായണ മാസാചരണത്തിലും ശബരിമല സ്ത്രീ പ്രവേശനത്തിലും ഇപ്പോള്‍ മീശ നോവല്‍ വിഷയത്തിലും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രചരണം പരിശോധിച്ചാല്‍ മാത്രം മതി ഇത് മനസിലാക്കാന്‍.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സജീവമല്ലാതിരുന്ന സംഘപരിവാര്‍ കേന്ദ്രങ്ങളൊക്കെ സജീവമായിത്തുടങ്ങി. സോഷ്യല്‍മീഡിയ ആണ് അവര്‍ ആയുധമാക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് ഇത്തവണയും പയറ്റുന്നത്. അന്നത്തേക്കാള്‍ സോഷ്യല്‍മീഡിയ ശക്തമാണിപ്പോള്‍. അതുകൊണ്ട് തന്നെ തന്ത്രപരമായ നീക്കങ്ങളാണ് സംഘപരിവാറുകാര്‍ നടത്തുന്നതും.

മുഖ്യമന്ത്രി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും, എം എ ബേബിലും, മന്ത്രി ജി സുധാകരനും. എ കെ ബാലനും, മീശ നോവല്‍ വിവാദത്തില്‍ പ്രതികരിച്ചപ്പോള്‍ ആ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റുകള്‍ നിരത്തി, അതിന് കൂട്ടമായി ലൈക്കുകള്‍ ചെയ്ത് പോസ്റ്റിനെക്കാള്‍ റീച്ച് കമന്‍റുകള്‍ക്കുണ്ടെന്ന പ്രചരണം നടക്കുകയാണ് ഇപ്പോള്‍. തങ്ങള്‍ പറയുന്നതിനാണ് സമൂഹത്തില്‍ മേല്‍ക്കൈയ്യെന്ന് വരുത്തിതീര്‍ക്കുകയാണ് ഉദ്ദേശ്യം. ഇതിനായി സംഘപരിവാര്‍ സോഷ്യല്‍മീഡിയ മാനേജ്മെന്‍റുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്നും പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ യാത്രയില്‍ സോഷ്യല്‍മീഡിയയുടെ പങ്ക് രാജ്യത്തെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു ടീമിനെ തന്നെ അതിന് വേണ്ടി നിയോഗിച്ചിരുന്നു. അതുപോലെ ഒരു ഇവന്‍റ് മാനേജ്മെന്‍റ് ടീം സംഘപരിവാറിന് വേണ്ടി പ്രചരണ തന്ത്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്ന് വേണം കരുതാന്‍.

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ തന്നെ ഫേസ്ബുക്ക് ലൈവില്‍ വന്നതും, മീശ നോവല്‍ വിവാദത്തിലെ കടന്നാക്രമണവും ഇതില്‍ നിന്നും വ്യക്തമാണ്. ഹിന്ദുവിനെ പറയുന്ന പോലെ നിങ്ങള്‍ മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ പറയുന്നില്ലല്ലോ എന്ന് അലി അക്ബറിനെക്കൊണ്ട് പറയിപ്പിച്ചതും ഇതേ തന്ത്രങ്ങളുടെ ഭാഗമാണ്. രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് എന്ത് സംസാരിക്കുമ്പോഴും അതില്‍ ഹിന്ദുക്കളുടെ സംരക്ഷകരായും രാമായണത്തിന്‍റെ കസ്റ്റോഡിയډാരായും സംഘപരിവാറുകാര്‍ വരുന്നതും ഇതിന്‍റെ കൂടെ കൂട്ടിവായിക്കേണ്ടതാണ്.

രണ്ട് കാര്യങ്ങളാണ് ഈ തന്ത്രങ്ങളിലൂടെ സംഘപരിവാര്‍ സ്വരുക്കൂട്ടുന്നത്. ഒന്ന് അനുഭാവികളായ സംഘപരിവാറുകാരെ തിരഞ്ഞെടുപ്പിന് ശക്തരാക്കുക. രണ്ട്, തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്നും വികസനം മാറ്റി നിര്‍ത്തി മതം ചര്‍ച്ചയാക്കുക.

സംഘപരിവാറിന് കൃത്യമായ മറുപടി കൊടുക്കാന്‍ ഇടതുപക്ഷത്തെ സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ അത്ര ഗൗരവത്തോടെ ഇതുവരെ രംഗത്തെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ഒരു കൃത്യമായ ഇവന്‍റ്മാനേജ്മെന്‍റ് ഗ്രൂപ്പ് ഇടതുപക്ഷത്തിനായി സോഷ്യല്‍മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നില്ല, അല്ലെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ക്ക് എന്ത് മറുപടി എന്ന ചിന്താഗതി. ഇതാണ് സംഘപരിവാറിന് ഗുണകരമാകുന്നതും. അവര്‍ പ്രചരിപ്പിക്കുന്ന അരാഷ്ട്രീയത വേഗത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. ഉദാഹരണത്തിന്, ശബരിമലയില്‍ നിങ്ങള്‍ പോകുമോ എന്ന് കേരളത്തിലെ ഒരു സാധാരണ സ്ത്രീയോട് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കാം ഉത്തരം. മീശ നോവലില്‍ അങ്ങനെ പറയേണ്ട കാര്യം എന്താണ് എന്ന് ഒരു സാധാരണ കേരളീയനോട് ചോദിച്ചാല്‍ ശരിയാണല്ലോ എന്ന് അയാള്‍ ചിന്തിച്ചുപോകും. അത്രേയുള്ളു സംഘപരിറിന് പണി. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ ഉത്തരവാദിത്വം ഈ ശരികളെല്ലാം തെറ്റാണ് എന്ന് ബോധ്യപ്പെടുത്തലാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ യുദ്ധം തുടരുമെന്ന് തന്നെ പറയാം.

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com