നിരത്ത് കീഴടക്കാൻ വരുന്നു ന്യൂ ജനറേഷൻ ഹോണ്ട സിറ്റി
ഹോണ്ടയുടെ ജനപ്രിയ മോഡലായ സിറ്റി പുതിയ രൂപത്തിലും ഭാവത്തിലും വരാൻ ഒരുങ്ങുകയാണ്. ബിഎസ് 6 വാഹനങ്ങളിൽ നിരത്ത് കീഴടക്കുന്ന പ്രത്യേകതകളുമായാണ് ന്യൂ ജനറേഷൻ ഹോണ്ട സിറ്റി അവതരിക്കാനൊരുങ്ങുന്നത്. ഡിസൈനും എന്‍ജിനും പുതുക്കിയെത്തുന്ന ഹോണ്ട സിറ്റി മാര്‍ച്ച് 16 ന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതായാണ് വിവരം. മികച്ച ഇന്ധനക്ഷമത ഉറപ്പിക്കുന്നതിനായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കിയാണ് പുതിയ സിറ്റി വരുന്നത്.
നിലവിലുള്ള സിറ്റി മോഡലിനെ അപേക്ഷിച്ച് ആഡംബരവുമായ എക്സറ്റീരിയറാണ് പുതിയ ഡിസൈൻ. ഹോണ്ടയുടെ പ്രീമിയം സെഡാന് മോഡലായ സിവിക്കിന് സമാനമാണ് മുന്‍വശം. ഫ്രണ്ട് ബംമ്പര്‍, ഗ്രില്ല് എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫോഗ് ലാമ്പ്, ഹണി കോംമ്പ് ഡിസൈനുള്ള വലിയ എയര്‍ഡാം എന്നിവയാണ് മുന്‍വശത്തുള്ളത്. പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന് ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.
1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകൾ തന്നെയാണ് പുതിയ സിറ്റിയിലും ഉള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കുന്നുണ്ട് എന്നതാണ് പുതിയ സിറ്റിയെ വ്യത്യസ്തമാക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കാനാണ് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നത്. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്സ്മിഷനില് ഈ എഞ്ചിന് 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന് 6 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.
120 ബിഎച്ച്പി പവറും 173 എന്‍എം ടോര്ക്കുമേകുമെന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും പുതിയ സിറ്റിയിൽ ഉണ്ടെന്നാണ് മനസിലാക്കുന്നത്. സിവിടിയാണ് ട്രാന്സ്മിഷന്. 23.8 കിലോമീറ്ററാണ് കമ്പനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.