മുതലാളിത്തം തകരുകയല്ല; തിരിച്ചുവരവിനു കച്ച കെട്ടുകയാണ്

ലോക മുതലാളിത്തത്തിന്റെ തകര്‍ച്ചയാണ് കൊറോണ പകര്‍ച്ചവ്യാധിയുടെ ആഘാതം ഉണ്ടാക്കിയ റിസള്‍ട്ട് കാണിച്ചു തരുന്നതെന്നു ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്ക, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നിങ്ങനെയുള്ള ഒന്നാം ലോക രാജ്യങ്ങളിലെ മരണ നിരക്ക് തന്നെയാണ് അങ്ങനെ കരുതാന്‍ കാരണം. പകര്‍ച്ച വ്യാധിക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് ലോക നേതാക്കള്‍!
മനുഷ്യരുടെ ജീവന് വിലകല്‍പ്പിക്കാത്ത വ്യവസ്ഥിതി എന്നാണ് മുതലാളിത്തത്തെ കൊറോണക്കാലത്ത് വിശേഷിപ്പിച്ചുകാണുന്നത്. കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും മുതലാളിത്ത വ്യവസ്ഥിതിയെ കൊറോണക്കാലത്ത് കടന്നാക്രമിക്കുന്നുണ്ട്. എന്നാല്‍ ഉദാഹരണ സഹിതമുള്ള വിമര്‍ശനം കൊടുമ്പിരി കൊള്ളുമ്പോഴും മുതലാളിത്തം പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്.
കൊറോണാനന്തരം മുതലാളിത്തം കൂടുതല്‍ ശക്തമാകുമെന്നാണ് ചില നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ ദശാബ്ദത്തില്‍ തകര്‍ന്നു പോയ വന്‍കിട കമ്പനികളും അവയുടെ ഭൂത പ്രേതങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് തോന്നുന്നത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണ് കോവിഡ് -19 വൈറസിന് പെട്ടെന്ന് ഇരയാകുന്നത് എന്ന കാരണത്തെയാണ് ഇവര്‍ മുതലെടുക്കാന്‍ പോവുന്നത്. ഈ സാഹചര്യത്തില്‍ ‘പ്രതിരോധശേഷി’ തുറന്നു നല്‍കുന്നത് വലിയ വ്യാപാരമേഖലയാണ്.

പകര്‍ച്ചവ്യാധിയുടെ ഉറവിടം ചൈന ആയതിനാല്‍ സ്വാഭാവികമായും ഈ കച്ചവടത്തില്‍ പടിഞ്ഞാറിനു ആധിപത്യം ഉണ്ടാകാമെന്നാണ് അവര്‍ കരുതുന്നത്. ഇപ്പോള്‍ തന്നെ വാക്സിന് നിര്‍മ്മാണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ഏറക്കുറെ വിജയകരമായി തന്നെ വാക്സിന് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജോണ്സണ് ആന്‍ഡ് ജോണ്സണ് ആണ് മറ്റൊരു ടീം. അവരുടെ അദ്യ ഘട്ട പരീക്ഷണം പൂര്‍ത്തിയായി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് അറ്റമില്ലാത്ത ഡിമാന്‍ഡ് ആണ് ഇപ്പോള്‍ ഈ പകര്‍ച്ച വ്യാധി തുറന്നിട്ടിരിക്കുന്നത്.
കോവിഡ് -19 പൊട്ടി പുറപ്പെടുന്നതിനു മുന്‍പ് ലോകത്തെ പ്രതിരോധ മരുന്ന് വിപണിയില്‍ ചൈനയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍ ഇപ്പോള്‍ കൊറോണ പകര്‍ച്ച വ്യാധിയുടെ ഉറവിടം ചൈന ആണെന്നതിനാല്‍ ചൈനീസ് ആധിപത്യം തകരുമെന്നാണ് പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ കണക്കു കൂട്ടല്‍. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മരവിപ്പിച്ചത് ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.
പ്രതിരോധ മരുന്ന് രംഗത്തെ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാനും മുതലാളിത്തത്തിന് ഈ രംഗത്തേക്ക് കടന്നുവരാനും ആണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്ന് കരുതേണ്ടിയിരിക്കുന്നു. അവാസ്തവങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ചൈനയെ മാനവികതയുടെ ശത്രുവാക്കി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനക്കെതിരെ ട്രംപ് ഉന്നയിച്ച ആരോപണങ്ങള്‍ അവാസ്തവം ആണെന്ന് ഇതിനകം നിരവധി പേര് തെളിയിച്ചിട്ടുണ്ട്. ഇക്കാര്യം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം, ചൈനയുടെ സ്വതസിദ്ധമായ ശാന്ത പ്രകൃതവും തന്ത്രപരമായ നീക്കവും പടിഞ്ഞാറന്‍ മുതലാളിത്ത വ്യാമോഹത്തെ തേച്ചു ഒട്ടിക്കാതിരിക്കില്ലെന്നു കരുതുന്നവരുമുണ്ട്. പ്രതിരോധ വിപണിയിലെ ഈ കിട മത്സരം കോടിക്കണക്കിനു വരുന്ന മനുഷ്യജീവിതം പന്താടികൊണ്ടാണെന്നത് ഏറെ സങ്കടകരമാണ്. മുതലാളിത്ത വ്യവസ്ഥിതി കച്ചവടത്തിന് അപ്പുറം മനുഷ്യ ജീവന് വിലകല്‍പ്പിക്കുന്നില്ലെന്ന വാദത്തിന് കരുത്ത് പകരുന്നതാണ് ഈ കച്ചവട ബുദ്ധി.
മുതലാളിത്തം തങ്ങളുടെ ഇടം എങ്ങനെ തിരിച്ചുപിടിക്കാമെന്ന തന്ത്രത്തിലാണ്. ചുരുക്കത്തില്‍ ഇപ്പോള്‍ നടക്കുന്നത് മുതലാളിത്ത തകര്‍ച്ചയല്ല മറിച്ചു യൂറോപ്പ്യന്‍ മുതലാളിത്തം അതിന്റെ അതിജീവനത്തിനായി (തിരിച്ചുവരവിനായി) ചൈനക്കെതിരെ നീങ്ങുന്ന ശീതയുദ്ധമാണ് നടത്തുന്നത്. അതെ, ലോക ജനത വീട്ടിലിരിക്കുമ്പോള്‍ മുതലാളിത്തം വിപണിയില്‍ ആയുധത്തിന് മൂര്‍ച്ച കൂട്ടുകയാണ്.