തെരഞ്ഞെടുപ്പില്‍ ദുഃഖവും സന്തോഷവും ചര്‍ച്ചയാക്കി ഐക്യരാഷ്ട്ര സഭയുടെ പഠനം
വെബ് ഡസ്ക്
രസകരമെന്ന് തോന്നാമെങ്കിലും ഗൗരവമേറിയ ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കാരില്‍ ദുഃഖം വര്‍ദ്ധിച്ചുവരുന്നതായി വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പഠനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. ഇതിനകം തന്നെ രാഷ്ട്രീയ ട്രോളുകളും മറ്റും പഠനത്തെ അധികരിച്ച് വന്ന് കഴിഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം സന്തോഷിക്കുന്ന ജനതയുള്ള രാജ്യങ്ങളില്‍ ഇന്ത്യ 140 ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 2018 ല്‍ ഇന്ത്യ 133 ാം സ്ഥാനത്തായിരുന്നു. ഇന്ത്യന്‍ ജനതയുടെ സന്തോഷത്തില്‍ കുറവുണ്ടായതില്‍ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ സ്ഥിതിയും കാര്യമായ പങ്കുവഹിച്ചതായി പഠനം പറയുന്നു. വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യപിന്തുണ, ദാനശീലം എന്നീ ആറ് കാര്യങ്ങളിലാണ് വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സ് പഠനം നടത്തിയത്.
നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യക്കാരുടെ വരുമാനത്തിലുണ്ടായ ഇടിവും സാമ്പത്തിക സ്ഥിതിയുടെ പിന്നോട്ട് പോക്കും പഠനത്തെ സ്വാധീനിച്ചിട്ടുണ്ട്. 2019 ആകുമ്പോഴേക്കും തൊഴില്‍ ഇല്ലായ്മ നിരക്ക് വര്‍ദ്ധിക്കുകയും തൊഴില്‍ രംഗത്ത് പുരുഷന്മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരികയും ചെയ്തു. ഈ അവസ്ഥ ഇന്ത്യന്‍ജനതയെ വിഷാദരാക്കിയിരുന്നു എന്നാണ് വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സ് പഠനത്തിലൂടെ വെളിവാകുന്നത്.
പഠനത്തിന് അടിസ്ഥാനമാക്കിയ സ്വാതന്ത്ര്യം, വിശ്വാസം, സാമൂഹ്യപിന്തുണ എന്നിവയും 2018-19 വര്‍ഷം ഇന്ത്യയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. വ്യക്തിസ്വാതന്ത്ര്യ വിഷയത്തില്‍ കോടതി വരെ ഇടപെടേണ്ട സ്ഥിതി രാജ്യത്ത് ഉണ്ടായിട്ടുണ്ട്. മാത്രമല്ല, വിശ്വാസത്തിന്റെ പേരില്‍ ഭീഷണി വര്‍ദ്ധിക്കുകയും വിശ്വാസികളായ ഭൂരിപക്ഷം ജനത ഭയത്തിലാവുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ സന്തോഷത്തില്‍ ഇടിവ് വരുത്തുന്നതിന് കാരണമായി.
എന്‍ഡിഎ മുന്നണിക്കും ബിജെപിക്കും ദുഃഖവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സന്തോഷവും നല്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ചൂടില്‍ നില്ക്കുന്ന ഇന്ത്യയില്‍ വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സ് പഠനം വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തും എന്നകാര്യത്തില്‍ സംശയമില്ല.