രൊഹിന്‍ഗ്യാ മുസ്ലീമുകള്‍, കടലില്‍ കഴിയുന്ന രാജ്യമില്ലാത്ത ജനത : സിയാര് മനുരാജ് എഴുതുന്നു..
സിയാര് മനുരാജ്
ഇന്ന് ലോകത്ത് രാജ്യമില്ലാതെ അലയുന്ന എകജനത ബര്‍മ്മയിലെ /മേന്മാറിലെ രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ ആണ്. ബര്‍മ്മയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനില്‍ ആണ് രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ കൂടുതലായി കാണുന്നത് . ബ്രിട്ടീഷ് ആധിപത്യക്കാലത്ത് ബര്‍മ്മ ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു പ്രവിശ്യയായിരുന്ന സമയത്ത് രാഖൈനിലേക്ക് തൊഴില്‍ തേടി ധാരാളം മുസ്ലീമുകള്‍ ബംഗാളില്‍ നിന്നും ഇന്നത്തെ ബംഗ്ലാദേശില്‍നിന്നും കുടിയേറിയിരുന്നു. .അവരുടെ പിന്തലമുറകളാണ് ഇന്നത്തെ രൊഹിന്‍ഗ്യാ മുസ്ലീമുകള്‍.എന്നാല്‍ തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്‍പേ തന്നെ ബര്‍മ്മയില്‍ താമസിക്കുന്നവര്‍ ആണെന്നാണ് രൊഹിന്ഗ്യന് ജനതകള്‍ അവകാശപ്പെടുന്നത് . ഇന്ത്യയും ബംഗ്ലാദേശും മിയന്മാറും തമ്മിലുള്ള ഭൂപരമായ ബന്ധം അറിയുന്ന ആര്‍ക്കും രൊഹിന്ഗ്യന് ആളുകളുടെ അവകാശവാദത്തെ നിഷേധിക്കാന്‍ കഴിയില്ല . ഇനി എന്താണ് രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ ബര്‍മ്മയില്‍ നേരിടുന്ന പ്രതിസന്ധി എന്ന് നോക്കാം.
ബര്‍മ്മയിലെ ഭൂരിപക്ഷജനത തേരാവാദ ബുദ്ധ മതക്കാര്‍ ആണ് . ബ്രിട്ടീഷ് ആധിപത്യക്കാലത്ത് വെള്ളക്കാരുടെ പീഡനം ഏറ്റുവാങ്ങിയ ജനതകളാണ് ബുദ്ധമതക്കാര്‍ .ബ്രിട്ടീഷുകാരോട് ഇണങ്ങി ജീവിച്ചവര്‍ ആയിരുന്നു ഇന്നത്തെ രൊഹിന്‍ഗ്യാ മുസ്ലീമുകളുടെ പൂര്‍വ്വികര്‍ . ഇവിടെ തുടങ്ങുന്നു ബുദ്ധമതക്കാരും രൊഹിന്‍ഗ്യാ മുസ്ലീമുകളും തമ്മിലുള്ള വൈരം . 1948 ല്‍ ബര്‍മ്മ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയതോടെയാണ് രൊഹിന്‍ഗ്യാ മുസ്ലീമുകളുടെ കഷ്ടകാലം തുടങ്ങുന്നത് . ബുദ്ധമതക്കാരും രൊഹിന്‍ഗ്യാ മുസ്ലീമുകളും തമ്മില്‍ ഇണങ്ങിയും പിണങ്ങിയും കഴിയുന്നതിനിടയില്‍ വലിയ കലാപങ്ങള്‍ ഉണ്ടാവുകയും 70 കളില്‍ വലിയ തോതില്‍ പഴയ ആരക്കന്‍ (ഇന്നത്തെ രാഖൈന്‍) പ്രവിശ്യകളില്‍നിന്നും മുസ്ലീമുകള്‍ പല നാടുകളിലേക്ക് പലായനം ചെയ്യുകയും തിരികെ വരികയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയില്‍ ആണ് ബര്‍മ്മ അവരുടെ പുതിയ പൌരത്വ നിയമം 1982 ല്‍ പാസാക്കുന്നത് .
1982 ലേ പൌരത്വനിയമം അനുസരിച്ച് ബര്‍മ്മയില്‍ മൂന്നു തരത്തിലുള്ള പൌരന്മാര് ഉണ്ട് . അതില്‍ ഒന്നാമത്തേത് 1823 ല്‍ ബ്രിട്ടീഷ് ആധിപത്യം തുടങ്ങുന്നതിനു മുമ്പ് ബര്‍മ്മയില്‍ ജീവിച്ചിരുന്ന വരുടെ അനന്തരാവകാശികള്‍ ആണ് .അവരാണ് ബര്‍മ്മയിലെ യഥാര്‍ത്ഥ പൌരന്മാര്. അവര്‍ ബുദ്ധമതക്കാര്‍ ആണ് . 1948 ലേ പൌരത്വ നിയമം അനുസരിച്ച് പൌരന്മാര് ആയവരോ ,തങ്ങളുടെ മുത്തശ്ചന് മുത്തശ്ശിമാരില്‍ ഒരാളെങ്കിലും വിദേശി ആണെങ്കില്‍ അങ്ങനെയുള്ളവരും ബര്‍മ്മീസ് പൌരന്മാര് ആണ്.അവരെ അസോസിയേറ്റ് പൌരന്മാര് എന്ന് വിളിക്കുന്നു .ബര്‍മ്മയിലെ ഏതെങ്കിലുമൊരു ദേശീയ ഭാഷ സംസാരിക്കാന്‍ കഴിയുന്ന 18 വയസ് കഴിഞ്ഞതും ഭരണഘടന അംഗീകരിച്ച 135 വംശീയ ഗ്രൂപ്പുകളില്‍ പെടുന്നവരും ,ഇവരില്‍ ഒരാളുടെയെങ്കിലും മാതാപിതാക്കള്‍ 1948 ന് മുന്‍പ് ബര്‍മ്മയില്‍ ജീവിച്ചവരും ,അവര്‍ക്ക് മേല്‍ പറഞ്ഞ ആദ്യത്തെ രണ്ടു രീതിയിലുള്ള പൌരത്വം ഉള്ളവരും ആണെങ്കില്‍ അവര്‍ക്കും ബര്‍മ്മീസ് പൌരത്വം ലഭിക്കും. മൂന്നാമത്തെ പൌരത്വം Naturalized പൌരത്വം എന്നറിയപ്പെടുന്നു.മൂന്നാമത്തേത് വിദേശികള്‍ക്ക് ബര്‍മ്മീസ് പൌരത്വം കിട്ടാനുള്ള സാധ്യതയാണ് .
ഇനി എങ്ങനെയാണ് ബര്‍മ്മയിലെ പൌരത്വ നിയമം രൊഹിന്‍ഗ്യാ മുസ്ലീമുകളെ പൌരന്മാര് അല്ലാതാക്കുന്നതെന്ന് നോക്കാം. ബുദ്ധമതക്കാരുടെ കണ്ണില്‍ രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ 1823 ന് ശേഷം മാത്രം ബര്‍മ്മയില്‍ വന്നവര്‍ ആണ്. അവരെ ഭരണഘടന അംഗീകരിച്ച 135 വംശീയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല .അവരുടെ ഭാഷയായ രൊഹിന്‍ഗ്യാ രാജ്യത്തെ ദേശീയ ഭാഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല .എന്ന് പറഞ്ഞാല്‍ 1982 ലേ പൌരത്വ നിയമം അനുസരിച്ച് രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ ബര്‍മ്മയിലെ വിദേശികള്‍ മാത്രമാണ്. ബര്‍മ്മയില്‍ താമസിക്കുന്ന വിദേശികള്‍ അതാണ് രൊഹിന്‍ഗ്യാ മുസ്ലീമുകളുടെ ബര്‍മ്മയിലെ സ്റ്റാറ്റസ് . വിദേശികള്‍ എന്ന നിലയില്‍ രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ക്ക് സര്‍ക്കാര്‍ വക വിദ്യാഭ്യാസമോ മറ്റു സഹായങ്ങളോ ലഭ്യമല്ല .മ്യാന്മാര് പട്ടാളം രൊഹിന്‍ഗ്യാ മുസ്ലീമുകളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ,അവരുടെ സ്ത്രീകളെ ബലാല്ക്കാരം ചെയ്യുകയും ,ആണുങ്ങളേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കുകയും ചെയ്യുന്നു . എഴുപതുകളില്‍ തുടങ്ങിയ ഉന്മൂലനം അവരിന്നും തുടരുന്നു. ഐക്യരാഷ്ട്രസഭ പാസാക്കിയ ബാലാവകാശ നിയമം അനുസരിച്ച് ഒരു കുഞ്ഞ് എവിടെയാണോ ജനിക്കുന്നത് അവിടുത്തെ പൌരത്വം ലഭിക്കാന്‍ അതിനര്‍ഹത ഉണ്ട്.1991 ല്‍ ബര്‍മ്മ ഈ നിയമം അംഗീകരിച്ചതുമാണ് .എങ്കിലും ഇന്നും രൊഹിന്‍ഗ്യാ കുഞ്ഞുങ്ങള്‍ക്ക് പൌരത്വം കൊടുക്കാന്‍ ബര്‍മ്മ തയ്യാറായിട്ടില്ല . രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ക്ക് നേരെ ബര്‍മ്മീസ് പട്ടാളം ക്രൂരതകള്‍ അഴിച്ചു വിടുമ്പോള്‍ സമാധാന പുരസ്കാര ജേതാവായ ആങ്ങ് സാന്‍ സൂകി നിശബ്ദത പാലിക്കുന്നത് എത്രമേല്‍ അരോചകമാണ് .അതിലേറെ അരോചകമാണ് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ രൊഹിന്‍ഗ്യാ മുസ്ലീമുകള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്നത്.
രൊഹിന്‍ഗ്യാ മുസ്ലീമുകളുടെ വീടുകളും കിടപ്പാടവും നശിപ്പിച്ച് അവരെ ജയിലുകള്‍ക്ക് തുല്യമായ ക്യാമ്പുകളില്‍ ആണ് ഇപ്പോള്‍ അടച്ചിരിക്കുന്നത് . അഞ്ചും ആറും വര്‍ഷമായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവിടുണ്ട് . വിദ്യാഭ്യാസം ,ചികിത്സ മുതലായവ അവര്‍ക്ക് നിഷേധിച്ചിരിക്കുകയാണ് .2011 ല്‍ പട്ടാള ഭരണം പിന്‍വലിച്ചുവെങ്കിലും 2015 ല്‍ ആങ്ങ് സാന്‍ സൂകിയുടെ പാര്‍ട്ടിക്ക് രണ്ടു സഭകളിലും ഭൂരിപക്ഷം ഉണ്ടായെങ്കിലും രൊഹിന്ഗ്യകളുടെ പുനരധിവാസത്തിനോ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനോ സാന്‍ സൂകിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും എടുക്കുന്നില്ല എന്നതാണ് സത്യം. ഒബാമ മിയാന്മാര് സന്ദര്‍ശിച്ച സമയത്ത് അമേരിക്കയുടെ കണ്ണില്‍ പൊടിയിടാന്‍ ചില നടപടികള്‍ മിയാന്മാര് സര്‍ക്കാര്‍ ചെയ്തുവെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല .ക്യാമ്പുകളില്‍ മിക്കതും സന്നദ്ധ സംഘടനകളുടെ ഫണ്ടിംഗില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . പട്ടാളം അധികാരത്തില്‍ നിന്നും മാറിയെങ്കിലും സാമൂഹ്യജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഇപ്പോഴും അവരുടെ നിത്യസാന്നിധ്യം ഉണ്ട് .വലതുപക്ഷ തീവ്രവാദം പുലര്‍ത്തുന്ന ബുദ്ധ സന്യാസിമാര്‍ ആണ് രൊഹിന്ഗ്യന് പീഡനങ്ങള്‍ക്ക് പുറകിലെന്നാണ് രൊഹിന്ഗ്യന്മാര് പറയുന്നത്.2012 ല്‍ സര്‍ക്കാര്‍ രൊഹിന്ഗ്യന് എന്ന് രേഖപ്പെടുത്തിയ വെള്ള ഐഡന്റിറ്റി കാര്‍ഡ് നല്‍കിയിരുന്നു .അവരെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും അനുവദിച്ചിരുന്നു .എന്നാല്‍ 2015 ല്‍ ഈ കാര്‍ഡുകള്‍ പിന്‍വലിക്കുകയും പകരം ബംഗാളി എന്ന് രേഖപ്പെടുത്തിയ കാര്‍ഡ് നല്‍കുകയും ,തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ ബുദ്ധസന്യാസിമാര്‍ക്ക് പറയനുള്ളതെന്താണെന്ന് നോക്കാം . രൊഹിന്ഗ്യന് ജനത ബര്മ്മക്കാര് അല്ല .അവര്‍ വിദേശികളായ മുസ്ലീമുകള്‍ ആണ് . ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റോഡു പണിക്കാരും തോട്ടം പണിക്കാരും ആണ് അവരെന്നാണ് ബുദ്ധസന്യാസിമാര്‍ പറയുന്നത് . അവര്‍ക്ക് ബര്‍മ്മയുടെ സംസ്കാരം ഇല്ല .അവര്‍ തീവ്രവാദികള്‍ ആണ് .അവരെ സ്വതന്ത്രമായി വിട്ടാല്‍ അവര്‍ ഞങ്ങളുടെ രാജ്യത്ത് കലാപം ഉണ്ടാക്കും . അവരുടെ കൂറ് ബംഗ്ലാദേശിനോടാണ്.ബര്‍മ്മയും ബംഗ്ലാദേശും തമ്മില്‍ ഫുട്ബാള്‍ കളിച്ചാല്‍ അവര്‍ ബംഗ്ലാദേശിനായി കയ്യടിക്കും .ലോകത്ത് 57 മുസ്ലീം രാജ്യങ്ങള്‍ ഉണ്ട്.അവര്‍ രൊഹിന്ഗ്യക്കാരെ സ്വീകരിച്ചാല്‍ തീരുന്ന പ്രശ്നമേ ഇപ്പോള്‍ ഇവിടുള്ളൂ ” .ഇതാണ് ബുദ്ധസന്യാസിമാരുടെ നിലപാട് .
ഇന്ത്യയില്‍ മുസ്ലീമുകളേയും ദലിതുകളേയും എങ്ങനെയാണ് ബ്രാഹ്മണ ഹിന്ദുക്കള്‍ ഭരണകൂട സഹായത്തോടെ അന്യവല്ക്കരിക്കുന്നതെന്നും ഇല്ലായ്മ ചെയ്യാന്‍ നോക്കുന്നതെന്നും റൊഹിന്ഗ്യകള്ക്കൊപ്പം ചേര്‍ത്തുവായിക്കണം .പശുക്കള്‍ക്ക് വേണ്ടി ആളുകളെ തെരുവില്‍ എങ്ങനെയാണ് സവര്‍ണ്ണ ഹിന്ദു തീവ്രവാദികള്‍ നേരിടുന്നത് അതുപോലെ തന്നെയാണ് ബര്‍മ്മയില്‍ മുസ്ലീമുകളെ ബുദ്ധമതക്കാര്‍ നേരിടുന്നത് . അതി ഭീകരമായ മനുഷ്യ വിരുദ്ധനടപടികള്‍ മേന്മാര് സര്‍ക്കാര്‍ ചെയ്തിട്ടും അവര്‍ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം നീക്കാനും അവരെ സഹായിക്കാനുമാണ് അമേരിക്കയും ,റഷ്യയും ,ഇസ്രായേലും ,ഇന്ത്യയും ശ്രമിക്കുന്നത്.