മരണത്തെ ഞാൻ ആദ്യമായി മണത്തത് അന്നാണ് : രന്യ ദാസ് എഴുതുന്നു…
കൈയ്യിലന്നേരം മുറുകെ പിടിച്ച കൂട്ടുകാരിയുടെ കൈവെള്ളയിലെ നനവ് എത്ര വ്യക്തമായാണ് ഞാനന്നറിഞ്ഞത്.. വീണുപോകില്ലെന്ന് ഉറപ്പ് വരുത്താനായി മനസിൽ പറഞ്ഞു കൊണ്ടേ ഇരുന്നു. ഇല്ല, ഇത് ഓർമകളുണ്ടായിരുന്ന, സ്നേഹിച്ചിരുന്ന
, രണ്ടു കണ്ണുകളാൽ ലോകം കണ്ടിരുന്ന മനുഷ്യനല്ല. അയാൾ വെറും തൊലിയും ചോരയും തലച്ചോറുമാണെന്ന്. രന്യ ദാസ് എഴുതുന്നു…
വെബ് ഡസ്ക്
ജീവിതത്തിൽ ആദ്യമായി പോസ്റ്റ്മോർട്ടം കണ്ടത് ഏഴു വർഷങ്ങൾക്ക് മുൻപാണ്. ആലുവ താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയോട് ചേർന്നുള്ള പോസ്റ്റ്മോർട്ടം റൂമിന്റെ തണുപ്പ് ഉള്ളിലെവിടെയോ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.
ഒന്നാം വർഷ ക്ലിനിക്കൽ പോസ്റ്റിംഗിന്റെ ആദ്യ നാളുകളിലൊന്നായിരുന്നു അത്. പനി നോക്കുക, ബി പി നോക്കുക, വാർഡു വഴിയൊക്കെ നടന്ന് രോഗികളുമായി സംസാരിച്ച് അസുഖങ്ങളെക്കുറിച്ച് ചോദിച്ചറിയുക തുടങ്ങി നഴ്സിംഗിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയ സമയം. അങ്ങനൊരു ദിവസമാണ് പോസ്റ്റ്മോർട്ടം കാണാൻ താൽപര്യമുള്ളവർ മോർച്ചറിയുടെ ഭാഗത്തേക്ക് വരാൻ പറയുന്നത്. കേട്ട പാതി ഓടി. ഞാനും ഉണ്ടെന്ന് പറഞ്ഞ് കൂട്ടത്തിൽ ചേർന്നു. ഏതൊരു ഒന്നാം വർഷ വിദ്യാർത്ഥിയെയും പോലെ പുതിയ അറിവുകൾക്കായുള്ള ആവേശോജ്ജ്വല ദിവസങ്ങളിലൊന്നിൽ വീണു കിട്ടിയ ഒരു സുവർണാവസരമായി തന്നാണ് അതിനെ കണ്ടത്. ഞങ്ങൾ അഞ്ച് പേരുണ്ടായിരുന്നു. കലപില വർത്താനവും പറഞ്ഞ് നിന്ന ഞങ്ങളുടെ ഒച്ചപ്പാടുകളിലേക്ക് പോസ്റ്റ്മാർട്ടം റൂമിന്റെ വാതിൽ ഒരു താക്കീത് പോലെ തുറന്നു വന്നു. വരി വരിയായി അകത്തേക്ക് കേറുമ്പോ ഞങ്ങളോരോരുത്തരും വല്ലാതെ നിശബ്ദരാകുന്നുണ്ടായിരുന്നു. തിരികെ നടന്നാലോ എന്ന ചിന്തയുടെ തുടക്കത്തിൽ തന്നെ മുറിയുടെ അകത്ത് എത്തിപ്പെട്ടിരുന്നു. അറ്റൻഡർ വാതിലടച്ചു. ഇടുങ്ങിയ ഒരു മുറി. അതിനോട് ചേർന്ന് അകത്തേക്ക് മറ്റൊരു മുറി കൂടിയുണ്ട്. അതിന്റെ വാതിൽ പൂട്ടിയിരിക്കയാണ്. ചുമരിനോട് ചേർന്ന് വരിചേർന്നു നിന്ന ഞങ്ങൾക്ക് മുൻപിലായി മുറിയുടെ ഏറിയ പങ്കും നിറഞ്ഞു നിൽക്കുന്ന വലിയ സിമന്റ് സ്ലാബ്. അതിന്റെ ഒരു തലയ്ക്കൽ നിന്ന് വെള്ളമൊഴുകിപ്പോകാൻ പാകത്തിന് തുടങ്ങുന്ന ഒരു ഓവുചാൽ താഴേക്ക് നീണ്ട് ചെന്ന് നിലത്തെ ഇരുണ്ട കുഞ്ഞു വൃത്തത്തിൽ അവസാനിക്കുന്നു. പഴകിയ ആ സിമെന്റ് സ്ലാബിലായി ഒരാൾ നീണ്ട് നിവർന്നു കിടക്കയാണ്.ഇരുണ്ട പച്ച നിറത്തിലുള്ള ഒരു കൈലിമുണ്ട് കൊണ്ട് ദേഹമാകെ മൂടിയിരിക്കുന്നു. മെലിഞ്ഞ കാൽവിരലുകൾ മാത്രം വെളിയിൽ കാണാം.
വെട്ടിയൊതുക്കാതെ തെറിച്ചു നിൽക്കുന്ന കാൽ നഖങ്ങളിൽ മണ്ണ് പറ്റിയിരിക്കുന്നു. ആകെയൊരു വല്ലായ്മ. ഇടുങ്ങിയ റൂമിനോട് അകലം പാലിച്ച് അൽപം മുകളിലായി നിൽക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ കറങ്ങുകയാണെന്ന് വെറുതെ നടിക്കും പോലെ. ഞങ്ങളോരോരുത്തരു
ടെയും ഭയം കലർന്ന ശ്വാസനിശ്വാസങ്ങൾ ആ മുറിയിലാകെ നിറഞ്ഞു. വല്ലാത്തൊരു തണുപ്പ് കടന്നു പോയ്ക്കൊണ്ടിരുന്ന ഓരോ നിമിഷങ്ങളിലേക്കും നിറയാൻ നേരം ഡോക്ടർ പ്രധാന വാതിൽ തുറന്ന് അകത്തേക്ക് വന്നു. വീണ്ടും നെഞ്ചിടിപ്പ് കൂടി .
നിർത്തൂ.., ഞാൻ ഒന്നു പുറത്ത് കടന്നിട്ടാവാം തുടങ്ങുന്നതെന്ന വാക്കുകൾ തൊണ്ടയിൽ കെട്ടി നിൽക്കയാണ്. ആലോചിക്കാനധികം സമയം തരാതെ അറ്റൻഡർ കൈലിമുണ്ട് വലിച്ച് നിലത്തേക്കിട്ടു. പത്തറുപതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനാണ് നഗ്നനായി മുന്നിൽ കടക്കുന്നത്. മെലിഞ്ഞു തെളിഞ്ഞ വാരിയെല്ലുകൾ. ഉറച്ചു പോയ കൈകാലുകൾ. നരച്ച മുടി. അടഞ്ഞ കണ്ണുകൾ. കഴുത്തിൽ കുരുക്കിക്കെട്ടിയ സാരി അപ്പോഴാണ് കണ്ണിൽ പെട്ടത്.
മരണത്തെ ഞാൻ ആദ്യമായി മണത്തത് അന്നാണ്. കെടുമ്പിച്ച ചോരയുടെ നാറ്റമായിരുന്നു അതിന്. നെഞ്ചിൻ കൂട് ഇരുവശത്തേക്കും തുറന്ന് ഒരു കോപ്പ കൊണ്ട് കോരിക്കളയുന്ന കറുത്ത ചോരയെ ഒഴുക്കിവിടാനായിരുന്നു സ്ലാബിനോട് ചേർന്ന ആ ഓവ് ചാലെന്ന അറിവ് എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങി. കരളിത്ര, കിഡ്നിയിത്ര, തലച്ചോറിത്ര എന്ന ഭാരക്കണക്ക് പറഞ്ഞ് ഓരോന്നായി പരിശോധനയ്ക്കായി അയയ്ക്കുന്ന കുപ്പികളിലേക്ക് ഡോക്ടർ മുറിച്ചിടുമ്പോൾ ചാരി നിന്ന ചുവരിൽ നിന്ന് ഊർന്നു പോകാതിരിക്കാൻ ഞങ്ങൾ പണിപ്പെടുന്നുണ്ടായിരുന്നു.
വാതിലടഞ്ഞു കിടന്ന ഉൾമുറി തുറന്ന് ഡോക്ടർ കുപ്പികളോരോന്നായി വയ്ക്കാൻ നേരം ചുമരലമാരികളിലെ എണ്ണമറിയാത്ത കുപ്പികളിലോരോന്നിലുമായി ആഴ്ന്നു കിടന്ന ശരീര ഛേദങ്ങൾ കണ്ടപ്പോ തോന്നിയ നിർവികാരത ഒന്നും ജീവിതത്തിൽ പിന്നൊരിക്കലും തോന്നീട്ടില്ല.
കൈയ്യിലന്നേരം മുറുകെ പിടിച്ച കൂട്ടുകാരിയുടെ കൈവെള്ളയിലെ നനവ് എത്ര വ്യക്തമായാണ് ഞാനന്നറിഞ്ഞത്.. വീണുപോകില്ലെന്ന് ഉറപ്പ് വരുത്താനായി മനസിൽ പറഞ്ഞു കൊണ്ടേ ഇരുന്നു. ഇല്ല, ഇത് ഓർമകളുണ്ടായിരുന്ന, സ്നേഹിച്ചിരുന്ന
, രണ്ടു കണ്ണുകളാൽ ലോകം കണ്ടിരുന്ന മനുഷ്യനല്ല. അയാൾ വെറും തൊലിയും ചോരയും തലച്ചോറുമാണെന്ന്.
അന്നത്തെ രാത്രി ഹോസ്റ്റൽ മുറിയിലെ ഇരുട്ടിൽ, പച്ച കൈലിമുണ്ട് പുതച്ച് കൂടെയൊരാൾ കിടക്കുന്നെന്ന തോന്നൽ പുറത്താക്കിയ ഒരുറക്കമുണ്ട്!
ആ പേടിയും കഴിഞ്ഞു പോയി. അയാൾ കഴുത്തിൽ കുരുക്കിയ, വെളുപ്പിൽ ചുവന്ന പൂക്കളുള്ള ആ സാരി ആരുടേതാവാമെന്ന, അവരിപ്പോൾ എങ്ങനായായിരിക്കും എന്ന ചിന്ത മാത്രം മരണത്തെയും മറച്ച് പിന്നെയും കുറേ നാൾ കൂടെ വന്നു..
(മറന്ന് പോയെന്ന് സൗകര്യപൂർവ്വം തീരുമാനിക്കുന്ന ചില ഓർമകൾ പിന്തുടരുന്ന ദിവസങ്ങൾക്ക് )