2017: ബാംഗ്ലൂരിലൂടെ ഇന്ത്യയുടെ അകത്തളങ്ങളിലേക്ക്
കഴിഞ്ഞ ദിവസങ്ങളില്‍ ചൂടുള്ള ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബാംഗ്ലൂര്‍ ന്യൂയര്‍ ആഘോഷം. ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത തരത്തില്‍ ഇന്ത്യന്‍ മനസ്സാക്ഷിക്കേറ്റ കറുപ്പാണ് ഈ സംഭവം. ഭരണാധികാരികള്‍ പോലും മുറിവേറ്റ ആ മനസ്സുകളെ വസ്ത്രത്തിന്റെയും ശീലത്തിന്റെയും കാരണം പറഞ്ഞ് വീണ്ടും നോവിക്കുമ്പോള്‍ അറിയാതെ വീണ്ടും ആനന്ദിക്കുന്നത് വേട്ടക്കാരന്റെ മനസുതന്നെയാണ്.
ആയിരത്തിലധികം ക്രമസമാധാന പാലകര്‍ക്ക് മുന്നില്‍വച്ചു അപമാനിക്കപ്പെട്ട ആ മനസ്സുകള്‍ ഇനിയും ചര്‍ച്ചയാകാതെ പോയിക്കൂടാ …
ഇന്ത്യ കാഷ്ലെസ്സാകാന് 70 ല്‍ അധികം ജീവന് ബലികൊടുത്ത വര്‍ഷമാണ് ഈ കഴിഞ്ഞു പോയത്. രാജ്യം 31 ന് ഉറങ്ങുമ്പോള്‍ യുവാക്കളില്‍ ഒരു വിഭാഗം പതിവുപോലെ പുതുവത്സര ആഘോഷങ്ങളില്‍ തിമിര്ത്തുല്ലസിക്കുന്പോള് ബാംഗ്ലൂരില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം വെളിവായി. കമിതാക്കളുടെ -സൌന്ദര്യത്തിന്റെ – സ്നേഹത്തിന്റെ എല്ലാം നഗരമെന്നറിയപ്പെടുന്ന ബാംഗ്ലൂര്‍ എം.ജി. റോഡില്‍ നടന്ന ആഘോഷച്ചടങ്ങിനിടെ ആയിരത്തിലധികം പേരാണ് അവിടെയുണ്ടായിരുന്ന യുവതികളെ കടന്നാക്രമിച്ചത്. അന്ന് നഗരത്തില്‍ ഡ്യൂട്ടിക്കായി ആയിരത്തിലധികം പോലീസുകാരുള്ളപ്പോഴാണ് സംഭവം നടുറോഡില്‍ നടക്കുന്നത്.
അതിനുവേണ്ടി മാത്രം വന്നവരായിരുന്നു ചിലര്‍ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അവരുടെ ആഘോഷം. കടന്നുപിടിച്ചും, മറ്റും അവര്‍ ചെയ്തുകൂട്ടുന്നതെല്ലാം നിസ്സഹായതയോടെ ഒപ്പിയെടുത്ത ബ്രിഗേഡ് റോഡിലെയും എംജി റോഡിലെയും സി സി ടിവി കാമറകള്‍ വെളിവാക്കിയത് ഇന്നും മാറാത്ത ഇന്ത്യയുടെ ചില കാഴ്ച്ചപ്പടുകളാണ്.
എന്നാല്‍ കര്‍ണാടക ആഭ്യന്തര മന്ത്രി വിഷയത്തെ സമീപിച്ചത് ഇതിലും രസകരമായാണ് , “സ്ത്രീകളുടെ പാശ്ചാത്യ വസ്ത്രരീതി”യാണത്രെ ആക്രമണത്തിന് കാരണമായത്.
സമാജ്വാദി പാര്‍ടി അംഗമായ മറ്റൊരു നേതാവ് പറഞ്ഞത് “സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു രക്ഷിതാക്കള്ക്കൊപമാല്ലാതെ പുറത്തിറങ്ങിയാല്‍ ഇനിയും ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കും എന്നാണു”.
പക്ഷെ പതിനായിരങ്ങള്‍ പങ്കെടുത്ത ആഘോഷത്തിലെ എല്ലാ പുരുഷന്മാരെയും അടച്ചാക്ഷേപിക്കാനും സ്ത്രീകള്‍ തയ്യാറായില്ല. ഒരു വിഭാഗം ചെയ്ത ഈ തെമ്മാടിത്തരത്തിനു മുഴുവന്‍ ആണുങ്ങളും ഉത്തരവാദികളല്ല എന്ന സൂചനയോടെ ആന്നു ട്വിട്ടറില്‍ തരംഗമായത് #NotAllmen എന്ന ഹാഷ്ടാഗ് ആയിരുന്നു.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ സ്ത്രീ വിരുദ്ധ മനസ് ഇന്നും ഇന്ത്യയില്‍ ശക്തമായി നിലനില്ക്കുന്നു..?
ഈ സംഭവങ്ങളെല്ലാം വാര്‍ത്തകളിലൂടെ കണ്ട് പുതുതലമുറയെ പഴിക്കുന്ന മാതാപിതാക്കള്‍ തന്നെയാണ് ഒരു പ്രധാന കാരണമെന്ന് പറയാതെ വയ്യ.
വീട്ടില്‍ നിന്നും ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പാടില്ല, മുഖം മറയ്ക്കാന്‍ ഏപ്പോഴും ഒരു തുണി കയ്യില്‍ കരുതണം , അപരിചിതരെ കണ്ടാല്‍ മുഖത്ത് നോക്കരുത് ചിരിക്കരുത് , ഒറ്റയ്ക്ക് ഇടവഴിയിലൂടെ നടക്കരുത് , കുരുമുളക് സ്പ്രേ കയ്യില്‍ കരുതണം, ഒറ്റയ്ക്കാകുമ്പോ കൂട്ടുകാരോട് ലിഫ്റ്റ് ചോദിക്കരുത് , തുടങ്ങി പെണ്‍കുട്ടികളുടെ മുന്നില്‍ അരുതുകളുടെ ഒരു ലോകം തന്നെയാണ് മാതാപിതാക്കള്‍ സൃഷ്ടിച്ചത്, ഭൂരിപക്ഷവും. എന്നാല്‍ ഇതുകണ്ട് വളര്‍ന്ന ആണ്‍കുട്ടികള്‍ക്ക് ഈ അരുതുകളെല്ലാം ശരികളുമായിരുന്നു. ഈ സാമൂഹ്യ മനസിലെക്കാണ് ഒരു വിഭാഗം പെണ്‍ക്കുട്ടികളും ആണ്‍കുട്ടികളും തങ്ങളുടേതായ സമ്പാദിക്കാനും ജീവിക്കാനും തുടങ്ങിയതും അതുവഴി മെട്രോ സിറ്റികള്‍ രൂപപ്പെടുന്നതും. അത്തരം സമൂഹത്തെ അംഗീകരിക്കാന്‍ ഇനിയും നമ്മുടെ വീടുകളിലെ അകത്തളങ്ങള്‍ രൂപപ്പെട്ടിട്ടില്ല അന്നതാണ് ഈ വാര്‍ത്തയും നമ്മോടു പറയാതെ പറയുന്നത്
ഇനിയെങ്കിലും മാറിച്ചിന്തിക്കാന്‍ തുടങ്ങാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍
തന്റെ ആഘോഷങ്ങള്‍ പോലും സ്ത്രീ വര്‍ഗ്ഗത്തിന്റെ നേര്‍ക്കുള്ള ആക്രമണങ്ങളില്‍ ആനന്ദം കൊള്ളുന്ന സമൂഹമാണ് നാമെന്ന തിരിച്ചറിവില്‍ , തുടക്കം കുറിച്ചില്ലെങ്കില്‍ …
പറഞ്ഞുതേഞ്ഞ ഒരുപാട് വാര്‍ത്തകളില്‍ ഒന്നായി ഇതും മാറും…