അമളി പറ്റി രാജീവ് ചന്ദ്രശേഖര്‍, തിരിച്ചടിച്ച് കേരളം..
വെബ് ഡസ്ക്
കേരളത്തിലെ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനെയും ന്യൂനപക്ഷ വിഭാഗ വികസന കോര്‍പ്പറേഷനും നടപ്പിലാക്കുന്ന വായ്പാ പദ്ധതികള്‍ താരതമ്മ്യപ്പെടുത്തി രാജീവ് ചന്ദ്രശേഖര്‍ എംപി ട്വീറ്റ് ചെയ്ത ആരോപണം തിരിഞ്ഞുകുത്തുന്നു.
”പ്രിയപ്പെട്ട കേരളമുഖ്യമന്ത്രി പിണറായി, പ്രൊഫഷണലുകള്‍ക്ക് സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് നല്കുന്ന ധനസഹായം കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര പോലെ തന്നെ നല്ല പദ്ധതിയാണ്. പക്ഷെ, എന്തുകൊണ്ടാണ് ഹിന്ദുവിഭാഗത്തില്‍പ്പെട്ട പിന്നോക്ക വിഭാഗക്കാര്‍ക്ക് കുറഞ്ഞ തുക (20 ലക്ഷം) ലോണും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വലിയ തുകയും (30 ലക്ഷം) ലോണായി നല്‍കുന്നത്.? ഇത് വിവേചനമല്ലെ.? സര്‍ക്കാര്‍ എല്ലാവര്ക്കും തുല്യ അവകാശം നല്‍കണമെന്ന ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമല്ലെ ഇത്.?”
ഇതാണ് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ചോദ്യം. ഒരു ജനപ്രതിനിധിയുടെ വര്ഗ്ഗീയചുവയുള്ള ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഇതിനകം തന്നെ ഉയര്‍ന്നു. ബിജെപി എംപിയാകുന്നതിനുള്ള മിനിമം യോഗ്യത കറതീര്‍ന്ന വര്‍ഗ്ഗീയത പ്രചരിപ്പിക്കാനുള്ള മാനസികാവസ്ഥയാണോ? അങ്ങനെയല്ലെങ്കില്‍ അല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി നേതൃത്വം തയ്യാറാകേണ്ടതല്ലെ.? രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യല്‍മീഡിയയിലെ കേരള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനെതിരായ പ്രതികരണം സൂചിപ്പിക്കുന്നത് വര്‍ഗ്ഗീയ പ്രചരണത്തിനുള്ള ആഹ്വാനമല്ലെ.? എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് മലയാളികളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. മന്ത്രി തോമസ് ഐസക് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് തെറ്റാണെന്ന് കേന്ദ്ര പദ്ധതികള്‍ ചൂണ്ടിക്കാട്ടി തെളിവ് സഹിതം തന്റെ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കേരള പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന രണ്ട് വായ്പാ പദ്ധതികളെയാണ് രാജീവ് ചന്ദ്രശേഖര്‍ താരതമ്മ്യം ചെയ്തിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന വായ്പ പദ്ധതി 30 ലക്ഷത്തിന്റെയും പിന്നോക്ക വിഭാഗത്തിന് നല്കുന്ന വായ്പാ പദ്ധതി 10 ലക്ഷത്തിന്റെയും ആണെന്ന പരസ്യമാണ് ഇതിന് തെളിവായി എംപി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എംപിയുടെ വാദം തെറ്റാണെന്ന് രേഖകള്‍ തെളിയിക്കുന്നു. മാത്രമല്ല, എംപി പറയുന്നത് പോലെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ് കേരളം നടത്തിയതെങ്കില്‍ കേന്ദ്ര സര്‍ക്കാരാണ് അതില്‍ ഒന്നാം പ്രതി എന്നും രേഖകള്‍ പറയുന്നു. ദേശീയ ന്യൂനപക്ഷ വിഭാഗ വികസന കോര്‍പറേഷന്റെയും ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെയും വായ്പാ വിതരണ പദ്ധതികള്‍ അതത് സംസ്ഥാനങ്ങളിലെ പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനുകളാണ് നടപ്പിലാക്കുന്നത്. ഇത് മറച്ചുവെച്ചാണ് ഉത്തരവാദിത്വപ്പെട്ട എംപിയുടെ പരാമര്‍ശം.
ദേശീയ ന്യൂനപക്ഷ വിഭാഗ വികസന കോര്പറേഷന് 30 ലക്ഷത്തിന്റെയും ദേശീയ പിന്നോക്ക വിഭാഗ കോര്പറേഷന് 10 ലക്ഷം രൂപയുടെയും പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള 30 ലക്ഷം രൂപയുടെ പദ്ധതി കേരള പിന്നോക്ക വിഭാഗ വികസന കോര്പറേഷന് അതേപടി നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഹിന്ദു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കേന്ദ്രം നല്കുന്ന 10 ലക്ഷം കുറവായതിനാല്‍ തുല്യനീതി ഉറപ്പുവരുത്താന്‍ സംസ്ഥാനവിഹിതം 10 ലക്ഷം കൂടി ചേര്‍ത്ത് 20 ലക്ഷം രൂപയുടെ പദ്ധതിയായി ഉയര്‍ത്തി.
ന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷവും ഹിന്ദു പിന്നോക്കക്കാര്‍ക്ക് 10 ലക്ഷവുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് എന്ന് വ്യക്തം. രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആര്‍ട്ടിക്കിള്‍ 14 പ്രകാരമോ വര്‍ഗ്ഗീയ പ്രീണനത്തിന്റെ പരിധിയിലോ വരേണ്ടത് താന്‍ പിന്തുണയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാവണം. കേരള സര്‍ക്കാര്‍ ഹിന്ദു പിന്നോക്ക വിഭാഗക്കാര്‍ക്കായി 10 ലക്ഷം വര്‍ദ്ധിപ്പിച്ച് തുല്യതയിലേക്ക് ഉയര്‍ത്താനുള്ള പരിശ്രമമാണ് നടത്തിയതിന് അഭിനന്ദിക്കേണ്ടതിന് പകരം ഹിന്ദു പിന്നോക്ക വിഭാഗങ്ങളെ ആക്ഷേപിക്കുന്നതിനും വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുമാണ് എംപി ഈ പ്രസ്ഥാവന നടത്തിയത് എന്ന് വ്യക്തം. ഒരു എംപി എന്ന നിലയില്‍ മിനിമം കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ചെങ്കിലും പഠിച്ച് വിവരം വെച്ച ശേഷം പോരെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനിറങ്ങുന്നത് എന്ന പരിഹാസവും സോഷ്യല്‍മീഡിയയില്‍ രാജീവ് ചന്ദ്രശേഖരനെതിരെ വ്യാപകമാവുകയാണ്.