ഇതൊക്കെ നിരോധിക്കാന്‍ പറയണം, കത്തിക്കണം : ആര് രാജശ്രീയുടെ എഴുത്തില്‍ നിന്നും
എസ് ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും കോലാഹലങ്ങളും വേറും കപടത മാത്രമാണെന്നും, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തി ചേരിതിരിവ് ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും പറഞ്ഞു വെക്കുകയാണ് ആര് രാജശ്രീ. എഴുത്തിനെ റോഡിലിട്ടു കത്തിക്കുമ്പോള്‍ എഴുതി തന്നെ പ്രതികരിക്കുന്ന രാജശ്രീയുടെ മൂര്‍ച്ചയേറിയ വാക്കുകള്‍ വായിക്കാം..
മീശ നോവലില്‍ വേറെയും പേജുകളുണ്ട്. ആൺ -ജാതി ബോധങ്ങൾ വാണിരുന്ന ഒരു പഴയ കേരളം ഉണ്ടായിരുന്നു ഇവിടെ. അക്കാലത്ത് പൊളിറ്റിക്കൽ കറക്ട്നെസ് നോക്കി സംസാരിച്ചിരുന്നവർ ഉദിച്ചിരുന്നില്ല. ക്ഷമിച്ചേക്ക്. ആൺകൂട്ടങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആഖ്യാനങ്ങളിൽ തത്ര ഭവതി എന്നാണല്ലോ ഇപ്പോഴും സ്ത്രീകൾ പരാമർശിക്കപ്പെടാറ് എന്നോർക്കുമ്പോഴാണ് ഒരു സന്തോഷം. മാത്രമല്ല സ്ത്രീയെപ്പറ്റിയെങ്ങാൻ ഒരു പരാമർശം വന്നാൽ തൽക്ഷണം ചാടിയെണീറ്റ് ഭക്തിപുരസ്സരം വന്ദിക്കുകയും ചെയ്യും, അങ്ങനത്തെ ഞങ്ങളോടാണ്…
വായിച്ചുതുടങ്ങുന്നതിന്റെ പ്രശ്നങ്ങളാണ് ഇപ്പോള്‍ കാണുന്നത്, എന്നാലും സാരമില്ല. നിർത്തരുത്,പുഴയോട് പിണങ്ങി ശൗചം ചെയ്യാതിരിക്കരുത്.
ഗോപീപീനപയോധര മർദ്ദനചഞ്ചല കരയുഗ ശാലീ എന്നൊരുത്തനെ വിശേഷിപ്പിച്ചാൽ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ ഇളകുന്ന കയ്യുള്ളവൻ എന്നല്ല മനസ്സിലാക്കേണ്ടത്. മോഹിനിയാട്ടത്തിൽ അത് മുലയിൽ പിടിച്ചു പാലുകുടിക്കുന്ന പിഞ്ചു പൈതലായി അഭിനയിച്ചെന്നു വരും.ഉയരം കണക്കാക്കാൻ കൃഷ്ണനായി പകർന്നാടുന്ന നർത്തകി ഒന്ന് ഇരിക്കും. പേടിച്ചിട്ടാണ് സാർ, അരങ്ങിൽ കാണിക്കാൻ പാടില്ലാത്തത് നേരത്തെ ചിലർ പറഞ്ഞു വച്ചിട്ടുണ്ട്. പേടിച്ചിട്ടാണ്.
മുഖരമധീരം ത്യജമഞ്ജീരം രിപുമിവ കേളിഷു ലോലം…
വല്ലതും തിരിഞ്ഞാ? ഇല്ലല്ലോ? മുഖത്ത് നന്നായി മഞ്ഞളിട്ട് തേച്ചിട്ട് വെയിലത്ത് കളിക്കാൻ പോണംന്നല്ല. കൃഷ്ണനുമായുള്ള ലൈംഗികവേഴ്ചയുടെ ( നാണം കൊണ്ട് ചത്തു) സമയത്ത് പാദസരങ്ങൾ കിലുങ്ങിയാൽ അന്യർ അറിയും, അപ്പോൾ അത് ശത്രുക്കളെപ്പോലെ പെരുമാറിക്കളയും, ഊരി വച്ചിട്ട് പോണം എന്ന് രാധയെ തോഴി ഉപദേശിച്ചതാണ്.
ഉരസി മുരാരേ രുപഹിത ഹാരേ
ഘന ഇവ തരള വലാകേ
തടിദിവ പീതേ ! രതിവിപരീതേ
രാജസി സുകൃതവിപാകേ!
ആരെങ്കിലും എവിടെങ്കിലും കാറ് കൊണ്ടുവന്ന് ഉരസിയത് സംസ്കൃതത്തിൽ പറഞ്ഞതാണെന്ന് സമാധാനിക്കല്ലേ , മുത്തുമാലയണിഞ്ഞ ശ്രീകൃഷ്ണന്റെ മാറിൽ ഉപരി സുരതാവസരത്തിൽ (കൈൻഡ്ലി നോട്ട് ദ പൊസിഷൻ യുവറോണർ ) മേഘത്തിൽ മിന്നൽപ്പിണർ എന്ന പോലെ നീ ശോഭിക്കുമെന്നാണ് .കിടിലൻ കവിത. പക്ഷേ പോത്തുകൾക്ക് തിരിഞ്ഞു കിട്ടില്ല. പോട്ടെ സാരമില്ല. തിരിയുന്നതൊന്ന് പറയാം.
വിഗളിത വസനം പരിഹൃതരശനം ഘടയജഘനമപിധാനം കിസലയ ശയനേ, പങ്കജനയനേ! നിധിമിവ ഹർഷ നിദാനം.
വസ്ത്രവും അരഞ്ഞാണവും ഊരിപ്പോയതും നിധിപോലത്തെ ആനന്ദം കൃഷ്ണന് നല്‍കുന്നതുമായ നിന്റെ അരക്കെട്ട് (ഓ, തന്നെ ) ഈ തളിർമെത്തയിലേക്ക് വച്ചാലും.
അഷ്ടപദി പതിനൊന്നിലെ ആശ്ളേഷാദനു എന്നു തുടങ്ങുന്ന മുപ്പത്തിയെട്ടാം നമ്പർ ശ്ലോകം ഇവിടെ ഇടുന്നില്ല. മൃദുല ഹൃദയർക്കായി അർത്ഥം മാത്രം പറയാം.
ഇരുട്ടുള്ള രാത്രിയിൽ മറ്റൊരുദ്ദേശ്യത്തോടു കൂടി പോയവരും വഴി തെറ്റി തമ്മിൽക്കണ്ടവരും അന്യോന്യ സംഭാഷണങ്ങളിലൂടെ പരസ്പരമറിഞ്ഞവരും ആശ്ളേഷം ,ചുംബനം, നഖക്ഷതം തുടങ്ങിയവയാൽ ഉണർത്തപ്പെട്ട കാമവികാരം കൊണ്ടും പരിഭ്രമം കൊണ്ടും തുടങ്ങി വച്ച രതിക്രീഡകൊണ്ടും സന്തോഷിക്കുന്നവരുമായ ഇണകളുടെ ആനന്ദം എത്രയായിരിക്കും?
അതേ, ഇവിടെ ഇവിടെ. ഇതൊക്കെ കൊച്ചു പുസ്തകത്തിൽ വായിച്ച് മെസഞ്ചറിൽ മാന്തുന്ന വകയൊന്നുമല്ല. സാഹിത്യ സംഗീത രസികരും കൃഷ്ണ ഭക്തരുമായ മാന്യ വായനക്കാർ സസന്തോഷം സ്വീകരിക്കുമെന്ന വിശ്വാസത്തോടെ വ്യാഖ്യാതാവ് ‘ശ്രീ രാധാകൃഷ്ണന്റെ പാദാരവിന്ദങ്ങളിൽ ‘ സമർപ്പിച്ചതാണ്.
ക്ഷേത്രങ്ങളിൽ ഇടയ്ക്ക കൊട്ടി പാടിക്കേൾക്കുന്ന ആ മനോഹര ഗീതത്തിൽ ഇതൊക്കെയുമുണ്ട് സാർ, ഭക്തി പുരസ്സരം തൊഴുതിടത്തു നിന്ന് ചാടി മാറണ്ട. എഴുതിയവന്റെ വീട്ടിലെ പെണ്ണുങ്ങളെ ചീത്ത വിളിക്കും മുമ്പ് വെറുതേ ആ ക്ഷേത്രത്തിലെ ചിത്രവും ശില്പവുമൊക്കെയൊന്ന് നോക്കിയേക്കുക . സൂക്ഷിച്ച് നോക്കണം, വെറുതെയങ്ങ് തുറന്നു വച്ചേക്കുകയല്ല. സ്വല്പം കല ഉള്ളിലുണ്ടെങ്കിലേ കാണൂ, എന്നാലും പോണ്ടാന്ന് വിചാരിക്കണം സുഹൃത്തുക്കളേ. എന്തിനാ ഈ അശ്ലീലം കാണുകയും കേൾക്കുകയും ചെയ്യാൻ പോകുന്നത്? സ്വന്തം കുടുംബത്തിലെ പെണ്ണുങ്ങളെ വിടുന്നത്?
ഛായ്!
ലൈംഗികതയും ഫാസിസവും എന്നൊരു ചാർത്തിന് സ്കോപ്പുണ്ട്. പക്ഷേ ഇപ്പോൾ മെനക്കെടുന്നില്ല. ഇത്ര മതി.
ഇടയ്ക്കൊരു സ്വകാര്യം: വാൽക്കഷ്ണമായി കൂട്ടാം. എന്തെങ്കിലുമൊരു അക്കാദമിക് പ്രവർത്തനത്തിന്റെ വാർത്ത കൊടുക്കുമ്പോൾ അത് ചുരുട്ടിക്കളഞ്ഞ് ഇതല്ല, കാവിലെ പാട്ടുത്സവങ്ങളും പൊങ്കാലച്ചിത്രങ്ങളുമാണ് വായനക്കാർക്ക് പഥ്യം എന്നു പ്രഖ്യാപിച്ച് അമ്മട്ടിൽ അച്ചു നിരത്തുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിക്കുമായിരിക്കും, അല്ലേ?
പാമ്പിനു പാലു കൊടുത്തെന്നാകിൽ പിമ്പിരിയേറി വരാറേയുള്ളൂ എന്ന് നമ്പ്യാർ.
ദേശീയപത്രങ്ങൾ ഓർക്കണം.