ദരിദ്രര്‍ക്കുള്ള പണം ചെലവഴിക്കുന്നത് വര്‍ധിപ്പിക്കുകയും മറ്റു ചെലവുകള്‍ വെട്ടികുറക്കുയും വേണം
കോവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ കൈകളിലേക്ക് കൂടുതല്‍ പണം എത്തിക്കണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്ന ഭയത്തിന് പകരം പിടിച്ചുനില്‍ക്കാനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാവപ്പെട്ടവര്‍ക്കും ശമ്പളമില്ലാത്തവരായ മധ്യവര്‍ഗത്തിനും കൂടുതല്‍കാലം ജോലിതടയപ്പെട്ടാലും അതിജീവിക്കാനാകുമെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. പൊതു, എന്‍ജിഒകളുമായി ബന്ധപ്പെട്ട് ഭക്ഷണം, ആരോഗ്യം പാര്‍പ്പിടം എന്നിവ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ദരിദ്രര്‍ക്കുള്ള വേണ്ടി പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും മറ്റു പ്രധാന്യം കുറഞ്ഞ ചെലവുകള്‍ വെട്ടികുറക്കുകയോ കാലതാമസം വരുത്തകയോ വേണമെന്നും രഘുറാം രാജന് പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയെ സ്വതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റുവും വലിയ അടിയന്തരാവസ്ഥയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുഎസിനേയും യൂറോപ്പിനേയും പോലെയല്ല, റേറ്റിങുകള്‍ വെട്ടിക്കുറക്കുമെന്ന് ഭയപ്പെടാതെ ജിഡിപിയുടെ 10 ശതമാനം ചെലവഴിക്കാന്‍ സാധിക്കും. വലിയ ധനകമ്മിയുമായി നമ്മള് ഇതിനകം തന്നെ പ്രതിസന്ധിയിലേക്ക് കടന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ ചെലവഴിക്കേണ്ടി വരും.
നമ്മള് അങ്ങനെ ചെയ്യാത്തതിന്റെ പരിണിതഫലം ഇതിനോടകം അനുഭവിച്ചു. അതിന്റെ ഭാഗമാണ് കുടിയേറ്റ തൊഴിലാളികളുടെ നീക്കമുണ്ടായത്. പിടിച്ച് നില്ക്കാന് ഒരു മാര്ഗവുമില്ലാതെയാകുമ്പോള് ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകൾ ജോലിക്ക്പോയിത്തുടങ്ങും. ശരിയായ തീരുമാനങ്ങളും മുന്ഗണനകളോടെയും ഇന്ത്യക്ക് വൈറസിനെ തോല്‍പ്പിക്കാന്‍ സാധിക്കും. കൂടുതല്‍കാലം രാജ്യം അടച്ചിടുക എന്നത് ബുദ്ധിമുട്ടായിരിക്കും. വൈറസ് ബാധ കുറഞ്ഞ പ്രദേശങ്ങളില്‍ മുന്‍കരുതലുകളോടെ ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.