പഠിക്കാനുള്ള ആഗ്രഹം സഫലീകരിക്കാന്‍ അശ്വതിക്ക് വേണം സഹായഹസ്തം
അശ്വതി….. ഈ പേര് കേൾക്കാത്തവർ ഇന്ന് കേരളത്തിൽ ഉണ്ടാകില്ല. കർണാടകയിലെ ഗുൽബർഗ് നഴ്സിംഗ് കോളേജിൽ റാഗിങ്ങിനിരയായ വിദ്യാർത്ഥിനി ഇന്ന് വിദ്യാഭ്യാസ ലോൺ തിരിച്ചടക്കാനാവാതെ പ്രതിസന്ധിയിലാണ്. എടപ്പാളിലെ കണ്ടനകം കേരളാ ഗ്രാമീണ ബാങ്കിൽ നിന്നും 3 ലക്ഷം രൂപ വായ്പ എടുത്ത അശ്വതിയും കുടുംബവും അതിൽ നിന്നും 75000 രൂപ ഫീസടച്ചാണ് അൽഖമാർ നഴ്സിംഗ് കോളേജിൽ പ്രവേശനം നേടിയത്. എന്നാൽ സീനിയർ വിദ്യാർത്ഥികളുടെ കടുത്ത റാഗിംങ് മൂലം അശ്വതിയ്ക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കേരളം മുഴുവൻ ചർച്ച ചെയ്ത ആ പെണ്‍കുട്ടി അപകട നില തരണം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തന്റെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലുള്ള വിദ്യാഭ്യാസ ലോണ്‍ തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതിരിക്കുമ്പോള് എങ്ങനെ തുര്‍ന്നു പഠിക്കണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് അശ്വതി.
പഠനം പൂർത്തിയാക്കിയാൽ സർക്കാർ ജോലി നൽകാമെന്ന പട്ടികജാതി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസമായെങ്കിലും വായ്പാ തുകയും പലിശയും തിരിച്ചടക്കാനാവാതെ ജീവിതം തള്ളിനീക്കുകയാണ് അശ്വതിയും കുടുംബവും. ലഭിച്ച സഹായഹസ്തങ്ങള്ക്കെല്ലാം നിറഞ്ഞ നന്ദി പറയാനുണ്ട് അശ്വതിക്ക്. എന്നാല്‍ സുമനസുകളുടെയും സര്‍ക്കാരിന്റെയും സഹായം തുടര്‍ പഠനത്തിന് മതിവരില്ല. സ്ഥലം എം എൽ എ കെ.ടി ജലീലിനും വകുപ്പ് മന്ത്രി എ. കെ ബാലനും വായ്പാ തുക സർക്കാർ ഏറ്റെടുക്കണമെന്ന് കാണിച്ചു കൊണ്ട് നിവേദനം നൽകിയിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർത്ഥിനിയായ അശ്വതി കഴിഞ്ഞ മെയ് ഒമ്പതിനാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംങ്ങിനിരയായത്.റാഗിങ്ങിനിടെ ഫിനോയിൽ കുടിപ്പിച്ചതിനെ തുടർന്ന് അന്നനാളത്തിനും ആന്തരാവയവങ്ങൾക്കും ഗുരുതരമായി പൊള്ളലേറ്റ ഈ പത്തൊമ്പതുകാരി കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
സര്‍ക്കാരിന് മാത്രമല്ല, സമൂഹത്തിനും ഒരുക്കാം.. അശ്വതിക്കായി ഒരു തണല്‍ .. അവളുടെ പഠിക്കാനുള്ള ആഗ്രഹത്തിന് സുമനസ്സുകള്‍ക്ക് കൈകോര്‍ക്കാം. അശ്വതിയെ വീണ്ടും പഠിപ്പിക്കാന്‍ സുമനസ്സുകള്‍ക്ക് ഓണ്മലയാളത്തിലൂടെയും സാധിക്കും. താല്പര്യമുള്ളവര് നമ്മുടെ പേജില്‍ കമന്റായോ 9895336402(ഓണ്‍ മലയാളം പി ആര് ഒ ) നമ്പര്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.