ശബരിമല സ്ത്രീ പ്രവേശനം : എതിര്‍പ്പ് സ്ത്രീകള്‍ക്ക് തന്നെയോ..?

സനക് മോഹന്‍ എം 

എന്‍റെ ചെറുപ്പകാലത്ത് ചില പ്രത്യേക ദിവസങ്ങളില്‍ അമ്മ വീടിനുള്ളില്‍ കയറാതെ പുറത്ത് കിടക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ നല്ല മഴയത്ത് നനഞ്ഞ്, തണുത്ത് വിറച്ച് അമ്മ വീടിനു പുറത്ത് കിടക്കുകയാണ്. വീടിനുള്ളിലേക്ക് വിളിച്ചപ്പോള്‍, ”ഞാന്‍ പുറത്തായതാണ്, ഇപ്പോ വന്നൂട, നാളെ കൂടി കഴിയട്ടെ” എന്ന മറുപടിയാണ് ലഭിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ ഞാന്‍ എന്‍റെ അമ്മയെ അങ്ങനെ കണ്ടു. എന്നാല്‍ ഇന്ന് കുടുംബങ്ങളിലെ സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് പുറത്താകുന്ന സ്ഥിതിയില്ല. എന്നാല്‍ ദൂരെ മാറി നില്‍ക്കുക എന്ന സ്ഥിതി പല കുടുംബങ്ങളിലും ഉണ്ട് താനും. ആര്‍ത്തവത്തിലെ ഈ അയിത്തം കുടുംബത്തില്‍ നിന്നും മാറാതെ ശബരിമലയിലെ പ്രവേശനത്തെ കുറിച്ച് കേരളത്തിലെ സ്ത്രീകള്‍ ബോധവാന്മാരാകില്ല. കാരണം, അവര്‍ വിശ്വാസങ്ങളുടെ കെട്ടുമാറാപ്പുമായി നടക്കുകയാണ്.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിലും കേരളത്തിലും സജീവമായ ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍. ചിലര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ മതപരമായി ഉപയോഗിക്കുന്നു. വിശ്വാസങ്ങളെ പേടിച്ചിട്ടാകണം, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മിണ്ടുന്നുമില്ല. എന്നാല്‍ സുപ്രീകോടതിയുടെ വാക്കാല്‍ നിരീക്ഷണം മാധ്യമങ്ങളില്‍ വന്നത് മുതല്‍ ചില സ്ത്രീകളുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ പ്രചരിക്കുകയാണ്. കേരളത്തിലെ വിശ്വാസികളായ ഞങ്ങള്‍, ഹിന്ദു സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകണ്ടെന്നാണ് ഇവരുടെ വാദം. ഹിന്ദുക്കളെ അപമാനിക്കാനും ഹിന്ദു വിശ്വാസങ്ങളെ തകര്‍ക്കാനുമുള്ള ചിലരുടെ ഗൂഢനീക്കമാണെന്നും ഈ സ്ത്രീകള്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ യംഗ് ലോയേര്‍സ് അസോസിയേഷനാണ് സുപ്രീംകോടതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ അസോസിയേഷനിലെ ഒരു മുസ്ലീം നാമഥാരിയായ അഡ്വക്കേറ്റാണ് ഇതിന് പിന്നിലെന്ന് ചില സ്ത്രീകള്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിക്കുന്നു. അസോസിയേഷന്‍ എന്നാല്‍ ഒരു വ്യക്തിയല്ല. ലോയേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ അസോസിയേഷനിലെ അംഗം രവി പ്രകാശ് ഗുപ്തയാണ് കോടതിയില്‍ ഹാജരായത്. ഇദ്ദേഹം  മുസ്ലീം നാമഥാരിയല്ല.!! എന്ത് മാത്രം തീവ്രമായ വര്‍ഗ്ഗീയപ്രചരണമാണ് നടക്കുന്നത്.!!

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രമാണ് ശബരിമല. മനുഷ്യര്‍ക്ക് പെട്ടെന്ന് കടന്നുചെല്ലാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ശബരിമലയെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്ത് കാട്ടില്‍ താമസിച്ചിരുന്ന ആദിവാസികളാണ് ക്ഷേത്രം സംരക്ഷിച്ചത്. ഇന്ന് കാണുന്ന രീതിയിലുള്ള ആചാര അനുഷ്ഠാനങ്ങള്‍ അന്ന് ഉണ്ടായിരുന്നോ എന്ന് പോലും അവ്യക്തമാണ്. ആ കാലത്ത് ക്ഷേത്രത്തില്‍ ആദിവാസി സ്ത്രീകള്‍ കയറിയിരുന്നോ എന്നതും ആര്‍ക്കും അറിവില്ല. കാലഘട്ടം ആധുനികതയിലേക്ക് പോയപ്പോള്‍ വിശ്വാസങ്ങളും ആചാരങ്ങളും അതിക്രമിച്ചു. മനുഷ്യര്‍ പല സ്ഥലങ്ങളും കയ്യടക്കി. ചിലര്‍ വിശ്വാസങ്ങളെ ഉണ്ടാക്കി. ശബരിമലയില്‍ തന്നെ ധര്‍മ്മശാസ്താവിന്‍റെ ക്ഷേത്രമാണോ അയ്യപ്പന്‍റെ ക്ഷേത്രമാണോ നിലനിക്കുന്നത് എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. ശാസ്താവ് കുടുംനാഥനായും അയ്യപ്പന്‍ നിത്യബ്രഹ്മചാരിയായും വാഴുന്നുവെന്നാണ് വിശ്വാസം. ആദ്യകാലത്ത് ശാസ്താവ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രത്തെ പില്‍ക്കാലത്ത് അയ്യപ്പന്‍റെ പേരിലേക്ക് മാറ്റിയത് എന്തിനെന്ന് പോലും വ്യക്തമല്ല. കുടുംബനാഥന്‍ ആയാല്‍ സ്ത്രീകളെ കയറ്റേണ്ടി വരും എന്നതിനാല്‍ ആകുമോ?

ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ്, പമ്പയില്‍ നിന്ന് സ്ത്രീകള്‍ കുളിക്കരുതെന്ന 2017 ല്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന പമ്പ നദിയില്‍ കുളിക്കരുതെന്ന് പറയാന്‍ ഇവര്‍ക്ക് ആരാണ് അവകാശം കൊടുത്തത്.? വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്ക്  നേരെയുള്ള അതിക്രമമാണ് ഇത് സൂചിപ്പിക്കുന്നത്. ഇതെല്ലാം വിവാദങ്ങളായി നില്‍ക്കുന്നത് കൊണ്ട് തന്നെ ശബരിമല അയ്യപ്പ ക്ഷേത്രം ഉണ്ടായ കാലം മുതലുള്ള വിശ്വാസമാണ് സ്ത്രീകള്‍ക്കുള്ള ഈ വിലക്കെന്ന് പറയാനാകില്ല. ഇത്തരം ചരിത്ര വസ്തുതകള്‍ കൂടി പരിശോധിച്ച് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളു. ഇതെല്ലാം സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വാദങ്ങളിളുടെ ഭാഗമാകും എന്ന് പ്രതീക്ഷിക്കാം.

ഹിന്ദു വിശ്വാസപ്രകാരം സ്ത്രീകള്‍ക്ക് ക്ഷേത്രത്തിലുള്ള വിലക്ക് ശബരിമലയുടെ മാത്രം പ്രശ്നമല്ല. അതുകൊണ്ടാണ് കേരളത്തിലെ സ്ത്രീകള്‍ ശബരിമല പ്രവേശനത്തെ കുറിച്ച് പെട്ടെന്ന് ബോധവാന്മാരാകാത്തത്. ഇന്നത്തെ വിശ്വാസപ്രകാരം ശബരിമല അയ്യപ്പന്‍ നിത്യ ബ്രഹ്മചാരി ആയതുകൊണ്ടും 41 ദിവസത്തെ വ്രതം ഉള്ളതുകൊണ്ടും ഒരു നിശ്ചിത പ്രായത്തിലുള്ള (ആര് നിശ്ചയിച്ച പ്രായമോ എന്തോ?) സ്ത്രീകള്‍ കയറരുതെന്നാണല്ലോ വാദം. അപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പ്രവേശിക്കരുതെന്ന ബോര്‍ഡ് വെച്ചിരിക്കുന്നത് എന്തിനാണ്.? ക്ഷേത്രക്കുളങ്ങളില്‍ ഇന്നും സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡുകള്‍ കാണാന്‍ സാധിക്കും. ഇത് വിവേചനത്തില്‍ വരുന്നതല്ലേ.?

പുരാണപ്രകാരമുള്ള വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇത്തരം രീതിയിലുള്ള വിവേചനം ഉണ്ടായതായി കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ ഉണ്ടാക്കിയ വിശ്വാസങ്ങളിലും ആചാരങ്ങളിലും സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്.  നവോത്ഥാന പ്രസ്ഥാനത്തിന്‍റെ കടന്നുവരവ് പല സ്ഥലങ്ങളിലും മാറ്റം കൊണ്ടുവന്നെങ്കിലും വിശ്വാസങ്ങളെ എതിര്‍ക്കാന്‍ പാടില്ലെന്ന മിഥ്യാധാരണയിലേക്കാണ് നമ്മുടെ സമൂഹം വികസിച്ചത്. അതിന്‍റെ ദുരന്തമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതും.

വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണ് എന്ന ധാരണയില്‍ നിന്നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ ഉപയോഗിച്ചുള്ള പ്രചരണങ്ങള്‍ മനഃപൂര്‍വ്വം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ച് തന്നെ പ്രചരണം നടത്തുക എന്ന തന്ത്രവും ഇവിടെ പ്രയോഗിക്കുന്നു. കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും ഇതില്‍ ശരിയായ അഭിപ്രായം പറയാന്‍ മുന്നോട്ട് വരുന്നില്ല എന്നതാണ് ശരി. ഇത്രയും കാലം ഉള്ളപോലൊക്കെ മതി എന്ന നിലപാടാണ് കേരളത്തിലെ സ്ത്രീകള്‍ സ്വീകരിക്കുന്നത്. ആര്‍ത്തവത്തിന്‍റെ പേരില്‍ അയിത്തം കല്‍പ്പിക്കുന്നതൊന്നും അവരുടെ വിഷയങ്ങളായി വരുന്നില്ല. കാരണം, നമ്മുടെ കുടംബങ്ങളില്‍ ഇപ്പോഴും ആര്‍ത്തവ സ്ത്രീ അയിത്ത സ്ത്രീ തന്നെയാണ്. മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സ്ത്രീകളെ ബോധവല്‍ക്കരിക്കണം. അതാണ് വിശ്വാസങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്കുള്ള മറുപടി.

ശബരിമല മാറുകയാണെങ്കില്‍ കേരളം മുഴുവന്‍ മാറ്റത്തിന്‍റെ കാറ്റ് ആഞ്ഞ് വീശും എന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *