ഫസ്റ്റ്ലുക്കുകള്‍ തരംഗമാകുന്ന മരക്കാര്‍ : സുബൈദയായി മഞ്ജു
വെബ് ഡസ്ക്
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ ഓണ്‍ലൈന്‍ ലോകത്ത് തരംഗമാകുന്നു.
മോഹന്‍ലാലിന്റെ മരക്കാർ ലുക്ക് വലിയ ചര്‍ച്ചയാവുകയും ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തതിന് പിന്നാലെ പ്രണവ് മോഹന്‍ലാലും ഞെട്ടിപ്പിക്കുന്ന ലുക്കുമായി എത്തി. പിന്നീട് സംവിധായകന് ഫാസിലിന്റെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിനിമയില്‍ സുബൈദയായി അഭിനയിക്കുന്ന മഞ്ജുവാര്യരുടെ ഫസ്റ്റ് ലുക്കാണ് ഇന്ന് പുറത്തുവന്നത്.
പ്രഖ്യാപനം മുതല്‍ വാര്‍ത്താലോകത്ത് നിറഞ്ഞുനില്ക്കുന്ന സിനിമയാണ് മരക്കാര്‍. മമ്മൂട്ടിയുടെ മരക്കാറും മോഹന്‍ലാലിന്റെ മരക്കാറും തമ്മിലുള്ള വിവാദമായിരുന്നു ആദ്യം. പിന്നീട് പ്രിയദര്ശന് ഷൂട്ടിംഗ് തീയ്യതി പ്രഖ്യാപിക്കുകയും ഹൈദരബാദ് രാമോജിറാവു ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ ഓരോ കഥാപാത്രത്തിന്റെയും ഫസ്റ്റ്ലുക്കുകള്‍ പുറത്തുവിട്ടത്. പ്രണവ് മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശനും തമ്മിലുള്ള പാട്ട് സീനിലെ രംഗങ്ങളും ഇതിനിടയില്‍ ആരാധകര്‍ക്ക് ആവേശവുമായി എത്തി.
മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകനിലവാരത്തില്‍ ശ്രദ്ധേയരായ ടെക്നീഷ്യന്മാരാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
നാവികസേനാ പടത്തലവനായ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നത്. കൂടുതലും കടലിനെ ആശ്രയിച്ചായിരിക്കും ഷൂട്ടിംഗ്. തമിഴ്, ഹിന്ദി, തെലുങ്ക് താരങ്ങളും ബ്രിട്ടീഷ് താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ബാഹുബലി നല്കിയ ഊര്‍ജ്ജത്തില്‍ നിന്നും ഇന്ത്യയിലൊട്ടാകെ ചരിത്ര സിനിമകള്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്നതിന്റെ ഭാമായി മരക്കാറും ഇന്ത്യന്‍ സിനിമയില്‍ ഇടംനേടുമെന്നതില്‍ സംശയമില്ല.