ചോദ്യങ്ങള്‍ക്ക് ലഭിക്കുന്നത് ഉത്തരങ്ങളല്ല, മറുചോദ്യങ്ങളാണ് : പ്രകാശ്‌ രാജ്

Sharing is caring!

നിങ്ങള്‍ കല്ലെറിയൂ, അതുകൊണ്ട് ഞങ്ങള്‍ വീടുകള്‍ പണിയും. നിങ്ങള്‍ ഞങ്ങളെ കത്തിച്ച്‌ കളയാമെന്ന് കരുതേണ്ട..ആ തീ കൊണ്ട് ഞങ്ങള്‍ വീടുകളില്‍ പ്രകാശം നിറയ്ക്കും. സൂര്യോദയത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും സംസാരിക്കേണ്ട സമയമല്ലിത്. ഇത് ചോദ്യങ്ങളുയര്‍ത്തേണ്ട കാലമാണ്. ഇത് നിവര്‍ന്ന് നില്‍ക്കേണ്ട കാലമാണ്.

‘…എനിക്ക് കേരളത്തില്‍ സംസാരിക്കാന്‍ സ്ക്രിപ്റ്റ് വേണ്ട. കാരണം സെന്‍സറിംഗ് ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഇന്ന് കേരളം…”

നടന്‍ പ്രകാശ് രാജ് 2017 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ എത്തിയ പ്രകാശ് രാജ് കടുത്ത വാക്കുകള്‍ കൊണ്ട് രാജ്യത്ത് നടക്കുന്ന തെറ്റായ പ്രവണതകളെ വിമര്‍ശിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ദീപ നിശാന്ത് തന്‍റെ ഫേസ്ബുക്കില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വെറുതെ വായിക്കാനുള്ളതല്ല ഇത്.. വായിക്കാതെ പോകരുത് ! കാരണം ചില സമയങ്ങളില്‍ വായനയും ഒരു സാമൂഹ്യ പ്രക്ഷോഭമാണ്.

“കേരളത്തിന്റെ മണ്ണില്‍ നിന്ന് സംസാരിക്കുമ്പോഴാണ് ഞാന്‍ ഏറ്റവും അധികം ട്രോളുകള്‍ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് എനിക്ക് സ്ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. ഇന്നും എനിക്കൊരു സ്ക്രിപ്റ്റിന്റെ ആവശ്യമില്ല. എന്തെന്നാല്‍ എനിക്ക് വേണ്ട സ്ക്രിപ്റ്റ് അവര്‍ ഒരുക്കിത്തരുന്നുണ്ട്.

ഐഎഫ്‌എഫ്കെയില്‍ നടത്തിയ പ്രസംഗത്തിന് ശേഷം അവര്‍ എന്നെ ശപിച്ച രീതി എനിക്ക് പക്ഷേ ഇഷ്ടപ്പെട്ടു. അവര്‍ എന്നെ ട്രോളിക്കൊണ്ട് പറഞ്ഞത്, കേരളത്തിലേക്ക് തന്നെ തിരികെ പോയ്ക്കൊള്ളൂ, ഞങ്ങളുടെ നാടിന് നിങ്ങളെ വേണ്ട എന്നാണ്. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. കാരണം അവര്‍ എന്നോട് തിരികെ പോകാന്‍ ആവശ്യപ്പെടുന്നത് സ്വര്‍ഗം പോലൊരിടത്തേക്കാണല്ലോ.

സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായി വരുന്ന വഴിക്ക് ഫ്ലൈറ്റില്‍ വെച്ച്‌ എന്നെ ഒരു പട്ടാളക്കാരന്‍ പരിചയപ്പെടാന്‍ വന്നു. ഞാന്‍ കരുതിയത് സിനിമാതാരമായതുകൊണ്ടാണ് എന്നാണ്. എന്നാലാ ജവാന്‍ എന്നോട് പറഞ്ഞത് താങ്കളെ പോലെ ശബ്ദമുയര്‍ത്തുന്ന ആളുകളെ നമ്മുടെ നാടിന് ആവശ്യമുണ്ട് എന്നാണ്. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരന്‍ എന്നോട് ചോദിക്കുകയുണ്ടായി ഇത്തരത്തില്‍ പ്രതികരണങ്ങള്‍ നടത്തുന്നത് കൊണ്ട് എന്താണ് ലഭിക്കുന്നത് എന്ന്.

ഞാന്‍ കൂടുതല്‍ സ്വതന്ത്രനാവുന്നു എന്നായിരുന്നു എന്റെ ഉത്തരം. നിങ്ങള്‍ക്കെന്താണ് സാഹിത്യോത്സവത്തില്‍ കാര്യമെന്നും അയാള്‍ ചോദിച്ചു. വായിച്ച പുസ്തകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകമായി,വായിച്ച കവിതകളുടെയെല്ലാം ആകെത്തുകയായ കവിതയായി, പാട്ടായിട്ടാണ് ഞാന്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത്. ഒരു പുസ്തകമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

വിചിത്രമായ ചിലതുണ്ട് ഇന്നീ രാജ്യത്ത്. നമ്മളൊരു ചോദ്യം ചോദിക്കുമ്പോള്‍ ലഭിക്കുന്നത് ഉത്തരങ്ങളല്ല,മറുചോദ്യങ്ങളാണ്. ഈ രാജ്യത്തെ യുവാക്കള്‍ക്ക് നിങ്ങള്‍ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്ന് ഞാന്‍ അവരോട് ചോദിച്ചു. അവരുടെ മറുപടി നിങ്ങള്‍ കോണ്‍ഗ്രസുകാരനാണോ എന്ന ചോദ്യമായിരുന്നു. രാജ്യത്തെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച്‌ ഞാന്‍ അവരോട് ചോദിച്ചു. നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരനാണോ എന്നായി അവര്‍.ഗുണ്ടകള്‍ പത്മാവത് സിനിമയുടെ പേരില്‍ സ്കൂള്‍ ബസ്സുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും കുഞ്ഞുങ്ങളെ പോലും ആക്രമിക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടം മുഖം തിരിക്കുന്നത് എന്താണെന്ന് ഞാന്‍ ചോദിച്ചു. താനൊരു ഹിന്ദു വിരുദ്ധനാണ് എന്നായിരുന്നു അവരുടെ ഉത്തരം. എനിക്ക് നേരെയും ഈ നാട്ടിലെ പുതുതലമുറയ്ക്ക് നേരെയും കല്ലേറ് നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ..

നിങ്ങള്‍ കല്ലെറിയൂ, അതുകൊണ്ട് ഞങ്ങള്‍ വീടുകള്‍ പണിയും! നിങ്ങള്‍ ഞങ്ങളെ കത്തിച്ച്‌ കളയാമെന്ന് കരുതേണ്ട..ആ തീ കൊണ്ട് ഞങ്ങള്‍ വീടുകളില്‍ പ്രകാശം നിറയ്ക്കും. നിങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തി, എറിഞ്ഞോടിക്കാമെന്ന് വ്യാമോഹിക്കേണ്ട. ആ ഓട്ടം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തിലെത്തിക്കുക മാത്രമേ ചെയ്യൂ. സൂര്യോദയത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും സംസാരിക്കേണ്ട സമയമല്ലിത്. ഇത് ചോദ്യങ്ങളുയര്‍ത്തേണ്ട കാലമാണ്. ഇത് നിവര്‍ന്ന് നില്‍ക്കേണ്ട കാലമാണ്.

വിഷയങ്ങളെ അവര്‍ വഴിതിരിച്ച്‌ വിട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ എങ്ങനെയാണ് നമ്മെ കൊള്ളയടിക്കുന്നതെന്നോ?ഒരു ഗ്രാമം കൊള്ളയടിക്കുകയാണ് ലക്ഷ്യമെങ്കില്‍ അവരാദ്യം പുറത്തുള്ള പുല്ലിന് തീയിടുകയാണ് ചെയ്യുക. നമ്മള്‍ തീ കെടുത്തുന്ന തിരക്കിലാവുമ്ബോള്‍ അവര്‍ നമ്മുടെ വീടുകള്‍ കൊള്ളയടിച്ച്‌ കടന്ന് കളയും. ഇത്തരത്തിലാണ് അവര്‍ വിഷയങ്ങളെ വഴിതിരിച്ച്‌ വിടുന്നത്. നമ്മളതേക്കുറിച്ച്‌ ശ്രദ്ധാലുക്കളായിരിക്കണം. മുന്‍പ് നടന്ന ഒരു സംഭവം പോലും നമ്മള്‍ മറക്കരുത്.

ഒരു പൊതു മനശാസ്ത്രത്തിന്റെ പുറത്താണ് അവരുടെ പ്രവൃത്തികളെല്ലാം. നിങ്ങളൊരു ട്രെയിനില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. പോക്കറ്റില്‍ പണമുണ്ട്. ഒരാള്‍ മോഷണത്തിനായി നിങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടു. നിങ്ങള്‍ കള്ളന്‍ കളളന്‍ എന്ന് വിളിച്ച്‌ കൂവുന്നു. അയാളും കള്ളന്‍ കള്ളനെന്ന് വിളിച്ച്‌ കൂവുന്നു. അയാള്‍ക്കൊപ്പം പണം വാങ്ങി ജോലി ചെയ്യുന്ന അഞ്ചാറ് മാധ്യമങ്ങളുണ്ട്. അവരും കൂവി വിളിക്കുന്നു, കള്ളന്‍ കള്ളന്‍ എന്ന്. കണ്‍ട്രി വാണ്ട്സ് ടു നോ എന്നവര്‍ അലറുന്നു.

ഇതോടെ ആരാണ് യഥാര്‍ത്ഥ കള്ളനെന്ന് ജനങ്ങള്‍ ആശയക്കുഴപ്പത്തിലാകുന്നു. അവര്‍ സ്വയം ഇരകള്‍ ചമയുന്നു. നമ്മുടെ ഭയമാണ് അവരുടെ ശക്തിയാകുന്നത്. നമ്മളൊരുമിച്ച്‌ നിന്നാല്‍ അവരൊന്നുമല്ല. സാഹിത്യത്തിനും സിനിമയ്ക്കും പാട്ടിനും കവിതയ്ക്കുമെല്ലാം ഈ നാട്ടിലെ ഓരോ പൌരനും അഭിപ്രായം പറയാനും ചോദ്യം ചോദിക്കാനും മൌലികാവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്തരാക്കുന്നതാവണം. അതിലുപരി ഓരോ പൌരനേയും ഭയമില്ലാത്തവനാക്കി മാറ്റുക എന്നതാവണം നമ്മുടെ ദൌത്യം. “

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com