നല്ലൊരു മനുഷ്യനാണ്, അതാണ് ഇഷ്ടം : മുഖ്യമന്ത്രിയെ കണ്ട സന്തോഷത്തില്‍ മണികണ്ഠന്..
“അപ്പോ മണികണ്ഠാ പൊയ്ക്കോട്ടെ ഇനി..”
തന്റെ പുസ്തകത്തില്‍ പേരെഴുതി ഒപ്പിട്ട് പോകാന്‍ അനുവാദവും ചോദിച്ചപ്പോഴും മണികണ്ഠന് വിശ്വസമായില്ല. സംഭവിക്കുന്നത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന ആശ്ചര്യത്തിലായിരുന്നു മണികണ്ഠന്. ഏറെ ആരാധിക്കുന്ന മുഖ്യമന്ത്രി തന്റെ തൊട്ടു മുന്പില് ഇരിക്കുന്നു. കൈ തരുന്നു. എന്നോട് സംസാരിക്കുന്നു. എന്തൊക്കെയോ പറയാനുണ്ട്.. വിശേഷങ്ങള്‍ ചോദിക്കാനുണ്ട്.. പക്ഷെ, ഒന്നും പറയാന്‍ സാധിക്കുന്നില്ല.
ഒട്ടും പ്രതീക്ഷിക്കാതെയാണ് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സാധിച്ചതെന്ന് മണികണ്ഠന് പറയുന്നു.
“…വളരെ സന്തോഷായി. കുറെ കാലമയി ആഗ്രഹിച്ചിരുന്നതാണ്. ഇന്നത് സാധിച്ചു. അദ്ദേഹത്തിനും സന്തോഷായെന്ന് പറഞ്ഞു, ശരിക്കും എനിക്കാണ് സന്തോഷമായത്. അതുകൊണ്ട് ഒന്നും പറയാനും കിട്ടിയില്ല..
നല്ലൊരു മനുഷ്യനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഭയങ്കര ഇഷ്ടം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജുവാണ് ഇന്നലെ വിളിച്ച് പറഞ്ഞത്. രാത്രിയിലാണ് വിളിച്ചത്. പിന്നെ ഉറങ്ങിയിട്ടില്ല. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഷാജുവിനോട് നേരത്തെ ആഗ്രഹം പറഞ്ഞിരുന്നു. വലിയ പ്രതീക്ഷ വേണ്ട, പക്ഷെ, അങ്ങേയറ്റം ഞാന്‍ ശ്രമിക്കാം എന്നാണ് ഷാജു പറഞ്ഞത്.. കാണാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചതല്ല..” – മണികണ്ഠന് പറഞ്ഞു.
ഭിന്നശേഷിക്കാരനായ കാച്ചാണി സ്വദേശിയാണ് മണികണ്ഠന്. ജനിക്കുമ്പോഴേ ഉള്ളതാണ് മണികണ്ഠന്റെ ഭിന്നശേഷി. സ്പൈനല്‍ കോഡ് കട്ട് ചെയ്തുപോയതാണ് മണികണ്ഠനെ ഈ അവസ്ഥയിലാക്കിയത്. തന്റെ ശേഷിക്കുറവില്‍ തളര്‍ന്നുപോകാതെ ഊര്‍ജ്ജസ്വലനായി തന്നെയാണ് മണികണ്ഠന് ജീവിക്കുന്നത്. സംസാരത്തിലും പ്രവൃത്തിയിലുമെല്ലാം ഭയങ്കരമായ പോസിറ്റീവ് എനര്‍ജിയാണ് മണികണ്ഠനെന്ന് നാട്ടുകാരും പറയുന്നു.
മുഖ്യമന്ത്രിയുടെ വലിയ ആരാധകനാണ് മണികണ്ഠന്. കാരണം ചോദിച്ചാല്‍ നല്ല മനുഷ്യനാണ് അദ്ദേഹം എന്ന ഒരുത്തരം മത്രമേ മണികണ്ഠനുള്ളു. മണികണ്ഠന്റെ മുറിയിലെ ഫോട്ടോകള്‍ മുതല്‍ അലമാരയുടെ കീചെയിന്‍ വരെ പിണറായി വിജയനാണ്. മണികണ്ഠൻ വാട്സാപ്, ഫെയ്സ്ബുക് അക്കൗണ്ടുകൾ തുടങ്ങിയ കാലം മുതൽ പ്രൊഫൈൽ ചിത്രം മുഖ്യമന്ത്രിയുടേതാണ്.
ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് മുഖ്യമന്ത്രി പങ്കെടുക്കാന്‍ നിശ്ചയിച്ച വീടിന്റെ അടുത്തായാണ് മണികണ്ഠനും താമസിക്കുന്നത്. ഭിന്നശേഷിക്കാരനായ ആരാധകന്റെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ മണികണ്ഠനെ കാണാന്‍ പിണറായി വിജയന് തീരുമാനിക്കുകയായിരുന്നു.