തെരഞ്ഞെടുപ്പിന് മുന്‍പേ ഇന്ധനക്കൊള്ള
വെബ് ഡസ്ക്
രാജ്യത്തെ ഇന്ധനവില കുതിക്കുന്നു. ഞായറാഴ്ച പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിനും 31 പൈസയും വര്‍ദ്ധിപ്പിച്ചു.#
വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരുകയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 70.95 രൂപയായും ഡീസലിന് 65.45 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ 76.58, കൊല്‍ക്കത്തയില്‍ 73.05, ചെന്നൈയില്‍ 73.65 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. ലോകസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് കുത്തനെയുള്ള ഇന്ധനവില വര്‍ദ്ധനവ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇന്ധനവിലയില്‍ വലിയ കുറവ് വരുത്തി സര്‍ക്കാരിന്റെ നേട്ടമായി പ്രചരണം നടത്തുന്നത് ഇന്ത്യയില്‍ പതിവാണ്. അതിനായി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പെ പെട്രോള്‍ കമ്പനികള്‍ വലിയതോതില്‍ വില വര്‍ദ്ധിപ്പിച്ച് ലാഭം കൊയ്യും. ആ സമയത്ത് വരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയും സ്വകാര്യ കമ്പനികളെ കുറ്റപ്പെടുത്തുകയും ചെയ്യും. സ്വകാര്യ കമ്പനികളാകട്ടെ, ക്രൂഡോയില്‍ വില വര്‍ദ്ധനവെന്ന കള്ളം പറഞ്ഞ് ജനങ്ങളെ പിഴിയും. കുറെ വര്‍ഷങ്ങളായി രാജ്യത്ത് ഇതാണ് നടക്കുന്നത്.
പുതുവര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ 1.82 രൂപയും ഡീസല്‍ രണ്ട് രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായ നാലുദിവസങ്ങള്‍ ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. വ്യാഴാഴ്ച പെട്രോളിന് 13-14 പൈസയും ഡീസലിന് 18-20 പൈസയും വര്‍ദ്ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന് എട്ട് പൈസയും ഡീസലിന് 19-20 പൈസയും കൂട്ടി. ശനിയാഴ്ച പെട്രോളിന് 17-18 പൈസയും ഡീസലിന് 19-20 പൈസയും വര്‍ദ്ധിപ്പിച്ചു.