പി കെ ശശി സംഭവം : ഇരയ്ക്കും നീതി വേണം

Sharing is caring!

ഒരാള്‍ ഒരു സ്ത്രീയെ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അവരുടെ സ്ത്രീത്വത്തിനേയോ അന്തഃസ്സിനേയോ അപമാനിച്ചു എന്ന് കരുതുക. അതില്‍ ക്രിമിനല്‍ നടപടിയും പോലീസ് ഇടപെടലും ആ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമേ പരാതി നിലനില്‍ക്കൂ. അതാണ് നിയമം. പി ശശിക്കെതിരെ അന്നത്തെ പരാതിക്കാരിയുടെ അനുമതിയില്ലാതെ ചിലര്‍ നല്‍കിയ കേസ് കോടതി എടുത്ത് ദൂരെക്കളഞ്ഞത് ഈ അടുത്താണ്.

“പി കെ ശശി എംഎല്‍എയ്ക്ക് എതിരായി ഇപ്പോള്‍ മാധ്യമ പ്രചാരത്തിലുള്ള ആരോപണം എന്താണ്.? നിങ്ങള്‍ ആ പരാതി കണ്ടോ.? ഉണ്ടെങ്കില്‍ അതൊന്ന് വായിക്കൂ” എന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചപ്പോള്‍ ചാനലുകാര്‍ക്ക് മറുപടി ഇല്ലായിരുന്നു.

ഇനി ഇത്തരമൊരു പരാതി കിട്ടിയാല്‍ ഇടം വലം നോക്കാതെ സിപിഐഎം പോലീസിന് കൈമാറണമായിരുന്നു എന്നാണ് ചിലരുടെ വാദം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ പോലീസില്‍ പരാതിപ്പെടുമെന്നും ചില രാഷ്ട്രീയ ആങ്ങളമാര്‍ പ്രചരിപ്പിക്കുന്നു. പരാതിക്കാരിക്ക് ക്രിമിനല്‍ നടപടി കൈക്കൊള്ളണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ മാത്രമെ പോലീസ്-പരാതി-നിയമനടപടി തുടങ്ങിയ സാധ്യത ഉരുത്തിരിഞ്ഞ് വരികയുള്ളു. ഒരാള്‍ ഒരു സ്ത്രീയെ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അവരുടെ സ്ത്രീത്വത്തിനേയോ അന്തഃസ്സിനേയോ അപമാനിച്ചു എന്ന് കരുതുക. അതില്‍ ക്രിമിനല്‍ നടപടിയും പോലീസ് ഇടപെടലും ആ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമേ പരാതി നിലനില്‍ക്കൂ. അതാണ് നിയമം.
ഇനി ഈ വിഷയം ഒരു സ്ഥാപനത്തിലെ പീഢന പരാതി എന്ന നിലയില്‍ മേലധികാരികള്‍ക്ക് മുന്നില്‍ വരുന്നതാണെന്ന് തന്നെ സങ്കല്‍പ്പിച്ച് നോക്കാം. അങ്ങനെ പരാതി മേലാധികാരിക്ക് ലഭിച്ചാല്‍ അത് ഉടന്‍ തന്നെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് അയച്ച് കൊടുക്കണമെന്നാണല്ലോ മാധ്യമങ്ങളും ചില സോഷ്യല്‍മീഡിയ ബുദ്ധിജീവികളും പറയുന്നത്. വിശാഖാ കേസില്‍ സുപ്രീംകോടതി പറയുന്നത് അത്തരമൊരു പരാതിയിന്മേല്‍ ഒരന്വേഷണം കംപ്ലെയിന്‍റ്സ് കമ്മിറ്റി നടത്തണമെന്നാണ്. അന്വേഷണത്തിന് ഒടുവില്‍ ആവശ്യമെങ്കില്‍ നിയമ നടപടിയാവാം എന്നും. എന്ത് കൊണ്ടാണ് ഈ വിധത്തില്‍ ഒരു നിര്‍ദ്ദേശം വിധി മൂലം പരമോന്നത കോടതി പുറപ്പെടുവിച്ചത്.? ഒരു പരാതി നേരെ പോലീസിനെ ഏല്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കാതിരുന്നത് എന്ത് കൊണ്ടാവും.? പോലീസ് കേസാക്കാന്‍ ഓടി നടക്കുന്നവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടെന്ന് കരുതുന്നു. ഇവിടെ വിഷയം ആര്‍ക്കും നിയമബോധം ഇല്ലാത്തതല്ല. മറിച്ച് രാഷ്ട്രീയ വൈരം കൂടിയതാണ്.

പി ശശിക്ക് ശേഷം പി കെ ശശിയും സിപിഐഎമ്മിന് തലവേദനയാകുന്നു എന്നാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പി ശശിക്കെതിരെ ഒരു ആരോപണം വന്നപ്പോള്‍ മുന്‍-പിന്‍ നോക്കാതെ അന്വേഷണം നടത്തി കഴുത്തില്‍പിടിച്ച് വെളിയില്‍ കളഞ്ഞ പാര്‍ട്ടിയെ നോക്കി ഇപ്പോള്‍ ചിലര്‍ പറയുന്നു പാര്‍ട്ടി അന്വേഷണമോ? അപ്പോള്‍ പോലീസ് എന്തിനാണ്.? പി ശശിക്കെതിരെ അന്നത്തെ പരാതിക്കാരിയുടെ അനുമതിയില്ലാതെ ചിലര്‍ നല്‍കിയ കേസ് കോടതി എടുത്ത് ദൂരെക്കളഞ്ഞത് ഈ അടുത്താണ്.

പി കെ ശശിയും പരാതി ഉന്നയിച്ച പെണ്‍കുട്ടിയും പാര്‍ട്ടിക്കാരാണ്. അതുകൊണ്ട് തന്നെ ഇത് ഉള്‍പ്പാര്‍ട്ടി പ്രശ്നമാണ്. പെണ്‍കുട്ടി പരാതി പാര്‍ട്ടിക്ക് നല്‍കിയതും അതുകൊണ്ട് തന്നെ. അതിനും അപ്പുറമുള്ള ഒരു പ്രശ്നം ആയിരുന്നെങ്കില്‍ അവള്‍ ഇതിനകം തന്നെ പോലീസിന് പരാതി നല്‍കിയിട്ടുണ്ടാകുമായിരുന്നു. പരാതിക്കാരി (അവര്‍ ആരെന്ന് പോലും വെളിപ്പെടുത്തിയട്ടില്ല) ഒരു പരാതി സ്വന്തം പാര്‍ട്ടിക്ക് കൊടുത്തു. അത് എന്താണ് എന്ന് അറിയും മുന്‍പെ ചിലര്‍ ഉപന്യാസമെഴുത്തും ആരംഭിച്ചു. സാങ്കല്‍പ്പിക കഥകളും ഭാവനയില്‍ വരുന്ന കാര്യങ്ങളുമെല്ലാം കുറ്റകൃത്യത്തിന് ഉപോല്‍ഫലകമായി അവതരിപ്പിക്കപ്പെടുകയാണ് ഇപ്പോള്‍. ഇരയുടെ പരാതിയെന്തെന്ന് രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും അവരുടെ പരികല്‍പ്പനയിലൂടെ വിധിയെഴുതിക്കഴിഞ്ഞു.

‘അവള്‍ക്കൊപ്പം’ നിലകൊള്ളണം എന്ന ബോധ്യം ആണ് നയിക്കുന്നതെങ്കില്‍ അതില്‍ തെറ്റ് പറയാനാകില്ല എന്ന ന്യായമുണ്ട്. പക്ഷെ, ഈ കേസില്‍ അതിനും സ്കോപ്പില്ല. തന്നോടൊപ്പം പാര്‍ട്ടി ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന നിലയാണ് അവള്‍ പാര്‍ട്ടിയില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചതിലൂടെ വെളിപ്പെടുന്നത്. അവള്‍ക്ക് പരാതിപ്പെടാന്‍ ഫോറമില്ലാത്ത പ്രശ്നമില്ല. എവിടെയും വിലക്കുകള്‍ ഉള്ളതായി അവള്‍ പോലും പരാതിപ്പെടുന്നില്ല. മാത്രമല്ല, തെരുവിലിട്ട് അലക്കി പ്രശ്നത്തെ വഷളാക്കാനോ അവള്‍ സ്വയം ഇരയെന്ന ലേബലില്‍ അറിയപ്പെടാനോ സ്വന്തം സ്വകാര്യത ഇല്ലാതാക്കാനോ ഇന്ന് വരെ തയ്യാറായിട്ടുമില്ല. പാര്‍ട്ടി തലത്തില്‍ വിഷയം പരിശോധിക്കണമെന്ന കാഴ്ചപ്പാടില്‍ അവള്‍ക്ക് ഉറച്ച് നില്‍ക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മാനിക്കാതെ നടക്കുന്ന പ്രചരണ ചര്‍ച്ചാ കോലാഹലങ്ങള്‍ അവള്‍ക്ക് അനുകൂലമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിന് വേറെ ലക്ഷ്യങ്ങളുണ്ട് എന്നുറപ്പാണ്. പാര്‍ട്ടി ഈ പ്രശ്നം പരിശോധിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതില്‍ അവള്‍ക്ക് തൃപ്തിയുള്ള സ്ഥിതിക്ക് ഗ്യാലറിക്കാഴ്ചക്കാര്‍ ആഘോഷംമാറ്റിവെച്ച് സ്വയം പിരിഞ്ഞുപോകേണ്ടതാണ്. ഇരയുടെ സ്വാതന്ത്ര്യം മാനിക്കാതെ അവള്‍ എന്ത് ചെയ്യണമെന്ന് പൊതുസമൂഹം കല്‍പ്പിക്കരുത്.
പള്ളിക്കും പാര്‍ട്ടിക്കും വേറെ നീതിന്യായ വ്യവസ്ഥയോ എന്നാണ് മറ്റ് ചില ചോദ്യങ്ങള്‍. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ചാര്‍ജ് ചെയ്യപ്പെട്ട ഒരു സ്വത്ത് കേസില്‍ തങ്ങള്‍ക്ക് റോമന്‍ നിയമങ്ങളാണ് ബാധകം എന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയാണ് സഭ ചെയ്തത്. അതാണ് കോടതി തള്ളിക്കളഞ്ഞതും. ഇവിടെ സിപിഐഎം അങ്ങിനെ ഒരു സമീപനം സ്വീകരിച്ചോ.? ഈ രാജ്യത്തെ നിയമ വ്യവസ്ഥ തങ്ങള്‍ക്ക് ബാധകമല്ലെന്ന് സിപിഐഎം പറഞ്ഞോ,? ഇരയെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിക്ക് താല്‍പര്യമില്ലാത്ത ഒരു നിയമ നടപടിക്ക് പാര്‍ട്ടി തുനിയണമെന്ന് പറയുന്നതിന്‍റെ പൊള്ളത്തരം ചര്‍ച്ചയാവാതിരിക്കാന്‍ കണ്ടുപിടിച്ച കുബുദ്ധിയായെ ഇതിനെ കാണാന്‍ സാധിക്കു.

രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ തങ്ങളുടെ അംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് തന്നെയാണ് നിലപാട് സ്വീകരിക്കാറുള്ളത്. സിപിഐയും കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും എല്ലാം സമീപകാലത്ത് ഉണ്ടായ പല വിഷയങ്ങളിലും സ്വീകരിച്ച നിലപാട് ഇത് തന്നെയായിരുന്നു. ഇതേ നിലപാട് സിപിഐഎം സ്വീകരിക്കുമ്പോള്‍ മാത്രം എന്താണ് ഈ വിധം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് നാം പരിശോധിക്കേണ്ടതാണ്. സഭ സ്വീകരിച്ച നിലപാടും പാര്‍ട്ടി നിലപാടും ഒന്നാണോ.? അല്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. പക്ഷെ, വസ്തുതകളെ തമസ്കരിച്ചും രാഷ്ട്രീയലക്ഷ്യത്തോടെ ആരോപണമുന്നയിക്കുന്നവര്‍ക്കും രണ്ട് സമീപനങ്ങളും ഒന്നാണ്. ഇത് എന്തുകൊണ്ടാണെന്ന് ഇത്തരം ആളുകള്‍ തന്നെ സ്വയം വിലയിരുത്തുന്നതാകും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com