ഗൂഢാലോചനയും ജയില്‍സൂപ്രണ്ടിന്‍റെ പങ്കും അന്വേഷിക്കണം : പി സി ജോര്‍ജ്

നടിയെ അക്രമിച്ച കേസില്‍ വഴിത്തിരിവായ പള്‍സര്‍ സുനിയുടെ കത്തിനെ സംബന്ധിച്ചുള്ള ഗൂഢാലോചനയില്‍ ഉന്നത തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ജയിലിനുള്ളിലെ പ്രതി ഒരു കത്ത് അയക്കുമ്പോള്‍ അതിനുള്ള കടലാസ് നല്‍കുന്നതും ആ കത്തിലെ പരാമര്‍ശങ്ങള്‍ ജയില്‍ സൂപ്രണ്ട് വായിച്ചുനോക്കി ഉറപ്പുവരുത്തിയുമാണ് പുറത്തേക്ക് പോകുന്നത്. ഇതിന്‍റെ ഉത്തരവാദിത്വം ജയില്‍ സൂപ്രണ്ടിനാണ്. പ്രമുഖ നടന് അയച്ച കത്ത് ജയില്‍ സൂപ്രണ്ട് കാണാതെ പോയതാണെങ്കില്‍ അത് ഗുരുതരമായ പിഴവാണ്. സൂപ്രണ്ട് പരിശോധിച്ച ശേഷം അയച്ചതാണെങ്കില്‍ അതിലെ ഉള്ളടക്കം വായിച്ചുനോക്കിയതിന് ശേഷം ജയില്‍ സീലോട് കൂടി കത്ത് പുറത്തുവിട്ടത് ഗുരുതരമായ നിയമലംഘനവുമാണ്. അത്തരമൊരു ഭീഷണിക്കത്ത് പുറത്തുവിടാതിരിക്കാനുള്ള വിവേകം ജയില്‍സൂപ്രണ്ട് കാണിക്കേണ്ടതായിരുന്നുവെന്നും ആ കത്ത് മാധ്യമങ്ങള്‍ക്ക് കിട്ടിയതും ഈ ഗുഢാലോചനയുടെ ഭാഗമാണെന്നും പി സി ജോര്‍ജ് പറയുന്നു.

അന്തിചര്‍ച്ച നടത്തുന്ന മാധ്യമങ്ങള്‍ക്ക് കേസിലെ ഓരോ കാര്യവും ചോര്‍ത്തികൊടുക്കുന്ന സ്ഥിതിയാണ് കാണുന്നത്. അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത് സര്‍ക്കാര്‍ അന്വേഷണം നടത്തണം. മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ മന:പൂര്‍വ്വം നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമം നടന്നിട്ടുണ്ടോ എന്ന സംശയവും പി സി പ്രകടിപ്പിക്കുന്നുണ്ട്. നിയമവിരുദ്ധമായി തടവുപുള്ളിയുടെ കത്ത് പുറത്തേക്ക് കൈമാറിയതടക്കം കേസ് ഉന്നത തല അന്വേഷണത്തിന് വിധേയമാക്കി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പി സി ജോര്‍ജ് കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *