18 വയസ്, ഇംഗ്ലീഷ് പരിജ്ഞാനം, പത്താം ക്ലാസ് ജയം : ഡ്രോണുകള്‍ക്ക് പുതിയ നയം
വെബ് ഡസ്ക്
ഡ്രോണുകൾ ഇനി വെറുതെ പറത്താനാകില്ല. കാഴ്ചകളുടെ പുതു വസന്തം തീർത്ത ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കേന്ദ്രം പുതിയ നയം കൊണ്ടുവന്നു. സിനിമകളിൽ തുടങ്ങി വിവാഹ വീഡിയോകളിൽ വരെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയ ഡ്രോണുകൾക്ക് ഇന്നുമുതൽ ലൈസൻസ് വേണം. ലൈസന്‍സ് ലഭിക്കുക 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം. ഇതിന് പുറമേ ഇംഗ്ലീഷ് പരിജ്ഞാനവും പത്താം ക്ലാസ് ജയവും ആവശ്യവുമാണ്.
ഡിജിറ്റല്‍ സ്കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായിരിക്കും ഇന്നുമുതൽ ഡ്രോണുകളെ നിയന്ത്രിക്കുക. ഡിജിറ്റല്‍ സ്കൈയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇനിമുതൽ ഡ്രോണുകള്‍ പറപ്പിക്കാനുള്ള അവകാശം ഉണ്ടാകൂ.
റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ക്രാഫ്റ്റുകളുടെ കൂട്ടത്തിലാണ് ഡ്രോണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എയർക്രാഫ്റ്റ് ഉപയോഗിക്കുന്നതിനുള്ള നയം പുതുക്കിയപ്പോൾ ഡ്രോണുകളും അതിൽ ഉൾപ്പെട്ടു. ഡിജിററല്‍ സ്കൈ വൈബ്സൈറ്റിലോ ആപ്പിലോ രജിസ്ട്രേഷൻ സൗകര്യം ഒരുക്കും. ഡ്രോണിന്റെ ഉടമസ്ഥന്, പറത്തുന്നയാളുടെ വിവരം, ഡ്രോണിനെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ വൈബ്സൈറ്റില്‍ ചേര്‍ക്കണം.
പുതിയ നയം അനുസരിച്ച് 250 ഗ്രാമില്‍ താഴെ ഭാരമുള്ള നാനോ, 250 ഗ്രാം മുതല്‍ 2 കിലോ ഗ്രാം വരെ മൈക്രോ, 2 കിലോ ഗ്രാം മുതല്‍ 25 കിലോ ഗ്രാം വരെ സ്മാള്‍, 25 കിലോ ഗ്രാം മുതല്‍ 150 കിലോ ഗ്രാം വരെ മീഡിയം, 150 കിലോ ഗ്രാമിന് മുകളില്‍ ലാര്‍ജ് എന്നിങ്ങനെ ഡ്രോണുകളെ നാലായി തിരിച്ചിട്ടുണ്ട്. ഇതില്‍ നാനോ, മൈക്രോ വിഭാഗങ്ങള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. മറ്റ് വിഭാഗങ്ങളിലുള്ള ഡ്രോണുകള്‍ പറത്തണമെങ്കില്‍ അവ രജിസ്റ്റര്‍ ചെയ്ത് യുണിക് ഐഡന്റിഫിക്കേഷന്‍ കരസ്ഥമാക്കണം.
പുതിയ നയപ്രകാരം 400 അടി ഉയരത്തില്‍ മാത്രമേ ഡ്രോണുകൾ പറത്താന്‍ അനുമതിയുള്ളു. രാത്രിയില്‍ ഉപയോഗിക്കുന്നതിന് നിരോധനവുമുണ്ട്. വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിര്‍ത്തി, ന്യൂഡല്‍ഹി വിജയ് ചൗക്ക്, സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരങ്ങള്‍, സേന കേന്ദ്രങ്ങള്‍ മറ്റ് സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുമതി ഉണ്ടാവില്ല.