ആട് ജീവിതങ്ങള്‍ക്ക് ഒരു വേദി ഒരുക്കി ലോക കേരള സഭ
ഗള്‍ഫ് നാടുകളില്‍ നിന്ന് മലയാളികളുടെ തിരിച്ചുവരവ് കേവലം ഒരു ഭീഷണിയല്ല. യാഥാര്‍ത്ഥ്യമാണ്. ഈ ദിശയില്‍ ശരിയായ നടപടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ലോകകേരള സഭയെന്ന് ബെന്യാമിന് പറഞ്ഞു.
വെബ് ഡസ്ക്
അപൂര്‍വ നിമിഷമായിരുന്നു അത്. മലയാളത്തിന്റെ ഉള്ളുലച്ച ആ ഗ്രന്ഥകാരനും കഥാപാത്രവും ഒരേ വേദിയില്‍ ഒന്നിച്ചുനിന്നു. അര്‍ത്ഥവത്തായിരുന്നു ആ വേദിയും. അതുപോലെയുള്ള കഥകള്‍ ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍, ആടുജീവിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ വേദി ശരിയായ ചുവടുവയ്പ്പാണ്, അവര്‍ ഒന്നിച്ചു പറഞ്ഞു. ആടുജീവിതം എന്ന എക്കാലത്തെയും മികച്ച പ്രവാസ നോവലിന്റെ കര്‍ത്താവായ ബെന്യാമിനും നോവലിലെ നായക കഥാപാത്രത്തിനു കാരണമായ നജീബുമാണ് ലോക കേരള സഭയില്‍ ശ്രദ്ധാകേന്ദ്രമായി ഒരുമിച്ചു ചേര്‍ന്നത്. ഇരുവരും സഭാംഗങ്ങളാണ്.

പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും അവരുടെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ചകളും സ്വപ്നങ്ങളും മാത്രം വച്ചു പുലര്‍ത്തിയിരുന്ന കാലം അവസാനിപ്പിക്കാന്‍ സമയമായതായി ബെന്യാമിന് പറഞ്ഞു. പ്രായോഗികവും ക്രിയാത്മകവുമായ നടപടികളാണ് ഇപ്പോള്‍ ആവശ്യം. ഗള്‍ഫ് നാടുകളില്‍ നിന്ന് മലയാളികളുടെ തിരിച്ചുവരവ് കേവലം ഒരു ഭീഷണിയല്ല. യാഥാര്‍ത്ഥ്യമാണ്. കര്‍ശനമായ സ്വദേശിവത്കരണ നടപടികളാണ് മിക്ക രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. ഈ ദിശയില്‍ ശരിയായ നടപടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ലോകകേരള സഭയെന്ന് ബെന്യാമിന് പറഞ്ഞു.
തന്നേപ്പോലെയുള്ള പാവപ്പെട്ടവരെകൂടി പരിഗണിച്ചുകൊണ്ടുള്ള ഈ വേദി പാവപ്പെട്ടവര്‍ക്ക് നല്ലകാലം വരുമെന്ന ശുഭപ്രതീക്ഷ പകരുന്നതായി നജീബ് പറഞ്ഞു. താന്‍ അനുഭവിച്ച യാതനകള്‍ മറക്കാനാവാത്തതാണ്. അത്തരം ദുരനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കണമെന്നാണ് ആഗ്രഹമെന്ന് നജീബ് പറഞ്ഞു.