ലോക്ക്ഡൗണ്‍ കാലത്തെ ലോകം മലിനീകരണമുക്തമെന്ന് പഠനം
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വികസിത രാജ്യങ്ങള്‍ പോലും നിസ്സഹാരായി നില്ക്കുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാണ് എല്ലാ രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കുന്നത്. ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഇങ്ങനെ ദിവസങ്ങളോളം ലോക്ക്ഡൗണ്‍ നീങ്ങിയതോടെ ഭൂമിയില്‍ പല വ്യത്യാസങ്ങളും വന്നുതുടങ്ങിയതായി പഠനങ്ങള്‍ പറയുന്നു.
ഇന്ത്യയില്‍ ഹിമാചലിന്റെ ഒരു ഭാഗം നഗ്നനേത്രങ്ങള്‍ കൊണ്ട് പഞ്ചാബ് ജനതയ്ക്ക് കാണാനായെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇതുവരെ കാണാന്‍ സാധിക്കാതിരുന്ന ഹിമാലയ നിരയെയാണ് ജലന്ധറില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനായത്. മഞ്ഞ്മൂടിയ ഹിമാലയത്തിന്റെ വിദൂരദൃശ്യം ജലന്ധര്‍ ജനതയ്ക്ക് അത്ഭുതമായിരുന്നു. മലിനീകരണത്തില്‍ മൂടിക്കിടന്നതുകൊണ്ടാണ് ഇത്രയും നാള് ഇങ്ങനെയൊരു ദൃശ്യം കാണാതിരുന്നത്. എത്രമാത്രം ഭീകരമായിരുന്നു നമ്മുടെ മലിനീകരണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ലോക്ക്ഡൗണിന് ശേഷം ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതും വര്ക്ഷോപ്പുകള് അടച്ചിട്ടതും മലിനീകരണം കുറച്ചിട്ടുണ്ട്. വാഹന ഗതാഗതം പൂര്‍ണമായും നിശ്ചലമായതോട് കൂടി പ്രധാനപ്പെട്ട വായു-ശബ്ദ മലിനീകരണം ഇല്ലാതാവുകയായിരുന്നു. ഇതിന്റെ ഭാഗമായി ഭൂമിയില്‍ പലമാറ്റങ്ങളും ദൃശ്യമായി തുടങ്ങി.
ലോക്ക്ഡൗണ്‍ കാലത്ത് നമ്മുടെ പ്രകൃതി തന്നെ മാറിക്കൊണ്ടിരിക്കുന്നതായാണ് പഠനം. ഭൂമിയുടെ ചലനത്തില്‍ പോലും മാറ്റം സംഭവിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ റോയല്‍ ഒബ്സര്‍വേറ്ററി ഗവേഷകരാണ് ഭൂമിയുടെ ചലന മാറ്റത്തെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ പുറംഭാഗത്തെ ഭൂകമ്പസാധ്യമായ ചലനങ്ങളില്‍ വലിയ കുറവ് ഉണ്ടായതായാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ഗതാഗതസംവിധാനവും മനുഷ്യരുടെ പ്രവൃത്തികളും നിശ്ചലമായിരിക്കുകയാണ്. ഇതാണ് ഭൂമിയുടെ ചലനത്തെ സ്വാധീനിച്ചിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഭൂമിയുടെ ചലനം അളക്കുന്നതിനായി സിസ്മോമീറ്ററാണ് ഇവര്‍ ഉപയോഗിച്ചത്.
ബെല്‍ജിയത്തില്‍ നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 33 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്ന ശബ്ദമലിനീകരണം. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് ഗവേഷകര്‍ ലോസ് ഏഞ്ചല്‍സില്‍ നടത്തിയ പഠനത്തിലും സമാന അനുഭവമായിരുന്നു. ഇത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കേണ്ട സമയമാണെന്ന് ഗവേഷകര്‍ പറയുന്നു. ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ നീളുകയാണെങ്കില്‍ ഭൂമിയുടെ ചലനത്തിലും പ്രകൃതിയുടെ സന്തുലിതാവസ്ഥയിലും വലിയ മാറ്റം പ്രകടമാകുന്നാണ് ഗവേഷകരുടെ അഭിപ്രായം.
ലോക്ക്ഡൗണിന് മുന്‍പ് വരെ ഭൂകമ്പശാസ്ത്രജ്ഞര്ക്ക് ഭൂമിയുടെ ചലനം കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. വലിയ വാഹങ്ങളുടെ സഞ്ചാരം, ഫാക്ടറികളുടെ പ്രവര്‍ത്തനം, ചെറുതും വലുതുമായ ശബ്ദമലിനീകരണം എന്നിവയൊക്കെ ഭൂമിയുടെ ചലനത്തെ വ്യത്യസ്തമാക്കിക്കൊണ്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യം ഗവേഷകര്‍ക്ക് അനുകൂലമാണ്. ഭൂമിയുടെ ചലനവേഗം കൃത്യമായി രേഖപ്പെടുത്താന്‍ ഈ ലോക്ക്ഡൗണ്‍ കാലം ഉപയോഗപ്പെടുത്താമെന്നും ഭാവിയില്‍ ഇത് വലിയമാറ്റം കുറിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
എന്തുതന്നെയായാലും മലിനീകരണത്തിന്റെ തോത് വളരെ വലുതാണെന്ന് മനുഷ്യര്‍ വീട്ടിലിരുന്നപ്പോഴാണ് ലോകത്തിന് മനസിലായത്.

കടപ്പാട് : CNN