പരിഭ്രാന്തി വേണ്ട, ജാഗ്രത വേണം : ടി സി രാജേഷ്‌ എഴുതുന്നു..

Sharing is caring!

ചെറുതോണി ഡാമിലാണ് ജലസംഭരണിയുടെ ഷട്ടറുകളുള്ളത്. അതാണ് തുറന്നുവിടുക. ഷട്ടര്‍ തുറന്നാല്‍ വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണില്‍ തന്നെയാണ്. ഇടുക്കിയില്‍ നിന്ന് ചെറുതോണി ടൗണിലേക്കു പ്രവേശിക്കുന്നിടത്തെ പാലം വളരെ താഴ്ന്നതാണ്. അത് വെള്ളത്തില്‍ മുങ്ങുമെന്നുറപ്പ്. അതോടൊപ്പം ചെറുതോണി ബസ് സ്റ്റാന്‍ഡിലും ജില്ലാ പഞ്ചായത്ത് നിര്‍മിച്ച് പാര്‍ക്കിലുമൊക്കെ വെള്ളം കയറിയേക്കാം.

ടി സി രാജേഷ്‌

മുല്ലപ്പെരിയാറിനു ശേഷം ഇടുക്കിയിലെ വെള്ളം​ മാധ്യമങ്ങളില്‍ നിറയുകയാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഇടുക്കിയിലെ സുഹൃത്തുക്കലേയും ബന്ധുക്കളേയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവിക്കുന്നത് തിരുവനന്തപുരത്താണെങ്കിലും ഊര് അങ്ങ് ഇടുക്കിയിലാണ്.

നിറഞ്ഞുകിടക്കുന്ന ഇടുക്കി ഡാം നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതൊരു സുന്ദര കാഴ്ചയാണ്. ഡാമില്‍ നല്ലരീതിയില്‍ വെള്ളമുള്ളപ്പോള്‍ കുട്ടിക്കാനം- കട്ടപ്പന റൂട്ടില്‍ പോയാല്‍ പോലും ആ കാഴ്ചകാണാം. വെള്ളിലാങ്കണ്ടത്ത്, കേരളത്തിലെ ഏക മണ്‍ചപ്പാത്തിന് ഇരുവശത്തുമായി വെള്ളമങ്ങനെ നിറഞ്ഞുപരന്നുകിടക്കും. കുറേ വര്‍ഷമായി ആ കാഴ്ച ഇല്ലാതായിട്ട്. ഇത്തവണ അതുണ്ട്. അണക്കെട്ട് തുറന്നുവിട്ടാലും ഓണാവധിക്കു നാട്ടില്‍ പോകുമ്പോള്‍ വെള്ളിലാങ്കണ്ടത്തെ വൃഷ്ടിപ്രദേശം നല്ല കാഴ്ച സമ്മാനിക്കുമെന്നുറപ്പാണ്.

അതവിടെ നില്‍ക്കട്ടെ. ഇടുക്കിയില്‍ പലയിടത്തും ആളുകളില്‍ ചെറിയതൊതിലെങ്കിലും പരിഭ്രാന്തിയുണ്ട്. പലയിടത്തും ആളുകള്‍ കൂട്ടം കൂടി തുടങ്ങിയിരിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പെരിയാര്‍ കയ്യേറി വീടുവച്ച് താമസമാക്കിയവരെയൊക്കെ ഒഴിപ്പിച്ചുകഴിഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും റവന്യു അധികൃതരുമൊക്കെ കനത്ത ജാഗ്രതയിലാണ്. ആളുകള്‍ പറഞ്ഞാല്‍കേട്ടാല്‍ മതി. ചെറുതോണി പട്ടണത്തില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള റോഡില്‍ ഗതാഗതം നിലയ്ക്കുമെന്ന് ഉറപ്പാണ്. തടിയമ്പാട് ചപ്പാത്തും വെള്ളത്തില്‍ മുങ്ങും. കരിമ്പനില്‍ നിന്ന് വിമലിഗിരിയിലേക്കുള്ള റോഡില്‍ വലിയൊരു പാലം വന്നതാണ് ആശ്വാസം. കുറച്ചു കിലോമീറ്ററുകള്‍ കറങ്ങേണ്ടിവന്നാലും അതിലേ വാഹനങ്ങളെ വഴിതിരിച്ചുവിടാനാകും. അതിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ഇടുക്കി ജലസംഭരണിക്ക് മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം. ഇതില്‍ കുളമാവ് ഡാമിനു മുകളിലൂടെയാണ് കട്ടപ്പന-തൊടുപുഴ റോഡും വാഹനഗതാഗതവും. മറ്റും രണ്ടു ഡാമിലും ഗതാഗതം അനുവദിച്ചിട്ടില്ല. ചെറുതോണി ഡാമിലാണ് ജലസംഭരണിയുടെ ഷട്ടറുകളുള്ളത്. അതാണ് തുറന്നുവിടുക. ഷട്ടര്‍ തുറന്നാല്‍ വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണില്‍ തന്നെയാണ്. ഇടുക്കിയില്‍ നിന്ന് ചെറുതോണി ടൗണിലേക്കു പ്രവേശിക്കുന്നിടത്തെ പാലം വളരെ താഴ്ന്നതാണ്. അത് വെള്ളത്തില്‍ മുങ്ങുമെന്നുറപ്പ്. അതോടൊപ്പം ചെറുതോണി ബസ് സ്റ്റാന്‍ഡിലും ജില്ലാ പഞ്ചായത്ത് നിര്‍മിച്ച് പാര്‍ക്കിലുമൊക്കെ വെള്ളം കയറിയേക്കാം.

1992നു ശേഷം പെരിയാറിന് വീതി ഏറെ കുറഞ്ഞുവെന്നതാണ് വാസ്തവം. കയ്യേറ്റങ്ങളാണ് ഏറെയും. പലയിത്തും കര കെട്ടിയെടുത്തുകഴിഞ്ഞു. ഇടുക്കി ഡാം ഇനിയൊരു തുറന്നുവിടലുണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത്. എന്തായാലും ഇതൊരു വൃത്തിയാക്കല്‍ കൂടിയാണ്. വെള്ളം ഒഴുകിയിറങ്ങിക്കഴിഞ്ഞാല്‍ അത്തരം സ്ഥലങ്ങളില്‍ വീണ്ടും കൂടുകൂട്ടാന്‍ ആളുകളൊന്നു മടിക്കുമെന്നു കരുതാം.

ഇടുക്കിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ വലിയ കാലവര്‍ഷങ്ങളിലൊന്നുതന്നെയാണിത്. സാധാരണയായി തുലാവര്‍ഷക്കാലത്ത്- സെപ്റ്റ​ബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇടുക്കിയില്‍ ഡാമുകള്‍ നിറഞ്ഞിരുന്നത്; ഇടുക്കിയായാലും മുല്ലപ്പെരിയാറായാലും. 2011ല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലെത്തുകയും വെള്ളം സ്പില്‍വേ കവിഞ്ഞ് പെരിയാറിലൂടെ ഇടുക്കി ജലസംഭരണിയിലെത്തുകയും ചെയ്തിരുന്നു. അതൊക്കെ തുലാവര്‍ഷക്കാലമായിരുന്നു. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിവരെയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്ന് സ്പില്‍വേ കവിഞ്ഞ് ഉടനെയെങ്ങും വെള്ളം ഇടുക്കി ജലസംഭരണിയിലേക്കെത്തില്ല. പക്ഷേ, ഇപ്പോഴത്തെ അതേ രീതിയില്‍ മഴ തുടരുകയും തുലാവര്‍ഷവും ‘കനിഞ്ഞനുഗ്രഹിക്കാന്‍’ തീരുമാനിക്കുകയും ചെയ്താല്‍ ഇടുക്കിയിലെ സ്ഥിതി മോശമാകും. താങ്ങാനാകാത്തത്ര ജലം അണക്കെട്ടുകളെ നിറയ്ക്കും. ഇതുപോലുള്ള മഴയത്ത് പണ്ടൊക്കെ ഉരുള്‍പൊട്ടലുകള്‍ പതിവായിരുന്നെങ്കിലും ഇത്തവണ അത്തരമൊരു അപകടം ഉണ്ടായില്ലെന്നത് ഭാഗ്യം. വെള്ളം മണ്ണില്‍ താഴുകയല്ല, ഒഴുകിപ്പരക്കുകയാണെന്നതിന്‍റെ മറ്റൊരു തെളിവാണത്.

എറണാകുളം നിവാസികള്‍ ജാഗ്രത പാലിക്കുക. പെരിയാര്‍ വീണ്ടും നിറയാന്‍ പോകുകയാണ്. കനത്ത മഴയത്ത് കരകവിഞ്ഞ പെരിയാറിലേക്ക്, ഇടുക്കിയില്‍ ഇതുവരെ പിടിച്ചുനിറുത്തി സഹായിച്ചതില്‍ ഒരു പങ്ക് വെള്ളം കൂടി കൂലംകുത്തി ഒഴുകാന്‍ തയ്യാറെടുക്കുകയാണ്. ഇടുക്കിയും എറണാകുളവും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാകുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com