കേരളത്തില്‍ 1,23,630 മതമില്ലാത്ത ജീവനുകള്‍
എല്ലാ സ്കൂളുകളിലും ഒരു വിദ്യാര്‍ത്ഥിയെങ്കിലും ജാതി, മതം കോളം പൂരിപ്പിക്കാതെയുണ്ട്. പുതിയ കാലം മതേതരത്വം ആഗ്രഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ കണക്കുകളും
വെബ് ഡസ്ക്
2017-18 അദ്ധ്യയന വര്‍ഷം കേരളത്തിലെ സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികളില്‍ ജാതി, മതം എന്നിവയ്ക്കുള്ള കോളം പൂരിപ്പിക്കാത്ത 1,23,630 കുട്ടികള്‍. ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാംവര്‍ഷം 239 കുട്ടികളും ജാതിയും മതവും ചേര്‍ത്തിട്ടില്ല. ഡി കെ മുരളി എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മതമില്ലാത്ത ജീവന് എന്ന അദ്ധ്യായം ഏഴാം ക്ലാസ് സാമൂഹ്യപാഠത്തില്‍ ഉള്‍പ്പെടുത്തിയത് കേരളത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിരവധി സമരങ്ങളും സംഘര്‍ഷങ്ങളും അന്ന് സര്‍ക്കാരിനെതിരെ നടന്നു. മത-ജാതി സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ 2008 ല്‍ സര്‍ക്കാര്‍ ആ പാഠം പിന്‍വലിക്കുകയായിരുന്നു. 10 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2018 ല്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് കേരളം മതേതരത്വത്തെ പുണരുന്നു എന്നാണ്. വിവിധ മത സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പോലും നൂറിലധികം കുട്ടികള്‍ ജാതി, മതം കോളം പൂരിപ്പിച്ചിട്ടില്ലെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നു.
ഹയര്‍സെക്കന്ററി തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജാതി, മതം കോളം പൂരിപ്പിക്കാത്ത 39 കുട്ടികളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള കുട്ടികളില്‍ മലബാര്‍ മേഖലയിലാണ് കൂടുതല്‍. കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം ഇഎംഎച്ച്എസ്എസ് ഉദയനഗര്‍ സ്കൂളില്‍ 427 കുട്ടികള്‍ ജാതി, മതം എന്നിവ ചേര്‍ത്തിട്ടില്ല. നൈമാറമൂല എന്‍ എ മോഡല്‍ ഹൈസ്കൂളില്‍ 491 പേരും പച്ചമ്പാല സ്കൂളില്‍ 505 കുട്ടികളും സെന്റ് പോള്‍സ് എയുപിഎസ് തൃക്കരിപ്പൂരില്‍ 702 കുട്ടികളും ജാതി, മതം എന്നിവ ചേര്‍ത്തിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ ശ്രീനാരായണ വിദ്യാമന്ദിര്‍ സ്കൂളില്‍ 1079 കുട്ടികളാണുള്ളത്. മലപ്പുറം, തുറക്കല്‍ അല്‍ ഹിദായത്ത് ഇഎം സ്കൂളില്‍ 1011 കുട്ടികളും ബിഇഎം സ്കൂളില്‍ 725 കുട്ടികളും ജാതി, മതം ചേര്‍ക്കാതെ പഠനം നടത്തുന്നു. പാലക്കാട് ഭാരതാമാതാ ഹൈസ്കൂളില്‍ 677 കുട്ടികളാണ് ഈ കണക്കില്‍ ഉള്പ്പെട്ടവരായിട്ടുള്ളത്.
ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന 9209 സ്കൂളുകളില്‍ നിന്നും 364 ഹയര്‍സെക്കന്ററി സ്കൂളുകളില്‍ നിന്നുമുള്ള കണക്കുകളാണിത്. എല്ലാ സ്കൂളുകളിലും ഒരു വിദ്യാര്‍ത്ഥിയെങ്കിലും ജാതി, മതം കോളം പൂരിപ്പിക്കാതെയുണ്ട്. കഴിഞ്ഞ ദിവസം ഫുഡ്ബോള്‍ താരം സി കെ വിനീത് തന്റെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ജാതി, മതം കോളം പൂരിപ്പിക്കാതിരുന്നതില് കേരളമൊന്നാകെ കൈയ്യടിച്ചിരുന്നു. പുതിയ കാലം മതേതരത്വം ആഗ്രഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ കണക്കുകളും.