അഭയകേന്ദ്രങ്ങളില്‍ കുടിയേറ്റക്കാരെ നിയന്ത്രിക്കാനാകാതെ പോലീസും സര്‍ക്കാരും
ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ പെട്ട് കിടക്കുന്ന കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്നത് പ്രത്യേക അഭയകേന്ദ്രങ്ങളിലാണ്. നാട്ടിലേക്ക് എത്തിപ്പെടാനാകാത്ത അസ്വസ്ഥത അഭയകേന്ദ്രങ്ങളില്‍ പല സംഭവങ്ങളിലേക്കും വഴിവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തിന്റെ പേരില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ പോലീസ് ലാത്തിച്ചാര്‍ജിലും തീവെപ്പിലുമാണ് അവസാനിച്ചത്.
അഭയകേന്ദ്രങ്ങളില്‍ ഭക്ഷണം അപര്യാപ്തമാണെന്നാണ് പ്രധാന പരാതി. ഇതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ ലാത്തിച്ചാര്‍ജ്, മുങ്ങിമരണം, തീപിടുത്തം എന്നിവയ്ക്ക് കാരണമായിരുന്നു. മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ക്ക് തീയിട്ട കേസില്‍ കുടിയേറ്റ തൊഴിലാളികളും പ്രാദേശിക ഭവനരഹിതരുമായ ഏഴു പേരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റക്കാരെ ദില്ലിയിലെ കശ്മീര്‍ ഗേറ്റ് പ്രദേശത്തെ മൂന്ന് ഷെല്‍ട്ടറുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധി ഭവനരഹിതര്‍ക്ക് ഇവിടെ അഭയം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്താണ് പ്രശ്നങ്ങളുടെ തുടക്കം. മൂന്ന് ഷെല്‍ട്ടറുകളിലായി 400 ഓളം ആളുകളാണുള്ളത്. അവര്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭ്യമായില്ലെന്നായിരുന്നു പരാതി. ഇത് പോലീസും കുടിയേറ്റക്കാരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് കുടിയേറ്റക്കാരെ നിയന്ത്രിച്ചെങ്കിലും ചിലര്‍ കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് പോലീസ് ലാത്തി ചാര്‍ജ് നടത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച നാല് തടവുകാര്‍ അടുത്തുള്ള യമുന നദിയിലേക്ക് എടുത്ത് ചാടി. ഇതില്‍ ഒരാളെ രക്ഷപ്പെടുത്താനായില്ല. മുങ്ങല്‍വിദഗ്ധര്‍ ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു മൃതദേഹം യമുനയില്‍ പൊങ്ങി. ചാടിയ ആളാണ് മരിച്ച് കിടക്കുന്നതെന്ന അഭ്യൂഹം പരന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി പോലീസ് അഭയകേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുവന്നു. പ്രകോപിതരായ അഭയകേന്ദ്രത്തിലെ താമസക്കാര്‍ പോലീസ് വാനില്‍ കല്ലെറിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ ചില തടവുകാര്‍ മൂന്ന് ഷെല്‍ട്ടറുകള്‍ക്ക് തീയിട്ടു. തീപിടുത്തത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഷെല്‍ട്ടറുകള്‍ക്ക് നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച ഗുജറാത്തിലെ സൂറത്തില്‍ കുടിയേറ്റക്കാര്‍ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയും നാട്ടിലേക്ക് മടങ്ങാന്‍ ബഹളം കൂട്ടുകയും ചെയ്തിരുന്നു.
ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ദില്ലിയിലാണെന്നാണ് റിപ്പോര്‍ട്ട്. ദില്ലി സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളൊരുക്കി ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും താമസക്കാരായ തൊഴിലാളികള്‍ അസ്വസ്ഥരാണെന്ന് അടുത്തുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കുടിയേറ്റക്കാരായ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കേന്ദ്രവും ദില്ലി സര്‍ക്കാരും കൂടുതല്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാവു.
courtesy – telegraphindia.com