MeToo ആണ്‍കുട്ടികള്‍ക്കും ബാധകം.. ഉണ്ടാകേണ്ടത് തുറന്നുപറയുന്ന സമൂഹം..

Sharing is caring!

ആദ്യത്തേ ഓർമ്മ കോഴിക്കോട് നിന്നും നാട്ടിലേക്കുള്ള ഒരു ബസ് യാത്രയാണ്. രണ്ടാമത്തേ അനുഭവം നാട്ടിലെ ഒരു ബാർബർ ഷോപ്പിൽ വെച്ചാണ്. ഒരു പെണ്ണിന്റെ അനുഭവങ്ങൾ ആണിന്റേതുമായി താരതമ്യപ്പെടുത്തുന്നതിന്റെ അർത്ഥശൂന്യതയുമറിയാം.

പെണ്‍കുട്ടികളാണ് ശരീരികമായി ഏറെ ചൂഷണത്തിന് ഇരയാകുന്നതെങ്കിലും ആണ്‍കുട്ടികളും ഇത്തരം അനുഭവങ്ങളിലൂടെ പലപ്പോഴായി കടന്നുപോയിട്ടുണ്ട്. MeToo ക്യാമ്പെയിനിലൂടെ പെണ്‍കുട്ടികള്‍ പലതും തുറന്നുപറയുമ്പോള്‍ കുട്ടികാലത്ത് ഉണ്ടായ മോശമായ അനുഭവം പങ്കുവെക്കുകയാണ് നവീന്‍ എസ്. തെറ്റുകളില്‍ നിന്നും നിശബ്ദമാകാനോ ഭയപ്പെടുത്താനോ അല്ല, തുറന്നുപറയാന്‍ മനസുള്ള സമൂഹമാണ് ഇതിന് ഏറ്റവും വലിയ പരിഹാരം എന്ന് നവീന്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

MeToo, ആൺ-പെൺ ഭേദമില്ലാതെ ലൈംഗികാതിക്രമം നേരിട്ടവർക്കായുള്ളതെന്ന് ഞാൻ മനസ്സിലാക്കിയ ഈ കാമ്പയിനിൽ ഞാനും ഭാഗമാകുന്നു. മറവിയുടെ മതിൽക്കെട്ടിനിപ്പുറത്ത് നിൽക്കുന്ന രണ്ട് കുട്ടിക്കാല ഓർമ്മകളാണ് എന്നെയതിന് അർഹനാക്കുന്നത്.

ആദ്യത്തേ ഓർമ്മ കോഴിക്കോട് നിന്നും നാട്ടിലേക്കുള്ള ഒരു ബസ് യാത്രയാണ്. വിശേഷങ്ങൾ അന്വേഷിക്കുന്നതിനൊപ്പം സീറ്റിൽ അടുത്തിരിക്കുന്ന മാന്യവസ്ത്രധാരിയായ സുമുഖന്റെ വിരലുകൾ എന്റെ തുടയിൽ നിർബാധം ഇഴയുന്നു. ചിലപ്പോൾ അമരുന്നു. തൊട്ടടുത്ത സീറ്റുകളിൽ അച്ഛനും അമ്മയുമൊക്കെ ഇരിക്കുമ്പോഴും ഒന്ന് ഒച്ച വെക്കാൻ പോലുമാകാതെ തരിച്ചിരുന്ന ആ അരമണിക്കൂർ യാത്ര. ബസിൽ നിന്നിറങ്ങി ഇടവഴിയിലൂടെ ടോർച്ച് വെട്ടത്തിൽ നടക്കുമ്പോൾ ഇരുട്ടിൽ ആർക്കും മുഖം കൊടുക്കാതെ ഞാൻ ബസിൽ നടന്നത് വിവരിച്ച് തീരും മുമ്പേ, ഒരു സേഫ്റ്റി പിൻ കൈയ്യിൽ കരുതണം എന്ന് പറഞ്ഞത് കൂടെയുണ്ടായിരുന്ന എന്റെ കസിനാണ്. ടൗണിലേ സ്കൂളിൽ ഏഴിലോ എട്ടിലോ പഠിക്കുന്ന അവളന്ന് ബസിലായിരുന്നു സ്ഥിരം യാത്ര.

രണ്ടാമത്തേ അനുഭവം നാട്ടിലെ ഒരു ബാർബർ ഷോപ്പിൽ വെച്ചാണ്. മുടി വെട്ടലിന്റെ ഇടവേളകളിൽ അയാളുടെ കൈകൾ എന്റെ സ്വകാര്യ ഭാഗങ്ങളിൽ പരതി കൊണ്ടിരുന്നു. മുടി വെട്ടാനായി കാത്തിരിക്കുന്നവരിൽ ചില പരിചിത മുഖങ്ങൾ കണ്ടെങ്കിലും ശബ്ദിക്കാതെ കണ്ണുമടച്ചിരുന്ന പത്തിരുപത് മിനിട്ടുകൾക്ക് കുറേയേറെ വർഷങ്ങളുടെ ദൈർഘ്യമായിരുന്നു.

കാമ്പയിനിന്റെ ഭാഗമായി ഫേസ്ബുക്ക് ചുവരിൽ കുറിച്ചിട്ട അനുഭവങ്ങൾ വായിക്കുമ്പോൾ ഞാനനുഭവിച്ചതൊന്നും ഒന്നുമല്ലെന്ന് മനസ്സിലാകുന്നു. ഒരു പെണ്ണിന്റെ അനുഭവങ്ങൾ ആണിന്റേതുമായി താരതമ്യപ്പെടുത്തുന്നതിന്റെ അർത്ഥശൂന്യതയുമറിയാം. എന്നാൽ ഇവിടെ നടക്കുന്ന ലൈംഗികാതിക്രമണത്തിന്റെ “magnitude” ആർക്കൊക്കെയോ മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുമ്പോൾ നാം മറന്ന് കൂടാത്ത ഒന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ നമ്മളെ, നമ്മുടെ പോസ്റ്റുകളെ, പിന്തുടരുന്ന ഇളം തലമുറയെ. ഈ ലോകം ജീവിക്കാൻ കൊള്ളാത്ത ഒന്നാണെന്ന് നാമവരോട് പറയാതെ പറയുകയല്ലേ? “Good touch” എന്നും “Bad touch” എന്നും സ്പർശനങ്ങളെ വേർതിരിച്ച് പഠിപ്പിക്കുമ്പോഴും എല്ലാ സ്പർശനവും “Bad” ആണെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരരക്ഷിതാവസ്ഥയിലേക്ക് നാമവരെ തള്ളിവിടുകയല്ലേ? സത്യം പറഞ്ഞാൽ ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ഒരു പെൺകുഞ്ഞിനെ, അവളെത്രയും പ്രായം കുറഞ്ഞവളാണെങ്കിലും, മടിയിലിരിക്കാൻ വിളിക്കാനുള്ള ധൈര്യം എനിക്കിന്നില്ല. ഇനി അഥവാ ഞാൻ വിളിച്ചാലും കുഞ്ഞിനെ തരാനുള്ള ധൈര്യം അതിന്റെ അച്ഛനമ്മമാർക്കുണ്ടാവില്ല എന്നുറപ്പ്.

ഇളം തലമുറക്ക് അവരുടെ ചുറ്റുമുള്ള അപകടാവസ്ഥയുടെ “magnitude” മനസ്സിലാക്കി കൊടുക്കുന്നതിനുമുപരി, നേരവും കാലവും സ്ഥലവും സമ്മതവും നോക്കാതെയുള്ള ഇത്തരം തൊടലും തലോടലും പിച്ചലും പറച്ചിലുമൊക്കെ “ഒരു പട്ടി കടിക്കാനോടിച്ചു” എന്ന് പറയുന്ന ലാഘവത്തോടെ വീട്ടിലും സ്കൂളിലും വന്ന് പറയാനുള്ള അന്തരീക്ഷവും അവബോധവും സൃഷ്ടിക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്യേണ്ടത്? ഇത്തരം അതിക്രമങ്ങൾ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം അവർക്ക് ഉണ്ടാക്കിയെടുക്കുകയല്ലേ വേണ്ടത്? ഇല്ലെങ്കിൽ മറ്റേതൊരു കാമ്പയിനും പോലെ ആഴ്ചകളുടെ ആയുസ്സ് മാത്രമേ ഇതിനുമുണ്ടാവുകയുള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ആകാതിരിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com