സമരത്തിന് വഴങ്ങുന്ന സര്‍ക്കാര്‍ : സനീഷ് ഇളയടത്ത് എഴുതുന്നു

Sharing is caring!

“ഈ വിഷയത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെയും സഭയെയും ഏറ്റവുമേറെ അധിക്ഷേപിക്കുന്ന വാട്‌സാപ്പ് എഴുത്തുകള്‍ ഞാന്‍ വായിച്ചത് സംഘീസുഹൃത്തുക്കള്‍ തയ്യാറാക്കിയവയാണ്”

മാധ്യമ പ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് എഴുതുന്നു 

 

സമരത്തിന് വഴങ്ങുന്ന സര്‍ക്കാര്‍ എന്നത് മനോഹരമായൊരു ജനാധിപത്യസംഗതിയാണ്. ‘നിങ്ങളവിടെക്കിടന്ന് സമരം ചെയ്യ്, ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകും’ എന്ന ധാര്‍ഷ്ട്യം അധികാരത്തിലിരിക്കുന്നവര്‍ പ്രകടിപ്പിക്കുമ്പോഴാണ് കാര്യങ്ങള്‍ പരമബോറാകുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ ആ രീതിയല്ല സ്വീകരിച്ചത് എന്നത് അവരെക്കുറിച്ചുള്ള പോസിറ്റീവായ ധാരണയെ ശക്തിപ്പെടുത്തുന്നു. പൊലീസ് അന്വേഷണം നേരായ വഴിക്കാണ് പോകുന്നത് എന്ന ഹൈക്കോടതി നിലപാട് അവിടെ കിടക്കുന്നുണ്ട്. ആ നിലപാടെടുത്ത് വീശി ‘കണ്ടോ , ഞങ്ങള്‍ക്ക് ലൈസന്‍സുണ്ട്’ എന്ന് മസില് പിടിക്കാനൊന്നും അക്കൂട്ടര്‍ നിന്നില്ല.

സര്‍ക്കാരിന്റെ ഭാഗമായ ഒരാളും കന്യാസ്ത്രീകളായ സമരക്കാരെക്കുറിച്ച് ഒരു മുരടനക്കം കൊണ്ട് പോലും അവമതിപ്പ് പ്രകടിപ്പിച്ചില്ല. പ്രതിപക്ഷനേതാക്കള്‍ മൗനം കൊണ്ട് തടി കയിച്ചലാക്കാന്‍ ശ്രമിച്ചപ്പോള്‍, ‘ഞങ്ങള്‍ സമരക്കാര്‍ക്കൊപ്പം തന്നെയാണ്’ എന്ന് മന്ത്രിമാര്‍ പരസ്യമായിത്തന്നെ പറഞ്ഞു. അറസ്റ്റ് വൈകി എന്നത് ശരിയാണ്. പക്ഷെ അതിനും അയാളെ രക്ഷിക്കാനായിട്ടില്ല എന്ന് അറസ്റ്റ് രേഖപ്പെടുത്തിയതോടെ സ്ഥാപിക്കപ്പെടുകയും ചെയ്തു.

സമരം നടന്നത് കൊണ്ട് മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത് എന്ന് സര്‍ക്കാര്‍ വിമര്‍ശകരുടെ നിലപാടില്‍ തന്നെ നിന്നാണ് ഈ എഴുത്ത്. അതാണ് ശരിയെങ്കില്‍ ഈ സര്‍ക്കാര്‍ സമരത്തിന് വഴങ്ങുകയാണല്ലോ ചെയ്തിരിക്കുന്നത്. ഒരു ജനാധിപത്യസമൂഹത്തില്‍ സമരക്കാരെ അധിക്ഷേപിക്കാതെ , അവരോട് അധികാരത്തിന്റെ മസില് പിടിക്കാതെ ,ആ സമരത്തിന് വഴങ്ങുന്നൊരു സര്‍ക്കാര്‍ പോസിറ്റീവായ സംഗതിയല്ലാതെ മറ്റെന്താണ്?.അക്കാര്യം മനസ്സില്‍ വെച്ച് പിണറായി സര്‍ക്കാരിന് സമരങ്ങളില്‍ വിശ്വസിക്കുന്ന ഒരു പൗരനെന്ന നിലയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍.

1. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി സമരക്കാരായ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു എന്ന് പലരും പലയിടത്ത് പറയുന്നത് കേട്ടു. ദേശാഭിമാനി ലേഖനം വായിച്ചപ്പോള്‍ ഞാനതില്‍ അങ്ങനെയൊന്നും കണ്ടില്ല. സിപിഎമ്മിന് പങ്കെടുക്കാനാകാത്ത , എന്നാല്‍ ന്യായം തന്നെയുമായ ഒരു സമരത്തില്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യം വിളിക്കുന്ന സംഘങ്ങളെയാകെ കോടിയേരി ബാലകൃഷ്ണന്‍ അഭിനന്ദിക്കുകയാണ് ചെയ്യുക എന്ന് വിചാരിച്ച നിഷ്‌കളങ്കര്‍ക്ക് ഒരു പക്ഷേ അതിലൊരു അത്ഭുതവും രോഷവുമൊക്കെ തോന്നിയിട്ടുണ്ടാകണം. എനിക്ക് തോന്നിയില്ല. കന്യാസ്ത്രീകളോട് ബഹുമാനക്കുറവ് കാണിക്കുന്ന ഒന്നും ആ നിലപാടില്‍ ഇല്ല, ആ സമരത്തിന് പിന്തുണ കൊടുക്കുന്നവരോടുണ്ട് താനും.അതിലെന്ത് അസ്വാഭാവികത ?

2. സമരത്തോട് ചേര്‍ന്ന് വര്‍ഗീയതയുടെ കളി ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെയും സഭയെയും ഏറ്റവുമേറെ അധിക്ഷേപിക്കുന്ന വാട്‌സാപ്പ് എഴുത്തുകള്‍ ഞാന്‍ വായിച്ചത് സംഘീസുഹൃത്തുക്കള്‍ തയ്യാറാക്കിയവയാണ്. അവ അവയുടെ പണി ചെയ്യുന്നുണ്ടായിരുന്നു.അതൊന്നും കാര്യമാക്കണ്ട എന്നുള്ളവര്‍ക്ക് അങ്ങനെ. പക്ഷെ അത് കാര്യമായെടുക്കുന്നവര്‍ക്ക് ആ ഭാഗത്ത് കൂടെ നോക്കേണ്ടതായി വരും. അത് നോക്കുമ്പോഴും അപകടമില്ലാതെ കാര്യങ്ങളെ ഇവിടം വരെയെത്തിച്ച സര്‍ക്കാരിനോട് എനിക്ക് ഒരിഷ്ടം തോന്നുന്നുണ്ട്.

3. എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധരായ ധീരറിബലുകള്‍ ഈ പോസ്റ്റിനെ പുച്ഛിക്കാനുള്ള സാധ്യത വലുതായി കാണുന്നുണ്ട്. അത്തരക്കാരെ മുന്‍കൂറായി തിരിച്ചും പുച്ഛിച്ചിരിക്കുന്നു. ഇത് എഴുതിയിട്ടാല്‍ പിന്നെ ഒരു പക്ഷെ കമന്റെഴുതാനൊന്നും സമയം
കിട്ടിയെന്ന് വരില്ല, അതാണ് മുന്‍കൂറായിട്ട് അത് ഇവിടെ ഇടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com