മതാസനം – സി രവിചന്ദ്രന്‍
മലയാളത്തിലെ പ്രമുഖ സുവിശേഷ പത്രികയായ മലയാള മനോരമയുടെ മുന്‍പേജില്‍ ഇന്ന് (22.6.16, കൊല്ലം എഡിഷന്) വന്ന ഒരു വര്‍ണ്ണചിത്രവും വാര്‍ത്തയും കാണേണ്ടത് തന്നെ. ധ്യാനനിമഗ്നരായി ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന ഒരു കൂട്ടം യോഗാഭ്യാസികള്ക്കിടയില് കൈകള്‍ കൂപ്പാതെ, മിഴികള്‍ വാടാതെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ കെ ശൈലജ ഇരിക്കുന്നു! എന്താ കൊടുംപാതകം..! ‘അനിഷ്ടാസനം’ എന്നാണ് പത്രം അതിനു കൊടുത്ത ഓമനപ്പേര്!! ശൈലജ മാത്രം അനിഷ്ടം കാണിച്ചു, ശൈലജ മാത്രം തിരിഞ്ഞിരുന്നു, യോഗത്തില്‍ കീര്‍ത്തനം ഉള്‍പ്പെടുത്തിയതിന് ശൈലജ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു, തുടങ്ങിയ ആരോപണങ്ങളും പത്രം മന്ത്രിക്കെതിരെ നിരത്തുന്നു. ”ഈ പണി ഇവിടെ അവസാനിക്കണം, എല്ലാവരും മതവഴി സ്വീകരിക്കണം, മന്ത്രിയായാലും മതത്തിന് മേല്‍ പറക്കരുത്” എന്ന വാശിയാണ് മനോരമയുടെ ഈ രോഷപ്രകടനത്തിന് പിന്നില്‍. ‘കീര്ത്തിക്കുന്നവര്ക്കും കീര്ത്തിക്കാത്തവര്ക്കും’ ജീവിക്കാനുള്ള നാടാണിതെന്ന മന്ത്രിയുടെ വിശദീകരണമൊന്നും അത്ര ശരിയല്ലെന്നാണ് പത്രം പറഞ്ഞുവെക്കുന്നത്.
യോഗാരംഭം ‘കീര്‍ത്തിക്കണം’, എങ്കിലേ യോഗയുടെ ഫലംകിട്ടൂ എന്നാണ് വാദമെങ്കില്‍ ആയത് മതേതരവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഒരുവശത്ത് യോഗ മതപരമല്ലെന്ന വ്യാജപ്രചരണം സംഘടിപ്പിക്കുകയും അതേസമയം അത് മതപരമായിതന്നെ ആചരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നതിലെ കാപട്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. യോഗ മാത്രമല്ല മിക്ക മതഗ്രന്ഥങ്ങളും ആചാരങ്ങളും ലോകത്തെ സര്‍വജനത്തിനും വേണ്ടിയുള്ളതാണല്ലോ!! മത സംഘര്‍ഷങ്ങളുടെയും പരമതദ്വേഷത്തിന്റെയും അടിസ്ഥാനം തന്നെ അതാണല്ലോ!! ജാതി-മത വ്യത്യാസമില്ലാതെ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ ജൈവദൈവങ്ങള് ഉത്സാഹിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല!
കൈകൂപ്പി വ്യത്യസ്തമതക്കാര്ക്ക് അവരവരുടെ ദൈവത്തെ ധ്യാനിക്കാമെന്നാണ് പത്രം പറയുന്നത്. പക്ഷെ കൈകള്‍ കൂപ്പി ഔട്ടര്‍ സ്പേസുമായി നേരിട്ട് ബന്ധപ്പെടുന്ന ഭാവത്തില്‍ കണ്ണുകളടയ്ക്കണം! എങ്കില്‍പ്പിന്നെ എന്തുകൊണ്ട് അവിശ്വാസികള്‍ക്ക് അവരുടെ രീതികള്‍ അനുവര്‍ത്തിച്ചുകൂടാ എന്നാണ് മന്ത്രി ചോദിച്ചത്. അതെന്ത് രീതി എന്നു പരിഹസിക്കാന്‍ വരട്ടെ. ചുറ്റുമുള്ള ഭൂരിപക്ഷവും പുകവലിക്കുമ്പോള്‍ താല്പര്യമില്ലാത്തവര് എന്തുചെയ്യുമോ അതാണ് മന്ത്രി ചെയ്തത്. അത് തുറന്നുപറയാനുള്ള ചങ്കുറ്റം അവര്‍ കാണിക്കുകയുംചെയ്തു. പഴയ ‘അളിയന്ചോദ്യം’ ആവര്‍ത്തിക്കേണ്ടി വരുന്നു: നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം അനുഷ്ഠിച്ചാല്‍ പോരെ? മറ്റുള്ളവരും ചെയ്യണമെന്ന ശാഠ്യമെന്തിന്? കീര്ത്തിക്കാതിരിക്കുന്ന ആള് ഏകാഗ്രത നശിപ്പിക്കുന്നു എന്ന പരാതിയുണ്ടോ? എങ്കില്‍ ധ്യാനവേളയില്‍ നിങ്ങളുടെ കണ്ണുകള്‍ ശരിക്കും എവിടെയാണ്?
കീര്‍ത്തനമാണോ പ്രധാനം, വ്യായാമ മുറകളാണോ? അഭ്യാസങ്ങള്‍ പരിഹാസ്യമായ രീതിയില്‍ തെറ്റിച്ച് ചെയ്ത ഭരണാധികാരികളുടെ പടം വന്നിട്ടുണ്ട്. ജനം അതൊക്കെ ഒരു തമാശയായേ കണ്ടിട്ടുള്ളൂ. അപ്പോഴൊന്നും അവര്‍ എന്തോ പാതകം ചെയ്തു എന്നരീതിയില്‍ സുവിശേഷ മാധ്യമങ്ങള്‍ വിലപിച്ചു കണ്ടിട്ടില്ല. മനോരമയുടെ മതരോഷം ചങ്ങലയ്ക്കിടപ്പെടേണ്ട അന്യായമാണ്. തങ്ങളുടെ ലോകവീക്ഷണവുമായി പൊരുത്തപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു വ്യക്തിയെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രസ്തുത വാര്ത്തയുംചിത്രവും. ”ഞങ്ങള്‍ മതക്കാരെല്ലാം ഒന്നിച്ച് നിന്ന് രാജ്യത്ത് മതമേവ ജയതേ നടപ്പാക്കും” എന്ന ഫാസിസ്റ്റ് നിലപാടാണത്.
പൊതുപരിപാടികളിലും സ്ക്കൂള് അസംബ്ലികളിലും നടത്തുന്ന പ്രാര്‍ത്ഥനകളുടെ കാര്യവും സമാനമാണ്. പ്രാര്‍ത്ഥിക്കാന്‍ താല്പര്യമില്ലാത്തവരും പ്രാര്‍ത്ഥനാഗാനത്തിലെ ദൈവസങ്കല്പ്പവുമായി പൊരുത്തപ്പെടാനാവാത്തവരുംകൂടി എഴുന്നേറ്റ് നില്‍ക്കണം, കൈകള്‍ കൂപ്പണം… എന്നൊക്കെയുള്ള വാശി പരക്കെയുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പം കൂടിയാല്‍ ”അവിശ്വാസയാണെന്നൊക്കെയാണ് അവകാശവാദം, പക്ഷെ പ്രാര്‍ത്ഥനയോടെ തുടങ്ങിയാല്‍ ഗുണമുണ്ടെന്നറിയാം, നിരീശ്വരവാദിയാണെങ്കില്പ്പിന്നെ പ്രാര്‍ത്ഥനാ ചടങ്ങില്‍ എഴുന്നേറ്റ് നിന്നതെന്തിനാ? അപ്പോള്‍ അത്രയേ ഉള്ളൂ..!!” എന്നു പരിഹസിക്കുന്നവര്തന്നെ എഴുന്നേല്ക്കാതിരുന്നാല് ”നോക്കണേ, വിശിഷ്ടവ്യക്തികള്വരെ എഴുന്നേറ്റുനിന്നു, അഹങ്കാരിയും ധിക്കാരിയുമായ അവന് മാത്രം അനിഷ്ടാസനം നടത്തി. ഇത് വിശ്വാസികളെയും സദസ്സിനെയും അപാമാനിക്കലാണ്…”എന്ന മറുവാദം ഉന്നയിക്കും.!
ഒരു മതേതരരാജ്യത്ത് മതവിശ്വാസം സ്വകാര്യമായിരിക്കണം. അത് പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കരുത്. പ്രാര്ത്ഥിക്കണമെന്നുള്ളവര്ക്ക് എന്തുകൊണ്ട് ചടങ്ങിന് അല്‍പ്പം മുമ്പത് സ്വകാര്യമായി ചെയ്തുകൂടാ? പുകവലിക്കാര്‍ പോലും കാണിക്കുന്ന സാമാന്യമര്യാദയാണത്. എന്തിന് താല്പര്യമില്ലാത്തവരെകൂടി എഴുന്നേല്പ്പിക്കുന്നു.? ചുറ്റുമുള്ളവര്‍ മദ്യവും ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കുമ്പോള്‍ മതലഹരിക്കാര് കൂടെക്കൂടുമോ, മാറിനില്‍ക്കുമോ? നാസ്തികര്‍ക്ക് പ്രാമുഖ്യമുള്ള ഒരു സമ്മേളനത്തില്‍ ഏതെങ്കിലും വിശ്വാസി വിശ്വാസവിരുദ്ധ പ്രതിജ്ഞ ചൊല്ലാന്‍ തയ്യാറാവുമോ.? വിശ്വാസത്തെ നിരാകരിക്കുന്ന ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് ആദരവും ഐക്യദാര്‍ഡ്യവും പ്രകടിപ്പിക്കുമോ? അങ്ങനെ ചെയ്യുന്നത് പ്രയാസകരവും അപാമനകരവുമായി തോന്നുന്നെങ്കില്‍ പിന്നെന്തിന് പൊതുവേദിയില്‍ വെച്ച് ആവശ്യമില്ലാത്തവരുടെ വായിലേക്ക് മതം കുത്തി ചെലുത്താന്‍ ശ്രമിക്കുന്നു.? പ്രാര്‍ത്ഥനാസമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ അതേ വേദിയില്‍ വെച്ച് പരിഹസിച്ച് മതവെറി പ്രകടിപ്പിക്കുന്നവരും അപൂര്‍വമല്ല. ഇതൊക്കെ തിരിച്ചു സഹിക്കാനാവുമോ എന്ന ചോദ്യമാണ് സ്വയം ചോദിച്ച് നോക്കേണ്ടത്. അവനവന് സഹിക്കാനാവാത്തത് അന്യര്‍ക്കും പ്രയാസകരമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് സംസ്ക്കാരവും ജനാധിപത്യബോധവും നാമ്പിടുന്നത്.

മന്ത്രി മാത്രം ‘കീര്ത്തിക്കാതിരുന്നു’ എന്നാണ് മനോരമയുടെ കൂറ്റന്‍ പരിഭവം! മന്ത്രി മാത്രമേ ഉണ്ടായിരുന്നുവെന്ന് എങ്ങനെ ഉറപ്പിക്കും? ഏതൊരു സദസ്സ് എടുത്താലും ഇത്തരം കാര്യങ്ങളില്‍ എതിര്‍ക്കുന്നവരോ താല്പര്യമില്ലാത്തവരോ ആയി ഒരു ന്യൂനപക്ഷം ഉണ്ടാകും എന്നുറപ്പാണ്. ഭൂരിപക്ഷ ഭീകരത ഉണ്ടാക്കുന്ന സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പലരും വഴങ്ങുന്നത്. 2007 ല്‍ നടന്ന കോളേജ് അദ്ധ്യാപകരുടെ ഒരു ഇന്‍-സര്‍വീസ് പരിശീലന പരിപാടി ഓര്‍ക്കുന്നു. ക്ലാസ്സ് തുടങ്ങുന്നത് മൗനപ്രാര്‍ത്ഥനയോടെ ആകണമെന്ന് കണ്‍വീനര്‍ക്ക് നിര്‍ബന്ധം. ആദ്യദിവസം പുള്ളി അജണ്ട വ്യക്തമാക്കിയപ്പോള്‍ 51 പേരുള്ള ക്ലാസ്സില്‍ ഞാനൊഴികെ എല്ലാവരും എഴുന്നേറ്റുനിന്നു മൗനപ്രാര്‍ത്ഥന നടത്തി. പിറ്റേദിവസം ഇതേ നമ്പരിട്ടപ്പോള് എഴുന്നേല്‍ക്കാത്തവര്‍ 12 പേരുണ്ടായിരുന്നു. അതോടെ പുള്ളിക്കാരന് പ്രാര്‍ത്ഥന ഉപേക്ഷിച്ചു!
മതകീര്ത്തനവും സങ്കീര്‍ത്തനവുമായി കാലംകഴിക്കുന്ന ടീമുകളുടെ മാനസികശാന്തിയും ഏകാഗ്രതയേയും ഏറെ വിശദീകരിക്കാതിരിക്കുന്നതാണ് ഭംഗി. പക്വതയും ആത്മനിയന്ത്രണവും അയലത്തുകൂടിപോലും പോയിട്ടില്ലാത്തവരാണ്
ഘോരഭക്തരിലും (‘മതപണ്ഡിതരി’ലും) മഹാഭൂരിപക്ഷവും. സത്യത്തില്‍ ഭക്തിയുടെ അടിസ്ഥാനം ഇത്തരം മാനസികചപലതകളും ശമനമില്ലാത്ത ഭൗതികാസക്തിയുമാണ്. തീര്‍ച്ചയായും വ്യായാമം നല്ലതാണ്. എല്ലാ വ്യായാമങ്ങള്‍ക്കും അനുഷ്ഠിക്കുന്ന കായികാദ്ധ്വാനത്തിന്റെ തോത് അനുസരിച്ചുള്ള പ്രയോജനവും ലഭിക്കും. യോഗ വലിയ അദ്ധ്വാനം ആവശ്യമില്ലാത്ത ഒരു ഉപരിവര്ഗ്ഗവ്യായാമമാണ്. തൊഴില്‍പരമായ കായികാദ്ധ്വാനം, ഓട്ടം, ഫുട്ബോള്‍, നീന്തല്‍, സൈക്കിളിംഗ് തുടങ്ങിയവ പോലുള്ളവയുടെ ഗുണമൊന്നും ലഭിക്കില്ലെങ്കിലും ഒന്നുംചെയ്യാതിരിക്കുന്നതിനെക്കാള് ഭേദം യോഗയാണ് – അപകടകരമായ മുറകള്‍ അവലംബിക്കാതിരുന്നാല്‍.
പക്ഷെ യോഗ മാത്രമാണ് വാഴ്ത്തപ്പെടുന്നത്.! മറ്റ് വ്യായാമങ്ങള്‍ക്കൊന്നും വലിയ മാന്യത ലഭിക്കാറില്ലെന്ന് മാത്രമല്ല പൊതുവെ കായികവിരുദ്ധമാണ് പൊതുമനസ്സ്. റിയാലിറ്റി ഷോകളിലും കലോല്‍സവങ്ങളിലും പങ്കെടുക്കാനായി ലക്ഷങ്ങള്‍ മുടക്കി പരിശീലനം നല്‍കുന്നവര്‍പോലും മക്കള്‍ കായികരംഗത്തേക്ക് തിരിയുമ്പോള്‍ നെറ്റിചുളിക്കുന്നു! ഉയര്‍ന്ന സാമൂഹിക-സാമ്പത്തിക പരിസരത്തുനിന്നും വരുന്ന കുട്ടികള്‍ കായികംരംഗത്ത് പൊതുവെ കുറവാണ്. അതേസമയം കലാരംഗത്തും ഗ്ലാമര്‍ വ്യവസായത്തിലും പിന്നോക്കക്കാരെ ഏറെ കാണാനുമില്ല. കായികരംഗത്ത് പോയാല്‍ കറുത്തുപോകും എന്നാണ് പലരുടെയും പരാതി!
കലാരംഗത്ത് തിളങ്ങുന്നവരെ ആരാധന കൊണ്ടു വീര്‍പ്പുമുട്ടിക്കുന്ന സമൂഹമനസ്സിന് കായികതാരങ്ങളോട് വലിയ മതിപ്പില്ല. തുക്കടാ സിനിമാതാരവും ഒളിമ്പ്യനും പങ്കെടുക്കുന്ന വേദിയില്‍ ജനം താലോലിക്കുന്നത് സിനിമാതാരത്തെയായിരിക്കും. സിനമാതാരമാണ് താരം! കായികതാരം വെറും തമോഗര്‍ത്തം! അന്താരാഷ്ട്രരംഗത്ത് ഇന്ത്യന്‍താരങ്ങള്‍ ദയനീയപ്രകടനം കാഴ്ചവെക്കുമ്പോള്‍ ”ഇവരെ അയക്കുന്നതിന്റെ പണമെടുത്ത് അന്നദാനം നടത്തിയിരുന്നെങ്കില്‍ പുണ്യമെങ്കിലും കിട്ടിയേനെ” എന്നു പുച്ഛിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുളള നാടാണിത്. എന്താണ് സ്റ്റേഡിയം എന്ന് ചോദിച്ചാല്‍ ഡ്രൈവിംഗ് പരീശീലനവും സുവിശേഷ സമ്മളനങ്ങളും രാഷ്ട്രീയ-വ്യാപരമേളകളും നടത്താനുള്ള സ്ഥലലം എന്ന് ഉത്തരം എഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്ന സംസ്ഥാനത്ത് ഇതൊന്നും അത്ഭുതമല്ല. പണിയെല്ലാം അന്യസംസ്ഥാന തൊഴിലാളികളെ ഏല്‍പ്പിച്ച് തീറ്റയ്ക്കായി പാണ്ടിലോറികളെയും കാത്തിരിക്കുന്ന ഒരു ജനതയ്ക്ക് എല്ലാത്തരം കുറുക്കുവഴികളുംതൊട്ടുതേപ്പുകളും ആകര്‍ഷകമായി തീരുക സ്വാഭാവികം മാത്രം.
– സി രവിചന്ദ്രന്‍