മമ്മൂട്ടിക്ക് അറിയാം ആറ്റുകാല്‍ ക്ഷേത്രത്തില്‍ പോകേണ്ടതിന്‍റെ പ്രാധാന്യം

Special reporter 

“സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണല്ലേ..?”
“ഉം..”
അയാള്‍ കുറച്ച് നേരം വിതൂരതയിലേക്ക് നോക്കി നിന്നു.
“പണ്ട് ഞാന്‍ നിന്‍റെ വീട്ടില്‍ വന്നാല്‍ സൗഹൃദം. ഇന്ന് മതസൗഹാര്‍ദ്ദം, അല്ലേ..”

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയും കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മിലുണ്ടായ സംഭാഷണം ആണിത്. ഏറെ വൈറലായ ഒരു നിമിഷം. ഒരു കലാകാരന്‍റെ സമൂഹത്തെ കുറിച്ചുള്ള ആകുലതകള്‍ മമ്മൂട്ടിയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നു.

കഴിഞ്ഞദിവസം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച നടത്തുന്ന കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായി മമ്മൂട്ടി തിരുവനന്തപുരത്ത് എത്തി. മോശമായ സോഷ്യല്‍ കണ്ടീഷനില്‍ മമ്മൂട്ടി ആറ്റുകാല്‍ ക്ഷേത്രത്തിലെത്തുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്.

ചുള്ളന്‍ ചെറുക്കനായി കൂളിംഗ് ഗ്ലാസ് വെച്ച മമ്മൂക്ക തിരുവനന്തപുരം വന്ന് ഇറങ്ങിയത് മുതല്‍ പരിപാടികള്‍ കഴിഞ്ഞ് തിരികെ പോകും വരെ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്നു. രാജ 2 വിന്‍റെ ലൊക്കേഷനില്‍ നിന്നും രാജ ആയി തന്നെയാണ് അദ്ദേഹം വന്നതും. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്റ്റൈലന്‍ ഫോട്ടോകള്‍ക്കും ക്യാപ്ഷനുകള്‍ക്കും താര ആരാധനകള്‍ക്കും അപ്പുറം മമ്മൂട്ടി നൽകുന്ന ഒരു സന്ദേശമുണ്ട്. അത്തരത്തിൽ ഒരു കലാകാരന്‍റെ സാമൂഹ്യ പ്രതിബന്ധത വിളിച്ചോതുന്ന തരത്തിലുള്ള പ്രസംഗം തന്നെയാണ് മമ്മൂട്ടി ഇന്നലെ ആറ്റുകാലില്‍ നടത്തിയതും.

“ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങള്‍ പരത്തട്ടേയെന്ന് ഞാനാഗ്രഹിക്കുന്നു. മനുഷ്യന്‍റെ പരസ്പര സ്നേഹത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും നിമിഷങ്ങളായി ഇതുമാറട്ടെ. ഒന്നിന്‍റെയും അതിര്‍വരമ്പുകളില്ലാതെ മനുഷ്യന്‍ പരസ്പരം സ്നേഹിക്കുന്ന ഒരു നല്ല നാളുകള്‍ ഉണ്ടാകട്ടെ.” മമ്മൂട്ടി ഇത് ആറ്റുകാല്‍ ക്ഷേത്രമുറ്റത്ത് നിന്ന് പറയുമ്പോള്‍ അത് വലിയൊരു സന്ദേശമാവുകയാണ്. ഒരു കലാകാരന് മാത്രം സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന സന്ദേശം.

“ഇതുപോലെ ഒരേയൊരു ലക്ഷ്യത്തിലേക്ക്, ആഗ്രഹത്തിലേക്ക് ഇത്രയും ആളുകള്‍ കൂടുകയും മനസ്സുനിറഞ്ഞ് ദേവിയെ അല്ലെങ്കില്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു അവസരം എന്ന് പറയുമ്പോള്‍ ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത്.?

എല്ലാം മറന്ന് പരസ്പരം സ്നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിത്. ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങള്‍ പരത്തട്ടേയെന്ന് ഞാനാഗ്രഹിക്കുന്നു. മനുഷ്യന്‍റെ പരസ്പര സ്നേഹത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും നിമിഷങ്ങളായി ഇതുമാറട്ടെ. ഒന്നിന്‍റെയും അതിര്‍വരമ്പുകളില്ലാതെ മനുഷ്യന്‍ പരസ്പരം സ്നേഹിക്കുന്ന ഒരു നല്ല നാളുകള്‍ ഉണ്ടാകട്ടെ.

എല്ലാ കലകളുടെയും ഉറവിടം ക്ഷേത്രങ്ങളാണെന്ന് പറയാറുണ്ട്. ക്ഷേത്രകലകള്‍ എന്ന കലാവിഭാഗം പോലും നമുക്കുണ്ട്. ഈ ക്ഷേത്രമുറ്റത്താണ് പല കലാകാരന്മാരും ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ ഈ ക്ഷേത്രത്തിന്‍റെ മുറ്റത്താണ് കലാകാരനെന്ന് ആഗ്രഹിക്കുന്ന ഞാനും നില്‍ക്കുന്നത്. കുറെ ദിവസങ്ങളോളം തയ്യാറെടുത്തിട്ടാണ് ഞാന്‍ ഈ പരിപാടിയിലേക്ക് വന്നത്. ഇത്രയും ആളുകളെ അഭിമുഖീകരിച്ച് ഞാന്‍ എന്ത് പറയുമെന്നായിരുന്നു ചിന്തിച്ചിരുന്നത്.

കഴിഞ്ഞ 38 വര്‍ഷങ്ങളായി പല രൂപത്തിലും പല ഭാവത്തിലും എന്നെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങളോട് എന്തുപറയാനാണ്. ഈ സ്നേഹം തന്നെയാണ് എനിക്ക് തിരിച്ചും ഉള്ളത്. പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന മനുഷ്യരാണ് ദീര്‍ഘകാലം ജീവിച്ചുപോകുന്നത്. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും സഫലമാകട്ടെ.” – മമ്മൂട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *