രേഷ്മ ഹീറോയാടാ.. ഹീറോ..
കോവിഡ് ബാധിച്ച രണ്ട് വൃദ്ധ ദമ്പതികൾ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയപ്പോൾ കേരളം കയ്യടിക്കുകയായിരുന്നു. എന്നാൽ അതിലേറെ അഭിമാനമുള്ള മറ്റൊരു വാർത്തയുണ്ട്. അത് രേഷ്മമയെന്ന ഹീറോയുടെ കഥയാണ്. വൃദ്ധ ദമ്പതികളെ പരിചരിച്ചതിന്റെ ഭാഗമായി കോവിഡ് പിടിപെട്ട് ചികിത്സയിലായിരുന്നു രേഷ്മയും. അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് രേഷ്മ കോവിഡിനെ തോൽപിച്ചത്. ഇനി 14 ദിവസം വീട്ടിലാണ്.
കേരളം ആശങ്കയോടെയാണ് ആദ്യമായി ഒരു നഴ്സിനും കോവിഡ് 19 ബാധിച്ചുവെന്ന വാർത്ത കേട്ടത്. ആരോഗ്യപ്രവർത്തകരിലേക്ക് പടർന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്ന ഭയം കേരളത്തെ പിടികൂടിയിരുന്നു. പക്ഷെ രേഷ്മ വളരെ വേഗത്തില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഇനിയും ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ ഇപ്പോൾ പറയുന്നത്. കോവിഡിന് എങ്ങനെ തോൽപിക്കാൻ കഴിയും രേഷ്മമാരുടെ കേരളത്തെ. ? കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ചതിന്റെ ഭാഗമായാണ് രേഷ്മയ്ക്ക് കോവിഡ് 19 പിടിപെട്ടത്. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെപ്പോലെയാണ് രേഷ്മ അവരെ പരിചരിച്ചത്.
മാര്‍ച്ച് 23ന് രേഷ്മയ്ക്ക് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല.
എറണാകുളം തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹന്‍ദാസ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന് എഞ്ചിനീയറാണ്. ഭര്‍ത്താവിന്റെ അമ്മയും വീട്ടിലുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന രേഷ്മയ്ക്ക് കേരളത്തിന്റെ സല്യൂട്ട്..