ശ്രീജിത്തിന്‍റെ കേസ് ഇനി കേന്ദ്രസര്‍ക്കാരും കോടതിയും നോക്കേണ്ടത് : എം.വി. ജയരാജൻ

Sharing is caring!

ചുരുക്കത്തിൽ എന്ത് ആവശ്യമാണോ സമരത്തിലൂടെ ഉന്നയിച്ചത് പ്രസ്തുത ആവശ്യങ്ങളിന്മേൽ ഒരു സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. സിബിഐ അന്വേഷിക്കുന്നതുവരെ സമരം തുടരുമെന്ന ശ്രീജിത്തിന്റെ പ്രഖ്യാപനം കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം മാത്രമാണ്. സി.ബി.ഐ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായതിനാല്‍ ഈ ആവശ്യമുന്നയിച്ചുള്ള സമരം ഇനിമുതല്‍ സി.ബി.ഐ ഓഫീസിന് മുന്നിലോ രാജ്ഭവന് മുന്നിലോ നടത്തുന്നതാവില്ലെ ഉചിതം..!?
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ എഴുതുന്നു..
ഏതൊരു സമരത്തിനും വ്യക്തമായ ലക്ഷ്യമാണ് അനിവാര്യമായും ഉണ്ടാവേണ്ടത്.  സെക്രട്ടറിയേറ്റിന് മുമ്പിൽ നടക്കുന്ന ശ്രീജിത്തിന്റെ സമരത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ ഈയടുത്തു വന്ന വിപുലമായ പ്രചരണമാണ്, 760 ദിവസങ്ങൾക്കുശേഷം സമരം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനിടയാക്കിയത്.  2014ൽ യുഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ ഒരു മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശ്രീജീവ് എന്ന ചെറുപ്പക്കാരൻ പാറശ്ശാലയിൽ പോലീസ് ലോക്കപ്പിൽ വെച്ച്  മർദ്ദനമേറ്റതിനെ തുടർന്ന് മരണപ്പെട്ടു എന്നതാണ് ഉയർന്നുവന്ന ആരോപണം.  ഏതുതരത്തിലുള്ള കേസായാലും പ്രതിയാണെന്ന് ആരോപിക്കപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമത്തിനു മുമ്പിൽ കൊണ്ടുവരാമെന്നല്ലാതെ തല്ലാനും കൊല്ലാനും പോലീസിന് അധികാരമില്ല.  പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ മുമ്പാകെ അതുകൊണ്ടുതന്നെ പരാതി ഉയർന്നുവന്നു.  2016 മെയ് 17ന് പോലീസ് കംപ്ലെയിന്റ് അതോറിറ്റി, മരണപ്പെട്ട ശ്രീജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരുടെ പേരിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ശുപാർശ ചെയ്തു.  കേസിന്റെ മെറിറ്റിലേക്കൊന്നും പോലീസ് കംപ്ലെയിന്റ് അതോറിറ്റി കടന്നുപോകുകയുണ്ടായില്ല. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ അന്നത്തെ യു.ഡി.എഫ്സര്‍ക്കാര്‍ തയ്യാറില്ലെന്ന് മാത്രമല്ല, യു.ഡി.എഫ് ഈ കുടുംബത്തെ തിരിഞ്ഞുനോക്കിയതുമില്ല. മാത്രമല്ല, അന്നത്തെ ആഭ്യന്തരമന്ത്രിയാവട്ടെ ശ്രീജിത്തിന്‍റെ സമരത്തെത്തന്നെ പരിഹസിക്കുകയാണ് ചെയ്തത്.
എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ,  പോലീസ് കമ്പ്ലെയിന്‍റ് അതോറിറ്റി ശുപാര്‍ശയനുസരിച്ച്, പാവപ്പെട്ട കുടുംബമായതുകൊണ്ടുതന്നെ 10 ലക്ഷം രൂപ  ഉടൻ നഷ്ടപരിഹാരമായി നല്‍കി. തുക ബന്ധപ്പെട്ട പോലീസുകാരിൽ നിന്നും ഈടാക്കണമെന്നും നിർദ്ദേശിച്ചു.  ഒപ്പം മറ്റ് കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചു.  നഷ്ടപരിഹാരത്തുക നൽകണമെന്ന ഉത്തരവിനെയും മറ്റു നടപടികളെയും ചോദ്യം ചെയ്തുകൊണ്ട് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിന്മേൽ  സ്‌റ്റേ നൽകുകയുണ്ടായി.  ഈ ഘട്ടത്തിലാണ് ശ്രീജിത്തും കുടുംബവും ഇന്നത്തെ മുഖ്യമന്ത്രിയെ കാണാൻ വരുന്നത്.  അന്ന് അവരുടെ ആവശ്യം സിബിഐ അന്വേഷണമായിരുന്നു.  നഷ്ടപരിഹാരം നൽകി കുടുംബത്തെ സഹായിച്ചതിന് അവർ നന്ദിയും രേഖപ്പെടുത്തി.
യു.ഡി.എഫിന്റെ കാലത്ത് നടന്ന സംഭവമായതുകൊണ്ടും ലോക്കപ്പ് മർദ്ദനം നടന്നിട്ടുണ്ടെങ്കിൽ അത് ന്യായീകരിക്കാനുള്ള ബാധ്യത എൽഡിഎഫിനില്ലാത്തതുകൊണ്ടും പോലീസിന് എതിരായി ഉയർന്നുവന്ന ആരോപണമായതിനാൽ സിബിഐ അന്വേഷണമാവും നല്ലത് എന്ന അഭിപ്രായത്തിൽ നിയമാനുസൃതം കേന്ദ്രത്തിലേക്ക് സംസ്ഥാന സർക്കാർ എഴുതുകയുണ്ടായി.  സിബിഐയുടെ കണ്ണിൽ പാറശ്ശാല സംഭവം അപൂർവ്വവും അസാധാരണവുമായ ഒരു കേസല്ല.  അതുകൊണ്ടുതന്നെ അവർ സിബിഐ അന്വേഷണം എന്ന ആവശ്യം തിരസ്‌കരിച്ചു.  സംസ്ഥാന സർക്കാർ ശ്രീജിത്തിനും കുടുംബത്തോടും ഒപ്പമായതിനാൽ കേസന്വേഷണം സിബിഐ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് വീണ്ടും കത്തെഴുതി.  ഇനി എന്താണ് പരിഹാരം?  സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ അല്ലെങ്കിൽ കോടതിയോ റഫർ ചെയ്ത കേസിൽ മാത്രമാണ് സിബിഐ അന്വേഷണം നടക്കുക.  സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ രണ്ട് മുഖ്യമായ ആവശ്യമാണ് ഉയർന്നുവന്നത്.  1) സിബിഐ കേസ് അന്വേഷിക്കണം.  2) ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി വേണം. മുഖ്യമന്ത്രി ഇത് രണ്ടിനോടും ശരിയായ നിലപാടാണ് സ്വീകരിച്ചത്.  സിബിഐ കേസ് അന്വേഷിക്കണമെങ്കിൽ ഹൈക്കോടതിയിൽ ബന്ധുക്കൾ റിട്ട് ഹരജി നൽകണം. അഡ്വ.കാളീശ്വരം രാജിനെ കേസ് ഏൽപിച്ചുവെന്ന് ബന്ധുക്കൾ മറുപടി പറഞ്ഞു.  ആ കേസിൽ സിബിഐ അന്വേഷണം വേണമെന്ന സർക്കാർ നിലപാട് കോടതിയെ അറിയിക്കുമെന്നും പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ശുപാർശകളിന്മേലുള്ള തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ പ്രസ്തുത സ്‌റ്റെ ഒഴിവാക്കിക്കിട്ടാൻ നിയമനടപടികൾ സ്വീകരിക്കാൻ എ.ജി.ക്ക് നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ വ്യക്തമാക്കുകയുണ്ടായി.  ശ്രീജിത്തിന്റെ അമ്മയെ പരിഹസിക്കുന്ന ചില പോലീസുകാർ പാറശ്ശാല പോലീസിലുണ്ടെന്ന ആക്ഷേപം ഉയർന്നുവന്നപ്പോൾ അതു സംബന്ധിച്ച് അന്വേഷിച്ച് നടപടിസ്വീകരിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ചുരുക്കത്തിൽ എന്ത് ആവശ്യമാണോ സമരത്തിലൂടെ ഉന്നയിച്ചത് പ്രസ്തുത ആവശ്യങ്ങളിന്മേൽ ഒരു സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.  എ.ജി.യെയും ഡിജിപിയെയും ചർച്ച കഴിഞ്ഞ ഉടൻ ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ചർച്ച കഴിഞ്ഞ് ഇറങ്ങിവന്ന ശ്രീജിത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത് മുഖ്യമന്ത്രി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തന്റെ സമരത്തോടൊപ്പമാണെന്നാണ്.  മുഖ്യമന്ത്രിയുമായി ചർച്ചനടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തുറന്നുപറയുകയുണ്ടായി.  ഇവിടെ എവിടെയാണ് തെറ്റിപ്പിരിയൽ?  സമരത്തിൽ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കുന്ന ഒരു സർക്കാരാണ് ഇന്നുകേരളത്തിലുള്ളത്.  അതുകൊണ്ട് തന്നെ സിബിഐ അന്വേഷിക്കുന്നതുവരെ സമരം തുടരുമെന്ന ശ്രീജിത്തിന്റെ പ്രഖ്യാപനം കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം മാത്രമാണ്. സി.ബി.ഐ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായതിനാല്‍ ഈ ആവശ്യമുന്നയിച്ചുള്ള സമരം ഇനിമുതല്‍ സി.ബി.ഐ ഓഫീസിന് മുന്നിലോ രാജ്ഭവന് മുന്നിലോ നടത്തുന്നതാവില്ലെ ഉചിതം..!?
എം.പി.മാരോട് കേന്ദ്രമന്ത്രിപറഞ്ഞാൽ മാത്രം സിബിഐ അന്വേഷണം ആരംഭിക്കാൻ കഴിയുമോ?  അതിനൊരു ഉത്തരവും അന്വേഷണസംഘവും വേണം.  18-7-2017നും 14-1-2018നും സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിയമാനുസൃതം കേന്ദ്രത്തിലേക്ക് എഴുതിയപ്പോൾ സാധിക്കില്ലെന്നും അപൂർവ്വവും അസാധാരണവുമായ കേസ് അല്ലാത്തതിനാൽ ഏറ്റെടുക്കാൻ കഴിയില്ലെന്നും മറുപടി പറഞ്ഞ സിബിഐക്ക് ഇപ്പോൾ രണ്ടുനാൾ കൊണ്ട് പാറശ്ശാല കേസ് അപൂർവ്വവും അസാധാരണവുമാണെന്ന് മനസ്സിലായോ?  അങ്ങനെയെങ്കിൽ ഇന്ന് കോടതിയിൽ കേസ്‌ വന്നപ്പോൾ സംസ്ഥാന സർക്കാർ ചർച്ചയിലെ വാഗ്ദത്തം പാലിച്ച് അനുകൂല നിലപാട്‌ സ്വീകരിച്ചപ്പോൾ, മറുപടി നൽകാൻ സമയം വേണമെന്ന് സി.ബി.ഐ അഭിഭാഷകൻ എന്തിനാണ്‌ അറിയിച്ചത്‌..?  സിബിഐ കൂട്ടിലിട്ട തത്ത തന്നെ.  കൂട്ടിലിട്ട തത്തയാണെങ്കിലും സിബിഐ അന്വേഷണം അടിയന്തിരമായി ആരംഭിക്കുകയും സെക്രട്ടറിയേറ്റിന് മുന്നിലുള്ള സമരത്തിന് പരിഹാരമുണ്ടാക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com