മധുവിനെ പട്ടിണിയുടെ രക്തസാക്ഷിയാക്കുന്നവരുടെ ലക്ഷ്യം എന്താണ് : എം ബി രാജേഷ്‌

Sharing is caring!

”ഇക്കൂട്ടര്‍ പ്രച്ചരിപ്പിച്ചപോലെ അവര്‍ മുഴുപ്പട്ടിണിയിലാണോ? അമ്മ മല്ലി അംഗന്‍വാടി ഹെല്‍പ്പര്‍. പ്ലസ്ടുവരെ പഠിച്ച ഒരു സഹോദരി അംഗന്‍വാടി വര്‍ക്കര്‍. ബി കോം പൂര്‍ത്തിയാക്കിയ മറ്റൊരു സഹോദരി പോലീസ് നിയമനം കാത്തിരിക്കുന്നു. ഒരു സഹോദരീഭര്‍ത്താവ് എക്കണോമിക്സ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്ക്. സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിയില്‍ വാഴക്കൃഷി. അടച്ചുറപ്പുള്ള വൈദ്യുതീകരിച്ച വീട്. ടീ വി, ഫോണ്‍ തുടങ്ങിയ സൌകര്യങ്ങളുള്ള ഭേദപ്പെട്ട സാഹചര്യം. പട്ടിണിയുടെ കഥകളെ കുടുംബം ഒന്നടങ്കം നിഷേധിച്ചു.”

മധുവിന്‍റെ ദാരുണ മരണം ഉപയോഗിച്ച് കേരളത്തെയാകെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് കുറച്ച് ദിവസങ്ങളായി നടന്നുവരുന്നത്. കേരളത്തിലെ ആദിവാസികള്‍ മുഴുവന്‍ പട്ടിണിയിലാണെന്നാണ് അതില്‍ പ്രധാന പ്രചരണം. അട്ടപ്പാടിയിലെ സ്ഥലം എംപി കൂടിയായ എം ബി രാജേഷ് മധുവിന്‍റെ വീട്ടിലെത്തി കുടുംബത്തോട് സംസാരിക്കുന്ന വീഡിയോ സഹിതം കേരളത്തിനെതിരെയുള്ള ഈ പ്രചരണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ്..

എം ബി രാജേഷ്‌ എം.പി

മധു ആള്‍ക്കൂട്ട ക്രിമിനലിസത്തിന്റെ രക്തസാക്ഷിയാണെന്ന വസ്തുത എല്ലാവര്‍ക്കുമറിയാം. അത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ ഉണ്ടായിട്ടുള്ളത്. അതില്‍ ആദിവാസി സമൂഹം തൃപ്തരുമാണ്. എന്നാല്‍, മധുവിനെ പട്ടിണിയുടെ രക്തസാക്ഷിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ രാഷ്ട്രീയ ലക്‌ഷ്യം എന്താണ്? വിക്റ്റര്‍ ഹ്യൂഗോയുടെ വിഖ്യാതമായ ‘പാവങ്ങളി’ലെ ജീന്‍വാല്‍ജീനാണോ മധു? വിശപ്പും പട്ടിണിയും താങ്ങാനാകാതെ ഭക്ഷണം മോഷ്ടിക്കാന്‍ ഇറങ്ങുന്ന അട്ടപ്പാടിയിലെ ആദിവാസി ജനതയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകളാല്‍ സമൃദ്ധമാണ് മാധ്യമങ്ങളും നവമാധ്യമങ്ങളും. മനോനില തകരാറിലായി, എല്ലാവരില്‍ നിന്നും അകന്ന്, ഉറ്റവര്‍ക്ക്‌ പോലും പിടികൊടുക്കാതെ ഏകാന്തമായ ജീവിതം നയിച്ച മധുവിന്റെ ദുരന്തം ഉയര്‍ത്തിയ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചു വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു ചിലര്‍ക്ക് വ്യഗ്രത. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരും ആള്‍ക്കൂട്ട ഹിംസയുടെ പ്രയോക്താക്കളുമായവര്‍ക്ക് ഇതെല്ലം മറച്ചുവച്ച് സര്‍ക്കാരിനെയും എം. പിയെയും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കലായിരുന്നു ലക്‌ഷ്യം. അതിനായി എന്തെല്ലാം പരിഹാസ നാടകങ്ങള്‍ ! സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചും പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചും അട്ടപ്പാടിയും കേരളവും സോമാലിയയെന്ന് സ്ഥാപിക്കാനുള്ള എന്തെല്ലാം ശ്രമങ്ങള്‍…. !! തലയും താടിയും നരച്ചു കഴിഞ്ഞിട്ടും ഔചിത്യമുദിച്ചിട്ടില്ലാത്ത ഒരു പ്രമുഖ നേതാവിന്റെ പ്രകടനം ഈ അസംബന്ധ നാടകങ്ങളുടെയാകെ പ്രതീകമായി തീര്‍ന്നിരുന്നല്ലോ. പട്ടിണിക്കാര്‍ക്ക് കഞ്ഞിപ്പാര്‍ച്ച നടത്തിക്കൂടേ എന്നൊക്കെ അട്ടപ്പാടി എന്തെന്നറിയാത്തവരൊക്കെ ഒഴിവുവേളയുടെ സുഖാലസ്യങ്ങളില്‍ അമര്‍ന്നിരുന്ന് ഫേസ്ബുക്കില്‍ ധാര്‍മ്മിക രോഷം കൊണ്ടു. “പശിയടങ്ങാത്ത മധുവിന്റെ കുടുംബത്തിന് ഭക്ഷണം കൊടുക്കെടാ” എന്ന് ആക്രോശം. ആക്രോശങ്ങളുടെ മുന്‍നിരയില്‍ മധുവിന്റെ മൃതശരീരം വച്ച് പരമാവധി മുതലെടുക്കാന്‍ രഹസ്യാഹ്വാനം മുഴക്കി സംഘടിതമായി രംഗത്തിറങ്ങിയ സംഘപരിവാര്‍……

ഇന്ന് രാവിലെ മധുവിന്റെ അമ്മ മല്ലി, സഹോദരിമാരായ സരസു, ചന്ദ്രിക, ചെറിയമ്മ മാരി എന്നിവരെ സന്ദര്‍ശിക്കുകയും അവരോടു വിശദമായി സംസാരിക്കുകയും ചെയ്തപ്പോള്‍ ചിലര്‍ നടത്തിയ പ്രചരണങ്ങളില്‍ നിന്നും എത്ര വ്യത്യസ്തമാണ് വസ്തുതയെന്ന് വ്യക്തമാകുന്നു. എന്താണ് മധുവിന്റെ കുടുംബത്തിന്റെ അവസ്ഥ? ഇക്കൂട്ടര്‍ പ്രച്ചരിപ്പിച്ചപോലെ അവര്‍ മുഴുപ്പട്ടിണിയിലാണോ? അമ്മ മല്ലി അംഗന്‍വാടി ഹെല്‍പ്പര്‍. പ്ലസ്ടുവരെ പഠിച്ച ഒരു സഹോദരി അംഗന്‍വാടി വര്‍ക്കര്‍. ബി കോം പൂര്‍ത്തിയാക്കിയ മറ്റൊരു സഹോദരി പോലീസ് നിയമനം കാത്തിരിക്കുന്നു. ഒരു സഹോദരീഭര്‍ത്താവ് എക്കണോമിക്സ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്ക്. സ്വന്തമായുള്ള ഒരേക്കര്‍ ഭൂമിയില്‍ വാഴക്കൃഷി. അടച്ചുറപ്പുള്ള വൈദ്യുതീകരിച്ച വീട്. ടീ വി, ഫോണ്‍ തുടങ്ങിയ സൌകര്യങ്ങളുള്ള ഭേദപ്പെട്ട സാഹചര്യം. പട്ടിണിയുടെ കഥകളെ കുടുംബം ഒന്നടങ്കം നിഷേധിച്ചു. മധു ഒന്‍പതു വര്‍ഷം മുന്‍പ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചുതുടങ്ങിയ ശേഷം വീടുവിട്ട് കാടുകയറുകയായിരുന്നു. ചികിത്സ ലഭ്യമാക്കാന്‍ വീട്ടുകാര്‍ പലതവണ ശ്രമിച്ചുവെങ്കിലും മധു അതിനൊന്നും ഒരിക്കലും വഴങ്ങിയില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്‍വെട്ടത്തുനിന്ന് അകന്നു കഴിയാനായിരുന്നു എപ്പോഴും ശ്രമിച്ചത്. മധുവിന് ചികിത്സ ലഭ്യമാക്കാനുള്ള കുടുംബത്തിന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിച്ച് സഹായം തേടിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. പതിനാറ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തതും കുടുംബത്തെ സഹായിക്കാനും നീതി ലഭ്യമാക്കാനും സ്വീകരിച്ച നടപടികളിലും അവര്‍ പൂര്‍ണ്ണ തൃപ്തി അറിയിച്ചു. പരാതികളൊന്നുമില്ലെന്ന് എന്നോട് പറഞ്ഞു. ‘രാഷ്ട്രീയ സ്പിന്‍ ബൌളര്‍മാര്‍’ കിണഞ്ഞു ശ്രമിച്ചിട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കാനായില്ല. റോഡുപണി പൂര്‍ത്തിയാക്കല്‍, കൃഷി സുഗമമാക്കാന്‍ ജലസേചന സൗകര്യം എന്നിങ്ങിനെ ചില ആവശ്യങ്ങള്‍ അവര്‍ എന്നോടുന്നയിച്ചു. നടപടികള്‍ വേഗത്തിലാക്കാമെന്ന് ഉറപ്പും കൊടുത്തു. സര്‍ക്കാരിനൊപ്പം സി പി ഐ (എം) പ്രവര്‍ത്തകരും അവര്‍ക്ക് താങ്ങായി നിന്നു.

അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തില്‍ നല്ല മാറ്റം വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധയുടേയും ഇടപെടലിന്റെയും ഫലമാണത്‌. എം പി എന്ന നിലയില്‍ ഇക്കാര്യങ്ങളിലെല്ലാം നേതൃത്വപരമായ പങ്കുവഹിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. തൊഴിലും വരുമാനവും കൃഷിയും ഉപജീവന മാര്‍ഗങ്ങളും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടായി. ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്നത് ശരിതന്നെ. കേരളത്തിന്റെ ഉയര്‍ന്ന ജീവിത നിലവാരത്തിനും സാമൂഹ്യ പുരോഗതിക്കുമൊപ്പമായിട്ടില്ല ഇപ്പോഴും ആദിവാസി സമൂഹം. എന്നാല്‍, ഇന്ത്യയിലെ മറ്റേത് ആദിവാസി മേഖലയേക്കാളും വളരെ മുന്നിലാണ് അട്ടപ്പാടി. കേരളത്തിന്റെ ശിശുമരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ അട്ടപ്പാടിയിലേത് കുറച്ചു ഉയര്‍ന്നതാണെങ്കിലും അഖിലേന്ത്യാ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് വളരെ കുറവാണ്. അട്ടപ്പാടിയിലെ അവശേഷിക്കുന്ന പ്രശ്നങ്ങള്‍കൂടി പരിഹരിക്കാനുള്ള സമഗ്രമായ ഒരു പരിപാടി ഒട്ടും വൈകാതെ തന്നെ ആവിഷ്കരിക്കും. അതിനുള്ള ചര്‍ച്ചകള്‍ ഈ സംഭവത്തിന്‌ മുന്നേതന്നെ ആരംഭിച്ചതുമാണ്. ഇരപിടിക്കാന്‍ പതുങ്ങിയിരിക്കുന്ന വേട്ടക്കാര്‍ മുതലെടുപ്പിനുള്ള അവസരങ്ങള്‍ക്കായി ആര്‍ത്തിയോടെ കാത്തിരിക്കട്ടെ. കിട്ടുന്ന അവസരങ്ങളില്‍ ചാടിവീണ് അസംബന്ധനാടകങ്ങള്‍ ആവര്‍ത്തിക്കട്ടെ. അതിനൊന്നും ചെവികൊടുക്കാതെ അട്ടപ്പാടിയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം തുടര്‍ന്നും പ്രതിബദ്ധതയോടെ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com