ഇനി വിവാഹവും കുടുംബശ്രീ നടത്തും
web desk
സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്ക് കുടുംബശ്രീയോളം വിജയിച്ച മറ്റൊരു സംരംഭം ലോകത്തില്ല. കേരളത്തിലെ സ്ത്രീകളില്‍ വലിയ മാറ്റം സൃഷ്ടിച്ച കുടുംബശ്രീ പ്രസ്ഥാനം പുതിയ മേച്ചില്പുറങ്ങള്തേടി സമൂഹത്തില്‍ മാതൃക സൃഷ്ടിക്കുകയാണ്. അതില്‍ ഏറ്റവും പുതിയതാണ് കുടുംബശ്രീ മാട്രിമോണിയല്‍.
വിവിധ ജാതി, മത അടിസ്ഥാനത്തില്‍ കേരളത്തില്‍ മാട്രിമോണിയല്‍ സംരംഭങ്ങള്‍ വിപുലമാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളില്‍ തട്ടിപ്പ് നടത്തുന്നവരും കുറവല്ല. നല്ല ബന്ധങ്ങൾ അന്വേഷിച്ച് മാട്രിമോണിയലുകാര്ക്ക് പണം നല്കി വഞ്ചിതരായവരും ഒരുപാടുണ്ട് കേരളത്തില്‍. ഇതിനെല്ലാം ഇനി കുടുംബശ്രീ പരിഹാരം കാണും. ജാതിയും, മതവും തരംതിരിക്കാത്ത, വലിയ ഫീസ് വാങ്ങാതെ സാധാരണക്കാര്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരിക്കും കുടുംബശ്രീയുടേത്.
2016 ല്‍ തൃശ്ശൂരിലാണ് കുടുംബശ്രീ മാട്രിമോണിയല്‍ ആരംഭിച്ചത്. സംസ്ഥാന സർക്കാർ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കും മാട്രിമോണിയല്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് രജീസ്ട്രേഷന്‍ സൗജന്യമാണ്. പുരുഷന്മാരില് നിന്നും വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയും അനുസരിച്ചായിരിക്കും ഫീസ് ഈടാക്കുക. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് 500 രൂപയും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് 750 രൂപയും ബിരുദവും അതിന് മുകളിലും യോഗ്യതയുള്ളവര്‍ക്ക് ആയിരം രൂപയുമായിരിക്കും രജിസ്ട്രേഷന് ഫീസ്.
സാധാരണ മാട്രിമോണിയല്‍ വഴി പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നീട് അന്വേഷണം കുടുംബത്തിന്റെ ചുമതലയാണ്. എന്നാല്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തവരുടെ മുഴുവന്‍ വിവരങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി നേരിട്ട് അന്വേഷിക്കാം.
ജാതി, മത ഭേദമന്യേ എല്ലാവര്ക്കും കുടുംബശ്രീ മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്യാം. www.kudumbashreematrimonial.com എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്. 2016 ല്‍ തൃശ്ശൂരില്‍ ആരംഭിച്ച മാട്രിമോണിയലില്‍ ഇതുവരെ 5300 പേര് രജിസ്റ്റര്‍ ചെയ്യുകയും 140 വിവാഹങ്ങള്‍ നടത്തുകയും ചെയ്തു.