ഫെബ്രുവരി മുതല്‍ എറണാകുളത്തേക്കും ഇ-ബസ്
വെബ് ഡസ്ക്
യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസിക്കും ഒരുപോലെ സംതൃപ്തി നല്കിയ ഇലക്ട്രോണിക് ബസുകള്‍ തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ ഓടാനൊരുങ്ങുന്നു. 10 വര്‍ഷത്തേക്ക് കെഎസ്ആര്‍ടിസി വാടകയ്ക്കെടുത്ത ഇലക്ട്രോണിക് ബസുകള്‍ പരീക്ഷണടിസ്ഥാനത്തില്‍ നഗരങ്ങളില്‍ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ശബരിമല സീസണില്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ വിജയകരമായ സര്‍വ്വീസ് നടത്തിയതോടെയാണ് ദീര്‍ഘദൂര സര്‍വ്വീസിലേക്കും ഇ ബസ് എത്തുന്നത്.
ഫെബ്രുവരി ഒന്ന് മുതല്‍ ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, കൊല്ലം, കായംകുളം, ഹരിപ്പാട്, ആലപ്പുഴ സ്റ്റോപ്പുകളോട് കൂടി എറണാകുളത്തേക്ക് ഇ ബസ് ഓടിത്തുടങ്ങും. കണ്ടക്ടര്‍ ഇല്ലാത്ത ഇ-ബസില്‍ കയറണമെങ്കില്‍ സ്റ്റോപ്പ് അനുവദിച്ച കേന്ദ്രങ്ങളില്‍ നിന്നും ടിക്കറ്റ് എടുക്കണം. 35 സീറ്റാണ് ബസിലുള്ളത്. ദീര്‍ഘദൂരം പോകുന്ന ബസുകളുടെ സീറ്റുകള്‍ പുഷ്ബാക്ക് ആക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബ്രേക്ക് ചെയ്യുമ്പോള്‍ തെന്നാത്തത് കൊണ്ടും വളവും, കയറ്റവും, ഇറക്കവുമൊന്നും യാത്രക്കാര്‍ അനുഭവിക്കില്ല എന്നത് കൊണ്ടും യാത്രാസുഖവും സുരക്ഷിതമാണ്. മുന്നിലും പിന്നിലും എയര്‍ സസ്പെന്ഷന്, ബക്കറ്റ് സീറ്റ്, കരുത്തുറ്റ ചട്ടക്കൂട്, ഡിസ്ക് ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവയാണ് ഇ-ബസിന്റെ പ്രത്യേകത.
ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനയിനത്തില്‍ ചെലവാകുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് ആറ് രൂപ മാത്രം മതി. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ അഞ്ച് ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോള്‍ കിലോമീറ്ററിന് 57 രൂപയിലധികം കെഎസ്ആര്‍ടിസിക്ക് ലാഭം കിട്ടിയിരുന്നു. വൈദ്യുതിനിരക്ക് കുറഞ്ഞ രാത്രി സമയത്താണ് ബസ് ചാര്‍ജ് ചെയ്യുക. നാല് മണിക്കൂറാണ് ചാര്‍ജിംഗ് സമയം. പുകമലിനീകരണം ഉണ്ടാകില്ല എന്നത് കൊണ്ട് തന്നെ ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണം ഇല്ലാതാകും.